ഫഹദും അദ്ദേഹവും സംവിധായകനാകാന്‍ എനിക്ക് ആത്മവിശ്വാസവും ഊര്‍ജവും നല്‍കി: വിനീത് കുമാര്‍
Entertainment
ഫഹദും അദ്ദേഹവും സംവിധായകനാകാന്‍ എനിക്ക് ആത്മവിശ്വാസവും ഊര്‍ജവും നല്‍കി: വിനീത് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 8:25 pm

 

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനീത് കുമാര്‍. ബാലതാരമായാണ് വിനീത് തന്റെ സിനിമ ജീവിതം ആരംഭിച്ചത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ നടന് സാധിച്ചിരുന്നു.

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും വിനീത് കരസ്ഥമാക്കിയിരുന്നു. പിന്നീട് അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട്, പവി കെയര്‍ടേക്കര്‍ തുടങ്ങിയ സിനിമകളിലൂടെ സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

തനിക്ക് സംവിധാനത്തില്‍ എടുത്ത് പറയാന്‍ ഗുരുക്കന്മാരൊന്നും ഇല്ലെന്ന് പറയുകയാണ് വിനീത് കുമാര്‍. താന്‍ കണ്ട സിനിമയുടെ സംവിധായകരെല്ലാം തന്റെ ഗുരുനാഥന്മാരാണെന്നാണ് നടന്‍ പറയുന്നത്. ഒപ്പം ഫഹദ് ഫാസിലിനെ കുറിച്ചും സംവിധായകന്‍ രഞ്ജിത്തിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

‘സംവിധാനത്തില്‍ ആരായിരുന്നു ഗുരുവെന്ന് ചോദിച്ചാല്‍ അങ്ങനെ എടുത്ത് പറയാന്‍ ഒരു പ്രത്യേക വ്യക്തിയില്ല. ഞാന്‍ കണ്ട സിനിമയുടെ സംവിധായകരെല്ലാം എന്റെ ഗുരുനാഥന്മാരാണ്. ബാലതാരമായി നേരത്തേ തന്നെ സിനിമയില്‍ എത്താന്‍ എനിക്ക് സാധിച്ചു.

അതുകൊണ്ട് മലയാളസിനിമയിലെ മികച്ച സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവരെല്ലാം എങ്ങനെയാണ് രസകരമായി ഒരു നടനെ കഥാപാത്രമാക്കി ഒരുക്കുന്നതെന്ന് കണ്ടിട്ടുണ്ട്. അതെല്ലാം സംവിധായകനായപ്പോള്‍ എന്നെയും സ്വാധീനിച്ചിട്ടുണ്ട്.

സിനിമയിലെ എന്റെ അടുത്ത സുഹൃത്തായിരുന്നു ഫഹദ് ഫാസില്‍. ഞാന്‍ ഉണ്ടാക്കാറുള്ള കഥകള്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് ഫഹദാണ്. സംവിധായകനാകാന്‍ എനിക്ക് വലിയ ആത്മവിശ്വാസവും ഊര്‍ജവും സമ്മാനിച്ചത് സംവിധായകന്‍ രഞ്ജിയേട്ടനും ഫഹദ് ഫാസിലുമാണ്,’ വിനീത് കുമാര്‍ പറയുന്നു.

ഒരു നടന്‍ സംവിധായകനാകുമ്പോള്‍ അഭിനയത്തില്‍ അവസരം കുറയുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും നടന്‍ മറുപടി പറഞ്ഞു. അതെല്ലാം അന്ധവിശ്വാസങ്ങളാണെന്നും ഒരു പ്രത്യേക ഗണത്തില്‍ ഇവിടെ ആരെയും തളച്ചിടാന്‍ കഴിയില്ലെന്നുമാണ് വിനീത് പറയുന്നത്.

‘അതെല്ലാം പഴയ അന്ധവിശ്വാസങ്ങളാണ്. ഇന്ന് സംവിധായകന്‍ നടനാകുകയും നടന്‍ സംവിധായകനാകുകയും സംവിധായകന്‍ ക്യാമറാമാനാകുകയും ചെയ്ത് വിസ്മയിപ്പിക്കുന്ന കാലമാണ്. ഒരു പ്രത്യേക ഗണത്തില്‍ ഇവിടെ ആരെയും തളച്ചിടാന്‍ കഴിയില്ല.

വളരെ സൗഹാര്‍ദപരമായ കൂട്ടായ്മയിലാണ് ഇപ്പോള്‍ സിനിമ നടക്കുന്നത്. ഞാന്‍ സംവിധായകനായി ഒരുങ്ങിയ കാലത്ത് അഭിനയിക്കാന്‍ നല്ല അവസരങ്ങള്‍ വന്നിരുന്നു.

പക്ഷേ അന്ന് എനിക്കത് മാനേജ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇനി സംവിധാനത്തില്‍ നിന്ന് കുറച്ചുകാലം ഇടവേളയെടുത്ത് അഭിനയത്തില്‍ ഫോക്കസ് ചെയ്യാനാണ് പ്ലാന്‍. അതിനിടയില്‍ സമാന്തരമായി തിരക്കഥാരചനയുമുണ്ട്,’ വിനീത് കുമാര്‍ പറയുന്നു.

Content Highlight: Vineeth Kumar Talks About Fahadh Faasil And Ranjith