അത്ര ഡാർക്ക് അല്ലാത്ത ഗ്രേ ഷേഡ് ത്രില്ലർ ചിത്രം; അടുത്ത സിനിമയെ കുറിച്ച് സൂചന നൽകി വിനീത് ശ്രീനിവാസൻ
Entertainment
അത്ര ഡാർക്ക് അല്ലാത്ത ഗ്രേ ഷേഡ് ത്രില്ലർ ചിത്രം; അടുത്ത സിനിമയെ കുറിച്ച് സൂചന നൽകി വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th February 2025, 2:51 pm

മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള ആളാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് ശ്രീനിവാസൻ, ഇന്ന് മലയാളത്തിലെ ഒരു ഹിറ്റ്‌ മേക്കർ സംവിധായകനും നടനും നിർമാതാവുമെല്ലാമാണ്. വിനീതിന്റെ ആദ്യ സംവിധാനം ചിത്രമായ മലർവാടി ആർട്സ് ക്ലബ് മുതൽ ഏറ്റവും ഒടുവിലിറങ്ങിയ വർഷങ്ങൾക്ക് ശേഷം വരെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയവയാണ്. തട്ടത്തിൻ മറയത്ത്, ഹൃദയം തുടങ്ങിയ സൂപ്പർഹിറ്റുകളും ഇവയിൽ ഉൾപ്പെടുന്നുണ്ട്.

എന്നാൽ അവസാനമിറങ്ങിയ വർഷങ്ങൾക്ക് ശേഷം ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. വിനീതിന്റെ എല്ലാ സിനിമകളും ക്രിഞ്ച് ആണെന്ന തരത്തിൽ ട്രോളുകൾ വന്നിരുന്നു. എന്നാൽ ഫീൽ ഗുഡ് സിനിമകളിൽ നിന്ന് മാറി അടുത്തതായി ഒരു ത്രില്ലർ സിനിമയാണ് താൻ ചെയ്യാൻ പോകുന്നതെന്ന് വിനീത് പറയുന്നു.

ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ പോലെ അത്ര ഡാർക്ക് ആയിരിക്കില്ല ആ സിനിമയെന്നും എല്ലാ പ്രേക്ഷകരും ആ സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും വിനീത് പറയുന്നു. അതിന്റെ ഷൂട്ട് കഴിഞ്ഞാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയിരുന്നു വിനീത്. മുമ്പ് വിനീത് സംവിധാനം ചെയ്ത തിര എന്ന സിനിമ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയ ചിത്രമായിരുന്നു.

അടുത്തതായി ഞാൻ ചെയ്യുന്നത് ഒരു ത്രില്ലറാണ്
– വിനീത് ശ്രീനിവാസൻ

‘സാധാരണയായി ഹ്യൂമർ സിനിമകളും ഫീൽ ഗുഡ് സിനിമകളും ചെയ്യാനാണ് എനിക്കിഷ്ടം. പക്ഷെ അടുത്തതായി ഞാൻ ചെയ്യുന്നത് ഒരു ത്രില്ലറാണ്. തിര കഴിഞ്ഞിട്ട് ഞാൻ അങ്ങനെയൊരു സിനിമ ചെയ്തിട്ടില്ലാത്തതുകൊണ്ട് അതിന്റെയൊരു എക്‌സൈറ്റ്മെന്റ് ഉണ്ട്. എന്നാൽ ഇപ്പോൾ മലയാളത്തിൽ വന്നുകൊണ്ടിരിക്കുന്ന സിനിമകളെ പോലെ അത്രത്തോളം ഡാർക്ക് ആക്കാൻ എനിക്ക് താത്പര്യമില്ല.

ഒരു ഗ്രേ ഷേഡിൽ ആ സിനിമ പോകണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ തിരയുടെ അത്രയും ഡാർക്ക് അവരുതെന്നും ഉണ്ട്. പക്ഷെ ഷൂട്ട് ചെയ്തത് കഴിഞ്ഞാൽ മാത്രമേ അതിനെകുറിച്ച് കൂടുതലായി പറയാൻ കഴിയുള്ളൂ. സിനിമ എന്ന് പറഞ്ഞാൽ അങ്ങനെയാണല്ലോ.

ഇപ്പോൾ എന്റെ മനസിൽ അത്രയും ഡാർക്ക് ആയിട്ടല്ല ആ സിനിമ ഇരിക്കുന്നത്. കൂടുതൽ പ്രേക്ഷകർ ആ സിനിമ കാണണമെന്ന് ആഗ്രഹം ഉള്ളതുകൊണ്ടാണത്. പക്ഷെ ഫൈനൽ ഔട്ട്പുട്ട് എങ്ങനെയുണ്ടാവുമെന്ന് എടുത്ത് കഴിഞ്ഞാൽ മാത്രമേ പറയാൻ പറ്റുള്ളൂ,’വിനീത് ശ്രീനിവാസൻ പറയുന്നു.

 

Content Highlight: Vineeth Sreenivasan About His Next Movie