മമ്മൂക്കയോട് കൂടിയപ്പോള്‍ അതൊന്നുകൂടി ഉറച്ചു; നല്ലൊരു ഭാവിയുണ്ടെന്ന് അദ്ദേഹം പറയും: വിനോദ് കോവൂര്‍
Entertainment
മമ്മൂക്കയോട് കൂടിയപ്പോള്‍ അതൊന്നുകൂടി ഉറച്ചു; നല്ലൊരു ഭാവിയുണ്ടെന്ന് അദ്ദേഹം പറയും: വിനോദ് കോവൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th June 2025, 3:06 pm

നാടകത്തിലൂടെ അഭിനയ രംഗത്തെത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ കലാകാരനാണ് വിനോദ് കോവൂര്‍. കോഴിക്കോട് ജില്ലയിലെ കോവൂര്‍ സ്വദേശിയായ അദ്ദേഹം മഴവില്‍ മനോരമയിലെ മറിമായത്തിലൂടെയാണ് ശ്രദ്ധേയനായത്.

മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിലെ എം 80 മൂസ എന്ന ടെലി സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും വിനോദ് തന്നെയായിരുന്നു. മൂസയെന്ന കഥാപാത്രം അദ്ദേഹത്തിന് മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കി.

കേരള സര്‍ക്കാരിന്റെ കേരളോത്സവ നാടകമത്സരത്തില്‍ തുടര്‍ച്ചയായി നാലുവര്‍ഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ആദാമിന്റെ മകന്‍ അബു, പുതിയ തീരങ്ങള്‍, 101 ചോദ്യങ്ങള്‍, വല്ലാത്ത പഹയന്‍ ഉള്‍പ്പെടെയുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് പറയുകയാണ് വിനോദ് കോവൂര്‍. സിനിമയില്‍ ഏറെ അടുപ്പം മമ്മൂട്ടിയുമായാണെന്നും കുറഞ്ഞ ചിത്രങ്ങളിലേ ഒന്നിച്ച് അഭിനയിച്ചുള്ളൂവെങ്കിലും നല്ല ആത്മബന്ധം അദ്ദേഹവുമായുണ്ടെന്നും വിനോദ് പറയുന്നു.

‘സിനിമയില്‍ ഏറെ അടുപ്പം മമ്മൂക്കയുമായാണ്. കുറഞ്ഞ ചിത്രങ്ങളിലേ ഒന്നിച്ച് അഭിനയിച്ചുള്ളൂവെങ്കിലും നല്ല ആത്മബന്ധം അദ്ദേഹവുമായുണ്ട്. എന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത് അദ്ദേഹമാണ്.

അതുപോലെ കാര്‍ വാങ്ങിക്കാനും വീടുവെക്കാനുമൊക്കെ പറഞ്ഞതും അദ്ദേഹം തന്നെ. പിന്നെ ചെറുപ്പം മുതല്‍ ലഹരിയോട് നോ പറഞ്ഞ ഒരാളാണ് ഞാന്‍. മമ്മൂക്കയോട് കൂടിയപ്പോള്‍ അത് ഒന്നുകൂടി ഉറച്ചു. തെറ്റായതൊന്നും പാടില്ലെന്നും നല്ലൊരു ഭാവിയുണ്ടെന്നും അദ്ദേഹം പറയും,’ വിനോദ് കോവൂര്‍ പറയുന്നു.

എം 80 മൂസ എന്ന ജനപ്രിയ പരമ്പരയെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. അതുവരെ എല്ലാ പരമ്പരകളും പറഞ്ഞിരുന്നത് പണക്കാരന്റെ വീട്ടിലെ പ്രശ്‌നങ്ങളായിരുന്നെന്നും പാവപ്പെട്ടവന്റെ വീട്ടിലേക്ക് അതുവരെ ഒരു സീരിയലും ക്യാമറ തുറന്നിരുന്നില്ലെന്നും വിനോദ് പറഞ്ഞു.

മറിമായം, എം 80 മൂസ എന്നീ പരമ്പരകളാണ് എന്നെ ജനപ്രിയനാക്കുന്നത്. മറിമായം എന്ന പരമ്പരയില്‍ എല്ലാ കഥാപാത്രങ്ങളും ഒരുപോലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി. അതിന് ശേഷമാണ് എം 80 മൂസ വരുന്നത്.

ഞാന്‍ ചെയ്ത മൂസ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്. നിഷ്‌കളങ്കതയായിരുന്നു ആ പരിപാടിയുടെ അടയാളം. അതുവരെ എല്ലാ പരമ്പരകളും പറഞ്ഞിരുന്നത് പണക്കാരന്റെ വീട്ടിലെ പ്രശ്‌നങ്ങളായിരുന്നു.

പാവപ്പെട്ടവന്റെ വീട്ടിലേക്ക് അതുവരെ ഒരു സീരിയലും ക്യാമറ തുറന്നിരുന്നില്ല. അതിന് കളറില്ല എന്നതാണ് കണ്ടെത്തിയ കാരണം. എന്നാല്‍ മുസ എന്ന ഏഴാം ക്ലാസുവരെ പഠിച്ച മീന്‍ വില്‍പ്പനക്കാരന്റെ കുടുംബകഥ പറഞ്ഞപ്പോള്‍ ജനം അത് ഏറ്റെടുത്തു,’ വിനോദ് കോവൂര്‍ പറയുന്നു.

Content Highlight: Vinod Kovoor Talks About Mammootty