ഒറിജിനല്‍ വേര്‍ഷന്‍ കാണാതെയാണ് അച്ഛന്‍ ആ പ്രിയദര്‍ശന്‍ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്: വിനീത് ശ്രീനിവാസന്‍
Entertainment
ഒറിജിനല്‍ വേര്‍ഷന്‍ കാണാതെയാണ് അച്ഛന്‍ ആ പ്രിയദര്‍ശന്‍ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th February 2025, 11:58 am

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപാട് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍- ശ്രീനിവാസന്‍ എന്നിവരുടേത്. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ടില്‍ അരം+അരം= കിന്നരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ബോയിങ് ബോയിങ്, അക്കരെയക്കരെയക്കരെ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ പിറവിയെടുത്തു.

മോഹന്‍ലാല്‍, മുകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബോയിങ് ബോയിങ്. 1985ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയില്‍ ഒന്നാണ്. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍.

ബോയിങ് ബോയിങ് എന്ന പേരിലുള്ള ഇംഗ്ലീഷ് ചിത്രത്തിന്റെ റീമേക്കായാണ് പ്രിയദര്‍ശന്‍ ഈ മലയാളചിത്രം ഒരുക്കിയതെന്ന് വിനീത് പറഞ്ഞു. എന്നാല്‍ ആ സിനിമ പ്രിയദര്‍ശന്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും വേറെയാരും കണ്ടിട്ടില്ലെന്ന് വിനീത് കൂട്ടിച്ചേര്‍ത്തു. ഷൂട്ടിനിടയിലാണ് ശ്രീനിവാസന്‍ ആ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയതെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഓരോ സീനിന് മുമ്പും പ്രിയദര്‍ശന്‍ എന്താണ് മനസില്‍ കാണുന്നതെന്ന് ശ്രീനിവാസനോട് പറയുമായിരുന്നെന്നും അതിന്റെ സ്വന്തം വേര്‍ഷനാണ് അദ്ദേഹം സ്‌ക്രിപ്റ്റില്‍ എഴുതിയതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ആ സിനിമ എന്നെങ്കിലും കാണണമെന്ന് ആഗ്രഹമുണ്ടെന്നും ഏത് രീതിയിലാണ് പ്രിയദര്‍ശന്‍ മലയാളം വേര്‍ഷന്‍ ഒരുക്കിയതെന്ന് അറിയണമെന്നും വിനീത് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്.

‘ബോയിങ് ബോയിങ് എന്ന പടം പ്രിയനങ്കിള്‍ ഒരു ഇംഗ്ലീഷ് പടത്തില്‍ നിന്ന് എടുത്തതാണ്. പക്ഷേ, ആ പടം പുള്ളി മാത്രമേ കണ്ടിട്ടുള്ളൂ. വേറാരും അത് ഇതുവരെ കണ്ടിട്ടില്ല. ഇവരുടെ രീതി എങ്ങനെയാണെന്ന് അറിയാമല്ലോ. ഷൂട്ടിന്റെ സമയത്താണ് അവര്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകുന്നത്. അപ്പോള്‍ ഓരോ തവണയും സീനെടുക്കുന്നതിന് മുമ്പ് എന്താണ് മനസില്‍ ഉദ്ദേശിക്കുന്നതെന്ന് പ്രിയനങ്കിള്‍ അച്ഛനോട് പറയും.

അച്ഛന്‍ പുള്ളിയുടെ വേര്‍ഷനില്‍ ആ സ്‌ക്രിപ്റ്റ് എഴുതി കംപ്ലീറ്റ് ചെയ്യും. എനിക്ക് ഇനി ആ ഒറിജിനല്‍ വേര്‍ഷന്‍ എപ്പോഴെങ്കിലും കാണണമെന്നുണ്ട്. എന്താണ് ഒറിജിനലും ഇവരുടെ വേര്‍ഷനും തമ്മിലുള്ള വ്യത്യാസമെന്ന് അറിയാന്‍ വേണ്ടിയാണ്. അത് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ കാണണമെന്നുണ്ട്,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Vineeth Sreenivasan saying Sreenivasan didn’t watched original version of Boeing Boeing