മലയാളികള്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുള്ള ആളാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി തന്റെ കരിയര്‍ തുടങ്ങിയ വിനീത് ശ്രീനിവാസന്‍, ഇന്ന് മലയാളത്തിലെ ഒരു ഹിറ്റ് മേക്കര്‍ സംവിധായകനും നടനും നിര്‍മാതാവുമെല്ലാമാണ്. വിനീതിന്റെ ആദ്യ സംവിധാനം ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ ഏറ്റവും ഒടുവിലിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം വരെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയവയാണ്. തട്ടത്തിന്‍ മറയത്ത്, ഹൃദയം തുടങ്ങിയ സൂപ്പര്‍ഹിറ്റുകളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.
വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം, ഹൃദയം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായത് പ്രണവ് മോഹന്‍ലാലാണ്. ഇപ്പോള്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ആള്‍ക്കൂട്ടത്തില്‍ ഒരാളാകാന്‍ ആഗ്രഹിക്കുന്ന ആളാണ് പ്രണവ് മോഹന്‍ലാല്‍ എന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു.
മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി അയാള്‍ ഒന്നും ചെയ്യാറില്ലെന്നും എല്ലാവരും തനിക്ക് ചുറ്റും നില്‍ക്കണമെന്ന് ആഗ്രഹിക്കാറുമില്ലെന്ന് വിനീത് പറഞ്ഞു. ലൊക്കേഷനില്‍ പ്രണവ് ഇല്ലാത്ത സീനുകളാണെങ്കില്‍ അദ്ദേഹം ചിലപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലായിരിക്കുമെന്നും എന്നാല്‍ ഇടക്കൊക്കെ ക്യാമറയിലൂടെ നോക്കുമ്പോള്‍ ഇത് മോഹന്‍ലാല്‍ അല്ലേയെന്ന് തോന്നുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ചില സീനുകളില്‍ പ്രണവിന്റെ കണ്ണുകള്‍ തീക്ഷണമാകുമെന്നും പേടി തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് തോന്നിയിട്ടുള്ളത് ആള്‍ക്കൂട്ടത്തില്‍ ഒരാളാകുന്ന ആളാണ് പ്രണവ്. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി അയാള്‍ ഒന്നും ചെയ്യാറില്ല. എല്ലാവരും തനിക്ക് ചുറ്റും നില്‍ക്കണമെന്ന് ആഗ്രഹിക്കാറുമില്ല.
ലൊക്കേഷനില്‍ പ്രണവ് ഇല്ലാത്ത സീനുകളാണെങ്കില്‍ പുള്ളിക്കാരന്‍ ചിലപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലായിരിക്കും. ചിലപ്പോള്‍ ക്യാമറയ്ക്ക് അടുത്തു കാണും. പക്ഷേ, ക്യാമറക്കണ്ണിലൂടെ നോക്കുമ്പോള്‍ ലാലേട്ടന്‍ തന്നെയല്ലേ വരുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ചില സീനുകളില്‍ പ്രണവിന്റെ കണ്ണുകള്‍ തീക്ഷണമാകും. പേടി തോന്നും,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.