വേറൊരു റേഞ്ചാണ് ആ സിനിമ, എനിക്കൊരിക്കലും അങ്ങനെ എഴുതാനാവില്ല: വിനീത് ശ്രീനിവാസൻ
Entertainment
വേറൊരു റേഞ്ചാണ് ആ സിനിമ, എനിക്കൊരിക്കലും അങ്ങനെ എഴുതാനാവില്ല: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th January 2025, 12:08 pm

ശ്രീനിവാസൻ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന എവർഗ്രീൻ സിനിമയാണ് സന്ദേശം. ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉള്ള സന്ദേശം ആക്ഷേപ ഹാസ്യമായാണ് ശ്രീനിവാസൻ ഒരുക്കിയത്.

ജയറാം, തിലകൻ, കവിയൂർ പൊന്നമ്മ തുടങ്ങിയ വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു സന്ദേശം. സന്ദേശം പോലൊരു സിനിമ തനിക്കൊരിക്കലും എഴുതാൻ കഴിയില്ലെന്ന് പറയുകയാണ് ശ്രീനിവാസന്റെ മകനും നടനുമായ വിനീത് ശ്രീനിവാസൻ.

സന്ദേശം വേറെ റേഞ്ചിൽ നിൽക്കുന്ന സിനിമയാണെന്നും വിശ്വാസങ്ങളെ വ്രണപ്പെടുത്താത്ത പൊളിറ്റിക്കൽ സറ്റയർ ഇന്നും പ്രേക്ഷകർ സ്വീകരിക്കുമെന്നും വിനീത് പറഞ്ഞു. സിനിമയിൽ ഏറ്റവും പ്രയാസമുള്ള കാര്യം എഴുത്താണെന്നും അതിന് നല്ല നിരീക്ഷണം വേണമെന്നും വിനീത് കൂട്ടിച്ചേർത്തു.

‘സന്ദേശം പോലെ ഒരു സിനിമ എഴുതാൻ എനിക്ക് കഴിയില്ല. അതു വേറൊരു റേഞ്ചിൽ നിൽക്കുന്ന സിനിമയാണ്. നല്ല തമാശ ആസ്വദിക്കാനുള്ള മനസ് മലയാളിക്ക് ഇപ്പോഴുമുണ്ടെന്ന് തന്നെയാണ് കരുതുന്നത്. ചില സിനിമകൾ കണ്ട് എന്നെ ചില രാഷ്ട്രീയനേതാക്കളൊക്കെ വിളിക്കും. ആ സീൻ ഞങ്ങൾക്കിട്ട് കൊട്ടിയതാണെന്നു മനസിലായി.

സാരമില്ല അതൊക്കെ ഞങ്ങൾ തമാശകളായി മാത്രമേ കാണുന്നുള്ളൂ എന്നൊക്കെ പറയും.
ട്രോളുകൾ എല്ലാ പാർട്ടിക്കാരും ആസ്വദിക്കുന്നുണ്ട്. ഇതൊക്കെ കാണുമ്പോൾ

വിശ്വാസങ്ങളെ വ്രണപ്പെടുത്താത്ത പൊളിറ്റിക്കൽ സറ്റയർ ആൾക്കാർ സ്വീകരിക്കും

എന്നാണ് തോന്നുന്നത്.

ശരിക്കും പറഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി എഴുത്താണ്. എഴുത്തിന് ആവശ്യം അറിവു മാത്രമല്ല നിരീക്ഷണവുമാണ് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. കാരണം ഒരു വാക്കിൽ നിന്ന് ഒരാളിൻ്റെ സ്വഭാവം പിടിച്ചെടുക്കാം ഒരു ഉദാഹരണം പറയാം. ‘ഇരകൾ’ എന്ന സിനിമയിൽ തിലകൻ ചേട്ടൻ്റെ വീട്ടിലേക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വരുന്നുണ്ട്.

വീട്ടിൽ ആരെങ്കിലും വന്നാൽ ‘ഇരിക്കൂ’ എന്നാണ് നമ്മൾ പറയുന്നത്. എന്നാൽ തിലകൻ ചേട്ടൻ്റെ കഥാപാത്രം പറയുന്നത് ‘ഇരിക്കാം’ എന്നാണ്. വേണമെങ്കിൽ ഇരിക്കാം എന്നർഥം. ആ കഥാപാത്രത്തിൻ്റെ ഉള്ളിലുള്ള അഹങ്കാരം ആ ഒറ്റ വാക്കിലൂടെ പുറത്തുവന്നു. അതാണ് എഴുത്തിൻ്റെ ശക്തി,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight:  Vineeth Sreenivasan About Sandhesham Movie