മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ശ്രീനിവാസന്‍. മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകള്‍ക്ക് തിരക്കഥ രചിക്കാനും ശ്രീനിവാസന് സാധിച്ചു. സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ ശ്രീനിവാസന് സാധിച്ചു. ഇന്നും മലയാളികള്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കുന്ന ഡയലോഗുകളില്‍ പലതും ശ്രീനിവാസന്റെ സൃഷ്ടിയാണ്.
ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള. 1998ല്‍ പുറത്തിറങ്ങിയ ചിത്രം സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍.
ആ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുന്നതിന് ഒരുപാട് മുമ്പ് അതിന്റെ ബേസിക്ക് കഥ ശ്രീനിവാസന്‍ പലരോടായി പറഞ്ഞത് താന്‍ കേട്ടിട്ടുണ്ടെന്ന് വിനീത് പറഞ്ഞു. താന്‍ അന്ന് ചെറിയ കുട്ടിയായിരുന്നെന്നും അച്ഛന്‍ മറ്റുള്ളവരോട് സംസാരിക്കുന്നത് ഒളിഞ്ഞ് കേള്‍ക്കാറുണ്ടായിരുന്നെന്ന് വിനീത് കൂട്ടിച്ചേര്‍ത്തു. വീട്ടിലിരുന്ന് റമ്മി കളിക്കുന്ന സമയത്തായിരുന്നു ശ്രീനിവാസന്‍ ഈ കഥ പങ്കുവെച്ചതെന്ന് വിനീത് പറഞ്ഞു.
ആ കഥ കേട്ടപ്പോള്‍ അത് ആളുകള്‍ സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നെന്നും ഒരു ആര്‍ട്ട് പടത്തിന്റെ കഥ പോലെ തോന്നിയെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ആ സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോള്‍ തനിക്ക് ടെന്‍ഷനുണ്ടായിരുന്നെന്നും എന്നാല്‍ ശ്രീനിവാസന്‍ ആ സിനിമ വളരെ മികച്ച രീതിയില്‍ എടുത്തെന്നും വിനീത് പറഞ്ഞു. അത് എങ്ങനെയാണ് സാധ്യമായതെന്ന് തനിക്ക് അറിയില്ലെന്ന് വിനീത് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.
‘അച്ഛന്‍ സീനൊന്നും ഓര്‍ഡറിലല്ല എഴുതാറുള്ളതെന്ന് പറയുന്നത് സത്യമാണ്. കാരണം, പുള്ളിയുടെ മനസില്‍ പണ്ടേ ആ സിനിമയുടെ ഓര്‍ഡര്‍ ഉണ്ടാവും. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, വീട്ടില്‍ റമ്മി കളിക്കാന്‍ വരുന്നവരുടെ അടുത്തായിരുന്നു ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ പറഞ്ഞത്. ആ സമയത്ത് ഞാന്‍ പഠിക്കുകയായിരുന്നു. പക്ഷേ, ഇവര്‍ തമ്മില്‍ സംസാരിക്കുന്നത് ഞാന്‍ മാറിനിന്ന് കേള്‍ക്കുമായിരുന്നു.
അന്ന് ആ കഥ കേട്ടപ്പോള്‍ ഇതൊക്കെ വര്‍ക്കാകുമോ എന്ന് ചിന്തിച്ചു. കാരണം, ഒരു ആര്‍ട്ട് പടത്തിന്റെ കഥയായിട്ടാണ് എനിക്ക് തോന്നിയത്. ഇതൊക്കെ സിനിമയാക്കിയാല്‍ ആര് കാണാനാ എന്ന് ആലോചിച്ചു. പടത്തിന്റെ ഷൂട്ട് തുടങ്ങിയപ്പോള്‍ എനിക്ക് ചെറിയ ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ, റിലീസായപ്പോള്‍ വലിയ ഹിറ്റായി. അതിന്റെ മാജിക് എനിക്ക് ഇതുവരെ മനസിലായില്ല,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.
Content Highlight: Vineeth Sreenivasan saying he thought Chinthavishtayaya Shyamala movie won’t work for audience