ഒരുപാട് കരഞ്ഞു; സംവിധായകനോട് 'എനിക്കിത്ര പ്രഷര്‍ തരല്ലേ'യെന്ന് പറഞ്ഞു: വിന്‍സി
Entertainment
ഒരുപാട് കരഞ്ഞു; സംവിധായകനോട് 'എനിക്കിത്ര പ്രഷര്‍ തരല്ലേ'യെന്ന് പറഞ്ഞു: വിന്‍സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th March 2025, 10:01 am

ജിതിന്‍ ഐസക് തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രേഖ. വിന്‍സി അലോഷ്യസ് ആയിരുന്നു ചിത്രത്തില്‍ നായികയായത്. ചിത്രത്തില്‍ ടൈറ്റില്‍ റോളിലായിരുന്നു വിന്‍സി എത്തിയത്.

രേഖയിലെ അഭിനയത്തിന് വിന്‍സിക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സ്‌റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. വിന്‍സി അലോഷ്യസിന് പുറമെ ഉണ്ണി ലാലു, പ്രേമലത തായിനേരി, രാജേഷ് അഴീക്കോടന്‍, പ്രതാപന്‍ കെ.എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരായിരുന്നു മറ്റ് പ്രധാനവേഷങ്ങളില്‍ എത്തിയത്.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ രേഖ സിനിമയിലെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് വിന്‍സി. തനിക്ക് ആ സിനിമ ചെയ്യാന്‍ ശാരീരികമായും മാനസികമായും സ്ട്രെയിന്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് നടി പറയുന്നത്.

താന്‍ സെറ്റില്‍ വെച്ച് ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും സംവിധായകന്‍ ജിതിന്‍ ഐസക് തോമസിനെ വിളിച്ച് മാറ്റിനിര്‍ത്തിയിട്ട് ‘നിങ്ങള്‍ എനിക്ക് ഇത്ര പ്രഷര്‍ തരല്ലേ’യെന്ന് പറഞ്ഞിട്ടുണ്ടെന്നും വിന്‍സി അഭിമുഖത്തില്‍ പറയുന്നു.

‘രേഖ എന്ന സിനിമയുടെ ഷൂട്ടിനെ കുറിച്ച് പറയുകയാണെങ്കില്‍, എനിക്ക് ആ സിനിമ ചെയ്യാന്‍ മെന്റലിയും ഫിസിക്കലിയും സ്ട്രെയിന്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്. സെറ്റില്‍ വെച്ചിട്ട് തന്നെ കരഞ്ഞുപോയി.

ജിതിനെ വിളിച്ച് മാറ്റിനിര്‍ത്തിയിട്ട് ‘നിങ്ങള്‍ എനിക്ക് ഇത്ര പ്രഷര്‍ തരല്ലേ’യെന്ന് പറഞ്ഞിട്ടുണ്ട്. ആ കഥാപാത്രത്തെ മനസിലാക്കാന്‍ പറ്റേണ്ടേ. എങ്കിലല്ലേ അത് ചെയ്യാന്‍ എളുപ്പമാകുള്ളൂ. പക്ഷെ എനിക്ക് അതിന് സാധിച്ചിരുന്നില്ല. കഥാപാത്രത്തെ മനസിലാക്കാന്‍ ആയില്ല.

കൃത്യമായി ഗൈഡ് ചെയ്യാന്‍ ഒരു സംവിധായകന്‍ ഉണ്ടായിയെന്ന കാരണത്താല്‍ മാത്രമാണ് എനിക്ക് രേഖയെ നല്ല രീതിയില്‍ ചെയ്യാന്‍ പറ്റിയത്. അല്ലെങ്കില്‍ ഞാന്‍ അത് ഓവറാക്കി ചെയ്തേനെ. നൂറ് ശതമാനവും ഞാന്‍ അത് കുളമാക്കിയേനേ. അവാര്‍ഡ് പോയിട്ട് അതിന് ഒരു തേങ്ങയും കിട്ടില്ലായിരുന്നു (ചിരി),’ വിന്‍സി അലോഷ്യസ് പറയുന്നു.

Content Highlight: Vincy Aloshious Talks About Shooting Experience Of Rekha Movie