'മുകുന്ദനുണ്ണിയോ? അത് റിലീസായോ'; ഇൻ്റർവ്യൂ കാരണം ധ്യാനിന്റെ പടം എല്ലാവർക്കും അറിയാം: വിനീത് ശ്രീനിവാസൻ
Movie news
'മുകുന്ദനുണ്ണിയോ? അത് റിലീസായോ'; ഇൻ്റർവ്യൂ കാരണം ധ്യാനിന്റെ പടം എല്ലാവർക്കും അറിയാം: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd February 2023, 8:31 pm

ഇൻ്റർവ്യൂകളിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ ഇന്റർവ്യൂകൾക്കും ആരാധകർ ഏറെയാണ്. ധ്യാനിന്റെ അഭിമുഖത്തിലൂടെ സിനിമയുടേയും മറ്റു വിശേഷങ്ങളും പ്രേക്ഷകർ അറിയുന്നുണ്ടെന്നും എന്നാൽ മുകുന്ദനുണ്ണി റിലീസായ വിവരം അറിയാത്ത പലരുമുണ്ടെന്നും പറയുകയാണ് വിനീത് ശ്രീനിവാസൻ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു വിനീതിന്റെ പരാമർശം.

“ഒരിക്കൽ ​ഗൾഫിൽ പോയ സമയത്ത് ഒരു കടയിൽ കയറി ഭക്ഷണം കഴിക്കുകയായിരുന്നു. അങ്ങനെയിരിക്കെ കടയുടെ ഓണർ വന്നു. പുള്ളി അടുത്ത് വന്ന് ഏതാണ് പുതിയ പടം എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു മുകുന്ദനുണ്ണി അസോസിയേറ്റ്സ് ആണ് എന്ന്.

ഓണർ എന്നോട് ചോദിച്ചു മുകുന്ദനുണ്ണി അസോസിയേറ്റ്സോ, ഇറങ്ങിയോ എന്ന്. പടം ഇറങ്ങി ഒരുമാസം കഴിഞ്ഞിട്ടാണ് ഈ ചോദ്യം. ഞാൻ പറഞ്ഞു ഇറങ്ങി, ഒ.ടി.ടിയിൽ വരും അപ്പോ കണ്ടോളൂ എന്ന്. അതുകഴിഞ്ഞപ്പോഴേക്കും പുള്ളി എന്നോട് പറഞ്ഞു ധ്യാനിന്റെ വീകം റിലീസ് ആയിട്ടുണ്ട്. ഞാനാകെ ഷോക്ക ആയി, ധ്യാനിന്റെ വീകമോ!!

അദ്ദേഹം പറഞ്ഞു, ആ ധ്യാനിന്റെ വീകം, ഇന്റർവ്യൂവിൽ കണ്ടിരുന്നു എന്ന്. ഞാനപ്പോൾ മനസിൽ വിചാരിച്ചു ഈ പരിപാടി കൊള്ളാമെന്ന്,” വിനീത് പറഞ്ഞു.

കോളേജുകളിൽ പ്രൊമോഷൻ പരിപാടികൾക്ക് പോകുമ്പോഴുണ്ടാകുന്ന രസകരമായ അനുഭവവും വിനീത് പങ്കുവെക്കുന്നുണ്ട്.

” കോളേജുകളിലൊക്കെ പ്രൊമോഷൻ പരിപാടിക്ക് പോയാൽ രസമാണ്. ഒരിക്കൽ ഒരു കോളേജിൽ പ്രമോഷന് വേണ്ടി പോയി. നിറയെ ആളുകളാണ്. സ്റ്റേജിലും ഞാൻ നിൽക്കുന്ന സ്ഥലം ഒഴിച്ച് ചുറ്റും ആളുകളുണ്ട്. ഞാൻ മൈക്കിലൂടെ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്. എന്റെ മൈക്കിന് നല്ല ഡിലേയുണ്ട്. ഞാൻ പറഞ്ഞ് കുറച്ച് കഴിഞ്ഞാവും കേൾക്കുക.

അതിനിടക്ക് കോളേജിലെ രണ്ട് ​ഗ്രൂപ്പുകൾ തമ്മിൽ തെറിവിളിയായി. ഇവർ രണ്ടു ടീമും എന്റെ രണ്ട് സൈഡിലായാണ് നിൽക്കുന്നത്. ഞാൻ ഇവിടെ ഞങ്ങളുടെ സിനിമ വിജയിപ്പിക്കണം എന്ന് പറയുമ്പോൾ ഇവന്മാര് ഫുൾ തെറിയാണ്. രണ്ട് സൈഡിലെ തെറിവിളിയും എന്റെ സ്പീച്ചും എല്ലാം കൂടെ ഒരു പ്രത്യേക ഡിലേയിലാണ് ആളുകൾ കേൾക്കുന്നത്. ആകെ നാണംകെട്ട അവസ്ഥയിലായിരുന്നു ഞാനും പിള്ളേരും,” വിനീത് പറയുന്നു.

 

Content Highlight: Vineeth sreenivasan shares funny experience happened while a visit to gulf, says everyone knows dhyan from his interviews