സൂപ്പര്‍ സംവിധായകനപ്പുറം സൂപ്പര്‍ നടനാണ് അദ്ദേഹം; അന്ന് ഫഹദ് ഫാസിലിലും ഞാന്‍ ആ നടനെ കണ്ടു: വിനീത്
Entertainment
സൂപ്പര്‍ സംവിധായകനപ്പുറം സൂപ്പര്‍ നടനാണ് അദ്ദേഹം; അന്ന് ഫഹദ് ഫാസിലിലും ഞാന്‍ ആ നടനെ കണ്ടു: വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd July 2025, 4:17 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് വിനീത്. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

1985ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ 1986ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ ചിത്രമായ നഖക്ഷതങ്ങള്‍ ആണ് വിനീതിന് പ്രേക്ഷക ശ്രദ്ധ നേടികൊടുക്കുന്നത്.

സംവിധായകന്‍ ഫാസിലിന്റെ സിനിമകളിലും വിനീത് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. മികച്ച സംവിധായകന്‍ എന്നതിനപ്പുറം സൂപ്പര്‍ നടനും കൂടിയായാണ് ഫാസിലെന്ന് വിനീത് പറയുന്നു. ഓരോ സീന്‍ ചിത്രീകരിക്കുമ്പോഴും ഫാസിലും അസിസ്റ്റന്റുമാരും ചേര്‍ന്ന്, സീന്‍ അഭിനയിച്ച് കാണിച്ചുതരുമെന്നും തങ്ങള്‍ അത് നോക്കി അതുപോലെ പകര്‍ത്തിയാല്‍ മതിയെന്നും വിനീത് പറഞ്ഞു. മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ സൂക്ഷ്മചലനങ്ങളില്‍പോലും ഫാസിലെന്ന നടനെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാസിലിന്റെ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തോടെയാണ് ഡബ്ബിങ് താന്‍ സീരിയസായി ചെയ്യാന്‍ തുടങ്ങിയതെന്നും ആ സിനിമയില്‍ എട്ടുദിവസം എനിക്കുവേണ്ടി അദ്ദേഹം കൂടെ ഇരുന്നുവെന്നും വിനീത് പറയുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഫഹദ് ഫാസിലിനൊപ്പം പാച്ചുവും അത്ഭുതവിളക്കും, ധൂമം എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തപ്പോള്‍ താന്‍ അദ്ദേഹത്തിലും ഫാസില്‍ എന്ന അസാധാരണ ആക്ടറെ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു വിനീത്.

‘സൂപ്പര്‍ സംവിധായകന്‍ എന്നതിനപ്പുറം സൂപ്പര്‍ നടനുംകൂടിയായിരുന്നു പാച്ചിക്ക (ഫാസില്‍). ഓരോ സീന്‍ ചിത്രീകരിക്കുമ്പോഴും പാച്ചിക്കയും അസിസ്റ്റന്റുമാരും ചേര്‍ന്ന്, സീന്‍ അഭിനയിച്ച് കാണിച്ചുതരും. നമ്മള്‍ അത് നോക്കി അതുപോലെ പകര്‍ത്തിയാല്‍ മതി. ‘ജസ്റ്റ് ടു സേ എസ് പാച്ചിക്ക’ എന്നാണ് അഭിനയിക്കുമ്പോള്‍ ശോഭനപോലും പറഞ്ഞത്. ‘മണിച്ചിത്രത്താഴി’ലെ നാഗവല്ലിയുടെ സൂക്ഷ്മചലനങ്ങളില്‍പോലും പാച്ചിക്ക എന്ന നടനെ കാണാം.

മാനത്തെ വെള്ളിത്തേര്’ എന്ന ചിത്രത്തോടെയാണ് ഡബ്ബിങ് സീരിയസായി ചെയ്യാന്‍ തുടങ്ങിയത്. ആ സിനിമയില്‍ എട്ടുദിവസമാണ് എനിക്കുവേണ്ടി കൂടെ അദ്ദേഹം ഇരുന്നത്. മണിച്ചിത്രത്താഴ് ചെയ്യാനൊരുങ്ങുമ്പോള്‍ എന്നെ വിളിച്ചിരുന്നു. പക്ഷേ, ഞാന്‍ അന്ന് ഹരിഹരന്‍ സാറിന്റെ ‘പരിണയ’ത്തിന്റെ ടൈറ്റ് ഷെഡ്യൂളില്‍ കുടുങ്ങിപ്പോയി. വര്‍ഷങ്ങള്‍ക്കുശേഷം ഫഹദ് ഫാസിലിനൊപ്പം ‘പാച്ചുവും അത്ഭുതവിളക്കും’, ‘ധൂമം’ എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തപ്പോള്‍ ഞാന്‍ അവനിലും പാച്ചിക്ക എന്ന അസാധാരണ ആക്ടറെ കണ്ടു,’ വിനീത് പറയുന്നു.

Content Highlight: Vineeth talks about Director Fazil