ലാലേട്ടന്റെ ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാമുക്കോയക്ക് സംസാരിക്കാന്‍ പോലും വയ്യായിരുന്നു: വിനോദ് കോവൂര്‍
Entertainment
ലാലേട്ടന്റെ ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാമുക്കോയക്ക് സംസാരിക്കാന്‍ പോലും വയ്യായിരുന്നു: വിനോദ് കോവൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th April 2025, 5:18 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് മാമുക്കോയ. നാടകത്തിലൂടെ സിനിമയിലെത്തിയ മാമുക്കോയ നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. മലയാളത്തിന് പുറമെ തമിഴിലും മാമുക്കോയ തന്റെ സാന്നിധ്യമറിയിച്ചു. മാമുക്കോയയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ വിനോദ് കോവൂര്‍.

മാമുക്കോയയുമായി അവസാനം വര്‍ക്ക് ചെയ്തത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓളവും തീരവും എന്ന സിനിമയിലായിരുന്നെന്ന് വിനോദ് കോവൂര്‍ പറഞ്ഞു. ആ ചിത്രം ചെയ്യുന്ന സമയത്ത് മാമുക്കോയക്ക് വയ്യായിരുന്നെന്നും വല്ലാതെ അവശനായിരുന്നെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു. ശബ്ദമൊക്കെ പോയ അവസ്ഥയയായിരുന്നെന്നും ആരോടും സംസാരിക്കാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്നും വിനോദ് കോവൂര്‍ പറയുന്നു.

ഷൂട്ടിനിടയില്‍ ശാരീരിക അസ്വസ്ഥത തോന്നിയതുകൊണ്ട് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നെന്നും അദ്ദേഹത്തിന്റെ ഷൂട്ട് പകുതിക്ക് നിര്‍ത്തേണ്ടി വന്നെന്നും വിനോദ് കോവൂര്‍ പറഞ്ഞു. പിറ്റേദിവസമാണ് അദ്ദേഹം ഷൂട്ടിന് വന്നതെന്നും ശബ്ദമൊക്കെ തീരെയില്ലാതായെന്നും വിനോദ് കോവൂര്‍ കൂട്ടിച്ചേര്‍ത്തു.

തന്നോട് കോഴിക്കോട് എന്തൊക്കെയാണ് വിശേഷങ്ങളെന്ന് ചോദിക്കുമായിരുന്നെന്നും താനതിന് മറുപടി നല്‍കിയെന്നും വിനോദ് പറഞ്ഞു. വോയിസ് റെസ്റ്റ് പറഞ്ഞതുകൊണ്ട് ഒന്നും സംസാരിക്കണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ അതൊന്നും കുഴപ്പമില്ലെന്ന് മാമുക്കോയ മറുപടി നല്‍കിയെന്നും വിനോദ് കോവൂര്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു വിനോദ് കോവൂര്‍.

‘മാമുക്കോയയുമായി ഞാന്‍ ലാസ്റ്റ് അഭിനയിച്ച പടം ഓളവും തീരവും ആയിരുന്നു. പ്രിയദര്‍ശന്‍ സാര്‍ ചെയ്ത റീമേക്ക് പടമായിരുന്നു അത്. തൊടുപുഴയിലായിരുന്നു ഷൂട്ട്. ആ സമയത്ത് തന്നെ മാമുക്കോയക്ക് തീരെ വയ്യായിരുന്നു. അവശതയുടെ ഇടയിലും പുള്ളി ആ പടത്തില്‍ അഭിനയിച്ചു. ശബ്ദമൊക്കെ പോയ അവസ്ഥയിലായിരുന്നു മാമുക്ക.

ഷൂട്ടിന്റെ ഇടയ്ക്ക് വയ്യാതായതുകൊണ്ട് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. അടുത്ത ദിവസം ഡിസ്ചാര്‍ജായി വീണ്ടും ഷൂട്ടില്‍ ജോയിന്‍ ചെയ്തു. അധികം സംസാരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് വോയിസ് റെസ്റ്റ് നിര്‍ദേശിച്ചിരുന്നു. പക്ഷേ, പുള്ളി എന്നോട് ‘കോഴിക്കോട് എന്തൊക്കയുണ്ട് വിശേഷങ്ങള്‍’ എന്നൊക്കെ ചോദിച്ചു. അധികം സംസാരിക്കാന്‍ പാടില്ലെന്ന് ഓര്‍മിപ്പിച്ചെങ്കിലും പുള്ളി അത് കാര്യമാക്കിയില്ല,’ വിനോദ് കോവൂര്‍ പറഞ്ഞു.

Content Highlight: Vinod Kovoor shares the memories about Mamukkoya