ലോകഃയിലെ കിളിയേ കിളിയേ ട്രെന്‍ഡായതോടെ ഇളയരാജക്ക് ട്രോള്‍, 100 കോടി അടിച്ചാല്‍ അപ്പോ എന്‍ട്രിയുണ്ടാവുമെന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
ലോകഃയിലെ കിളിയേ കിളിയേ ട്രെന്‍ഡായതോടെ ഇളയരാജക്ക് ട്രോള്‍, 100 കോടി അടിച്ചാല്‍ അപ്പോ എന്‍ട്രിയുണ്ടാവുമെന്ന് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd September 2025, 11:11 am

തിയേറ്ററുകളെ ഇളക്കിമറിച്ചുകൊണ്ട് മുന്നേറുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഡൊമിനിക് അരുണ്‍ എന്ന യുവസംവിധായകന്‍ ഒരുക്കിയ സൂപ്പര്‍ ഹീറോയിന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പല റെക്കോഡുകളും തകര്‍ക്കുകയാണ്. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടാന്‍ ലോകഃക്ക് സാധിച്ചു.

പഴയകാല പാട്ടുകള്‍ പുതിയ സിനിമയില്‍ ഉപയോഗിക്കുന്ന രീതി ലോകഃയിലും ആവര്‍ത്തിക്കുന്നുണ്ട്. ആ രാത്രി എന്ന ചിത്രത്തില്‍ എസ്. ജാനകി ആലപിച്ച ‘കിളിയേ കിളിയേ’ എന്ന ഗാനമാണ് ലോകഃയില്‍ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചത്. തിയേറ്ററുകള്‍ ഇളക്കിമറിക്കാന്‍ ഈയൊരു റീമിക്‌സിന് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ ഇതോടെ ‘കിളിയേ കിളിയേ’ ട്രെന്‍ഡായി മാറി.

എന്നാല്‍ പാട്ട് ട്രെന്‍ഡായതിന് പിന്നാലെ മറ്റ് പല ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചിരിക്കുകയാണ്. പാട്ടിന്റെ റൈറ്റ്‌സ് വാങ്ങിയിട്ടാണോ ഇത് ഉള്‍പ്പെടുത്തിയതെന്നാണ് പലരും ചോദിക്കുന്നത്. താന്‍ കമ്പോസ് ചെയ്ത പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിച്ചാല്‍ കേസുമായി മുന്നോട്ടുപോകുന്ന ഇളയരാജയെ മെന്‍ഷന്‍ ചെയ്താണ് പല ട്രോളുകളും.

ചിത്രം 100 കോടി ക്ലബ്ബില്‍ കയറാന്‍ വേണ്ടി ഇളയരാജ കാത്തിരിക്കുകയാണെന്നും അപ്പോള്‍ അദ്ദേഹം കേസുമായി വരുമെന്നാണ് ചില പോസ്റ്റുകള്‍. ചിത്രം ഹിറ്റാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുടെ കൂട്ടത്തില്‍ ഇളയരാജയുമുണ്ടെന്നും ചിലര്‍ തമാശരൂപത്തില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു. 42 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ പാട്ട് ഇന്നും പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ് ലോകഃയിലൂടെ.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെയും ഇളയരാജ കേസ് നല്‍കിയിരുന്നു. അദ്ദേഹം കമ്പോസ് ചെയ്ത ഗുണാ എന്ന ചിത്രത്തിലെ ‘കണ്മണീ അന്‍പോട് കാതലന്‍’ എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്‌സില്‍ പ്ലെയ്‌സ് ചെയ്തത് ചിത്രത്തിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു. പാട്ടിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയ മ്യൂസിക് കമ്പനിയില്‍ കോപ്പിറൈറ്റ് വാങ്ങിയെങ്കിലും ഇളയരാജ കേസുമായി മുന്നോട്ടുപോയിരുന്നു.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ തുടരും എന്ന ചിത്രത്തിലും ഇളയരാജയുടെ പാട്ടുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് കോപ്പിറൈറ്റ് വാങ്ങിയിട്ടാണ് ഉപയോഗിച്ചതെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും നിര്‍മാതാവ് രഞ്ജിത്തും വ്യക്തമാക്കി. ഏറ്റവുമൊടുവില്‍ ലോകഃയിലും ഇളയരാജയുടെ പാട്ടുകള്‍ ഇംപാക്ടുണ്ടാക്കിയതോടെ സംഗീതലോകത്തെ ‘രാജ’ താന്‍ തന്നെയാണെന്ന് ഇളയരാജ തെളിയിച്ചിരിക്കുകയാണ്.

നിലവില്‍ ബോക്‌സ് ഓഫീസില്‍ 66 കോടിയും കടന്ന് കുതിക്കുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍. ഈ വര്‍ഷം 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രമാണ് ലോകഃ. മലയാളത്തിന് പുറമെ തെലുങ്ക് വേര്‍ഷനും വന്‍ വരവേല്പാണ് ലഭിക്കുന്നത്. ഇതേ രീതിയില്‍ മുന്നോട്ടുപോയാല്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ 100 കോടി എന്ന നേട്ടവും ലോകഃ സ്വന്തമാക്കിയേക്കും.

Content Highlight: Vintage song composed by Ilayaraja in Lokah movie trending in Social media