ദുല്‍ഖര്‍ ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സന്തോഷവും ആവേശവുമാണ്; ചെയ്തതില്‍ ആ സിനിമ കൂടുതല്‍ ഇഷ്ടം: വിനേഷ് ബംഗ്ലാന്‍
Malayalam Cinema
ദുല്‍ഖര്‍ ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സന്തോഷവും ആവേശവുമാണ്; ചെയ്തതില്‍ ആ സിനിമ കൂടുതല്‍ ഇഷ്ടം: വിനേഷ് ബംഗ്ലാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th December 2025, 4:52 pm

പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന നിലയില്‍ കുറുപ്പാണ് തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട വര്‍ക്കുകളില്‍ ഒന്നെന്ന് വിനേഷ് ബംഗ്ലാന്‍. ആ സിനിമയില്‍ വ്യത്യസ്ത കാലഘട്ടങ്ങളെ മികവോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു ബംഗ്ലാന്‍.

വിനേഷ് ബംഗ്ലാന്‍ Photo: Vinesh banglan / x.com

‘ ധാരാളം സെറ്റുകളൊരുക്കി സീനുകള്‍ ഉണ്ടാക്കുന്നതിന് പകരം ലഭ്യമായ വസ്തുക്കളും കെട്ടിടങ്ങളുമൊക്കെ ഉപയോഗിച്ച് സീനുകള്‍ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ഞാന്‍ ചിന്തിക്കാറുള്ളത്. കുറുപ്പിലെ സെറ്റുകള്‍ക്ക് റെട്രോ സ്‌റ്റൈലാണ് നല്‍കിയത്.

പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മനോഹരമായ സെറ്റുകളൊരുക്കി അത് പ്രേക്ഷകര്‍ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ മുന്നേറാനുള്ള പ്രചോദനമാണ് ലഭിക്കുന്നത്,’ ബംഗ്ലാന്‍ പറഞ്ഞു.

കുറുപ്പ് ചെയ്യുന്നതിന് മുമ്പ് തന്നെ ദുല്‍ഖര്‍ സല്‍മാനെ പരിചയമുണ്ടെങ്കിലും സിനിമയുടെ ഷൂട്ടിങ് സമയത്താണ് സൗഹൃദമുണ്ടാകുന്നതെന്നും കൂടെ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകരുടെ ഓരോ വര്‍ക്കും ഡീറ്റെയിലിങ്ങുമൊക്കെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന വ്യക്തിയാണ് ദുല്‍ഖറെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ വര്‍ക്കുകള്‍ ഇഷ്ടപ്പെട്ടാല്‍ ദുല്‍ഖര്‍ അഭിനന്ദിക്കാറുണ്ടെന്നും കൂടെയുള്ളവരെ ചേര്‍ത്തു നിര്‍ത്തുന്നൊരാളാണ് ദുല്‍ഖറെന്നും ബംഗ്ലാന്‍ പറഞ്ഞു. വളരെ പോസിറ്റീവായിട്ട് മോട്ടിവേറ്റ് ചെയ്യുമെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സിനിമകളില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സന്തോഷവും ആവേശവുമാണെന്നും ബംഗ്ലാന്‍ കൂട്ടിച്ചേര്‍ത്തു.

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന പ്രൊഡക്ഷന്‍ ഡിസൈനര്‍മാരില്‍ ഒരാളാണ് ബംഗ്ലാന്‍. ലോകഃ, കാന്താര ചാപ്റ്റര്‍ വണ്‍, കുറുപ്പ് തുടങ്ങിയ സിനിമകളുടെ ലോകം സൃഷ്ടിച്ച ബംഗ്ലാന്‍ കമ്മാര സംഭവത്തിലൂടെ ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Vinesh Banglan says that Kurup is one of his favorite works as a production designer