മലയാളികളുടെ പ്രിയ നടനാണ് ശ്രീനിവാസൻ. തിരക്കഥാകൃത്തായും സംവിധായകനായും മികച്ച സിനിമകൾ സമ്മാനിച്ച ശ്രീനിവാസൻ ആരോഗ്യപ്രശ്നങ്ങൾ കാരണം ഈയിടെ സിനിമയിൽ നിന്ന് ഒരിടവേളയെടുത്തിരുന്നു.
വീണ്ടുമൊരു സിനിമയിൽ അഭിനയിക്കുന്നത് മകൻ വിനീത് ശ്രീനിവാസനൊപ്പം കുറുക്കൻ എന്ന ചിത്രത്തിലായിരുന്നു. പ്രേക്ഷകർ വലിയ രീതിയിൽ കാത്തിരുന്ന ഒന്നായിരുന്നു ശ്രീനിവാസന്റെ ആ തിരിച്ചു വരവ്. പ്രായത്തിന്റേതായ അവശതകൾക്കിടയിലും ശ്രീനിവാസൻ ഇന്നും മലയാളികൾക്കിടയിൽ സജീവമാണ്.
ശ്രീനിവാസനെ കുറിച്ച് പറയുകയാണ് മകൻ വീനീത് ശ്രീനിവാസൻ. കുറുക്കൻ സിനിമയ്ക്ക് വേണ്ടിയാണ് അച്ഛൻ ഡയലോഗ് പഠിക്കുന്നത് താൻ ആദ്യമായി കാണുന്നത് എന്നാണ് വിനീത് പറയുന്നത്. ഈ പ്രായത്തിലും അച്ഛൻ അതെല്ലാം പഠിച്ചെടുത്ത് ഒറ്റ ടേക്കിൽ ഡയലോഗ് പറഞ്ഞ് കയ്യടി വാങ്ങുമ്പോൾ തനിക്ക് ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും വിനീത് ദി ഫോർത്തിനോട് പറഞ്ഞു.
‘കുറുക്കന് മുൻപ് ഞാൻ ഒരിക്കൽ പോലും അച്ഛൻ വീട്ടിലിരുന്ന് സിനിമയിലെ ഡയലോഗുകൾ പഠിക്കുന്നതോ ഓർത്തെടുക്കുന്നതോ ഞാൻ കണ്ടിട്ടില്ല. കാരണം വെറുതെയൊന്ന് പേപ്പർ എടുത്ത് നോക്കിയാൽ ഇവർക്കെല്ലാം ഡയലോഗ് ഓർമയിൽ നിൽക്കും. അത്ര എക്സ്പീരിയൻസുള്ള ആളുകളാണ് ആ ജനറേഷനിലെ പല അഭിനേതാക്കളും.
ലാലങ്കിളിനെ പറ്റിയെല്ലാം ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹമൊക്കെ പേപ്പർ ജസ്റ്റ് നോക്കുകയെ ഉള്ളു. രാജുവിനെ( പൃഥ്വിരാജ്) കുറിച്ചും അങ്ങനെ കേട്ടിട്ടുണ്ട്. ഡയലോഗ് പെട്ടെന്ന് കാണപാഠം പഠിക്കാൻ കഴിയുമെന്ന്.
അച്ഛനൊക്കെ അങ്ങനെ ഒരാളായിരുന്നു. പക്ഷെ ഇപ്പോൾ പ്രായമാവുമ്പോൾ സ്വാഭാവികമായി ഈ കാര്യത്തിലെല്ലാം ബുദ്ധിമുട്ട് തോന്നില്ലേ?
കുറേ സർജറിയും ഓപ്പറേഷനുമെല്ലാം കഴിഞ്ഞു നിൽക്കുന്ന സമയത്ത് ഞാൻ രാവിലെ ഒരു അഞ്ചരയ്ക്ക് എഴുന്നേൽക്കുമ്പോൾ അച്ഛൻ താഴെ നിന്ന് ഡയലോഗ് ഇങ്ങനെ ഉറക്കെ പറഞ്ഞ് പറഞ്ഞ് ഓർത്തെടുക്കുന്നത് കേൾക്കാം.
അതെല്ലാം കഴിഞ്ഞിട്ട് ഷൂട്ടിങ് സെറ്റിൽ പോയിട്ട് ഒറ്റ ടേക്കിൽ അച്ഛൻ ഡയലോഗ് ഡെലിവറി ചെയ്യും. ചുറ്റും കൂടി നിൽക്കുന്നവരെല്ലാം നല്ല കയ്യടിയായിരിക്കുമപ്പോൾ.