വലിയ താരങ്ങളൊന്നും റൈഫിള്‍ ക്ലബില്‍ ഇല്ല; പക്ഷേ അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിച്ചു: വിനീത് കുമാര്‍
Malayalam Cinema
വലിയ താരങ്ങളൊന്നും റൈഫിള്‍ ക്ലബില്‍ ഇല്ല; പക്ഷേ അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിച്ചു: വിനീത് കുമാര്‍
ഐറിന്‍ മരിയ ആന്റണി
Thursday, 2nd April 2026, 9:49 pm

ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് വിനീത് കുമാര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ അദ്ദേഹം മമ്മൂട്ടി ഉള്‍പ്പെടെയുള്ള നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട്. ഒരു വടക്കന്‍ വീരഗാഥ, ഭരതം തുടങ്ങി ക്ലാസിക് ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ട വിനീത് പിന്നീട് നായകനായും കഴിവ് തെളിയിച്ചു.

സംവിധാനത്തിലും തന്റെ സാന്നിധ്യം അറിയിച്ച വിനീത് ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ 2024ല്‍ പുറത്തിറങ്ങിയ റൈഫിള്‍ ക്ലബ്ല് എന്ന ചിത്രത്തിലെ വിനീതിന്റെ പെര്‍ഫോമന്‍സ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ഷാജാഹാന്‍ എന്ന ഒരു സിനിമ നടനായാണ് വിനീത് എത്തിയത്.

ഇപ്പോഴിതാ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ റൈഫിള്‍ ക്ലബ് സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരം.

‘ആഷിക് അബുവിന്റെ സിനിമയിലേക്ക് വരാന്‍ ഒരുപാട് ഇഷ്ടമായിരുന്നു. കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരാളാണ്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങി എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളുകളുടെ ഒരു ടീമാണ് അവിടെ.

പിന്നെ വേറൊന്നും ആലോചിക്കേണ്ടി വന്നില്ല. വലിയ താരനിരയുമുണ്ടല്ലോ. ലൊക്കേഷനില്‍ എല്ലാവര്‍ക്കും ഓരോ മുറിവീതം തന്നിട്ടുണ്ടെങ്കിലും എല്ലാവരും ഒരേ റൂമില്‍ ഇരുന്നാണ് സംസാരവും പാട്ടും ചിരിയും ആഘോഷവും. ആ എനര്‍ജി തന്നെയാണ് സിനിമയിലും റിഫ്‌ളക്റ്റ് ചെയ്തത്,’ വിനീത് കുമാര്‍ പറയുന്നു.

തന്റെ സംവിധാന മോഹത്തെ കുറിച്ചും വിനീത് സംസാരിക്കുകയുണ്ടായി. വീട്ടില്‍ വീഡിയോ ക്യാമറയുണ്ടെന്നും അതില്‍ വളരെ അമച്വറായ ഷോര്‍ട്ട്ഫിലിമുകളൊക്കെ ചെറുപ്പം മുതല്‍ എടുക്കാറുണ്ടായിരുന്നുവെന്നും നടന്‍ പറഞ്ഞു.

ഷോര്‍ട്ട് ഫിലിം എന്നല്ല, ചില ഷോട്ടുകള്‍ എടുത്ത് അത് എഡിറ്റ് ചെയ്ത് നോക്കുകയായിരുന്നു തന്റെ പ്രധാന ജോലിയെന്നും സംവിധാനം ചെയ്യണം എന്നുള്ളത് ചെറുപ്പം മുതലേയുള്ള ആഗ്രഹമാണെന്നും വിനീത് കുമാര്‍ പറഞ്ഞു. ആദ്യം പരസ്യങ്ങളാണ് താന്‍ ചെയ്തതെന്നും ‘അയാള്‍ ഞാനല്ല’ എന്ന സിനിമയാണ് താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഫഹദിനെ നായകനാക്കി വിനീത് സംവിധാനം ചെയ്ത ചിത്രമാണ് അയാള്‍ ഞാനല്ല. 2015ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. സംഭവമാണ് താരത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

നവാഗതനായ ജിത്തു സതീശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അസ്‌കര്‍ അലിയാണ് പ്രധാനവേഷത്തിലെത്തിയത്. വലിയ താരനിരയൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ച് പറ്റി.

Content Highlight: Vineeth Kumar talks about his character Shahjahan in Rifle Club

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.