മലയാളത്തില്‍ അധികം കണ്ടു ശീലിച്ചിട്ടില്ലാത്ത ഡാര്‍ക്ക് ഹ്യൂമര്‍ നല്ല രീതിയില്‍ ഉപയോഗിച്ച ചിത്രമായിരുന്നു 2022ല്‍ പുറത്തിറങ്ങിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ആര്‍ഷ ചാന്ദ്‌നി ബൈജു, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. സംവിധായകന്‍ അഭിക്ക് നിവിന്‍ പോളി അടക്കമുള്ള ഒരു അഭിനേതാക്കളുടെ ലിസ്റ്റ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഒരു നവാഗത സംവിധായകന്‍ ആയതുകൊണ്ട് അതില്‍ പലരുമായും നടന്നില്ലെന്നും വിനീത് പറയുന്നു.
തനിക്ക് അഭിനവിനെ മുന്നേ അറിയാമെന്നും മറ്റുള്ള അഭിനേതാക്കള്‍ക്ക് അത് ഇല്ലാത്തതുകൊണ്ട് മുകുന്ദന്‍ ഉണ്ണി പോലൊരു കഥ എങ്ങനെ വരുമെന്നുള്ള സംശയം ഉണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റിന്റെ സംവിധായകന്‍ അഭിക്ക് ഒരു വിഷ് ലിസ്റ്റ് ഉണ്ടായിരുന്നു. ഈ നടന്‍ അല്ലെങ്കില്‍ ആ നടന്‍ തന്റെ സിനിമയില്‍ വേണം എന്നുള്ളത്. അങ്ങനെ ഒരു നാല്- അഞ്ച് പേരുടെ ഓര്‍ഡര്‍ ഉണ്ടായിരുന്നു.
ആ ലിസ്റ്റില്‍ അവന് ആദ്യം ആഗ്രഹമുണ്ടായത് നിവിന്‍ വേണമെന്ന് ആയിരുന്നു. അത് നടക്കാതെ വന്നപ്പോള്‍ വേറെയൊരു ആക്ടറിനെ ട്രൈ ചെയ്തു. അതും നടക്കാതെ വന്നപ്പോള്‍ വേറൊരാളെ. സത്യത്തില്‍ ഒരു സംവിധായകന്‍ ഫെമിലിയര്‍ അല്ലെങ്കില്‍ ഇത് എങ്ങനെ വരും എന്നുള്ളതിന്റെ കുറിച്ച് ഒരു ഐഡിയ ഇല്ലാലോ, ഔട്ട് പുട്ട് എങ്ങനെ ആണെന്ന് അഭിനേതാക്കള്‍ക്ക് ഒരു ധാരണ ഇല്ലല്ലോ. അതുകൊണ്ടൊക്കെ ആയിരിക്കാം അവര്‍ ആദ്യം നോ പറയുന്നത്.
അഭി എന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളതുകൊണ്ടും കുറെ നാളായിട്ട് ഞങ്ങള്‍ തമ്മില്‍ ഇന്‍ട്രാക്ഷന്‍ ഉള്ളതുകൊണ്ടും എനിക്ക് അവനെ അറിയാം. എന്റെ സിനിമയുടെ ട്രെയ്ലേഴ്സ് കട്ട് ചെയ്തിട്ടുള്ളത് അഭിയാണ്. തിരയുടെ ട്രെയ്ലര്‍ അഭിയാണ് കട്ട് ചെയ്തത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെയും അവനാണ് ചെയ്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുള്ള പരിചയവും അല്ലാതെയുള്ള സൗഹൃദവും ഉണ്ട്. എനിക്ക് അഭിയെ കുറച്ചുകൂടെ അറിയാം. അതില്ലാത്ത സമയത്ത് അഭിനേതാക്കള്‍ക്ക് കുറച്ചുകൂടി ബുദ്ധിമുട്ടാണ്. ഒരു നവാഗതനായ സംവിധായകന്‍ വരുമ്പോള്‍ അയാള്‍ ഇത് എങ്ങനെയാണ് ചെയ്യുക എന്നുള്ളത് ജഡ്ജ് ചെയ്യാന്‍ കഴിയില്ലല്ലോ. അതും മുകുന്ദന്‍ ഉണ്ണി പോലൊരു കഥ. പെട്ടന്ന് പറയുമ്പോള്‍ അത് കിട്ടണമെന്നില്ല,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.