2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് വിന്‍സി അലോഷ്യസ്. നായികാ നായകന്‍ എന്ന ടാലന്റ്-ഹണ്ട് ടെലിവിഷന്‍ ഷോയുടെ ഫൈനലിസ്റ്റായിരുന്നു വിന്‍സി. രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും വിന്‍സിയെ തേടിയെത്തി.
‘നായികാ നായകന്‍ ഒരു സ്റ്റേജാണ്. ആ സ്റ്റേജില്‍ നമുക്ക് പല മീറ്ററിലുള്ള അഭിനയമെല്ലാം പഠിപ്പിക്കുന്നുണ്ട്. പക്ഷെ എന്റെ ഫേസ് ഓവര്‍ ദി ടോപ്പാണ്. എന്തും വളരെ എക്‌സ്പ്രസീവാണ്. നായികാ നായകന്‍ കഴിഞ്ഞ് സിനിമക്ക് മുമ്പ് ഞാന്‍ ചെയ്യുന്നത് ജോമോന്‍ ടി. ജോണും മാര്‍ട്ടിന്‍ പ്രക്കാര്‍ട്ടും മഞ്ജു ചേച്ചിയുമായിട്ടുള്ള ഒരു പരസ്യ ചിത്രമാണ്.
അന്നാണ് ഞാന്‍ മനസിലാക്കുന്നത്, അവിടെ തകര്‍ത്തെങ്കിലും ഇവിടെ ഞാന്‍ കുറച്ച് ഫ്‌ലോപ്പാണ് എന്ന്. അവിടെ (നായിക നായകന്‍) വളരെ ലൗണ്ടായിട്ടുള്ളതായിരുന്നു. എന്നാല്‍ പരസ്യത്തിലേക്ക് വന്നപ്പോള്‍ ചുറ്റിനും കുറേ ആളുകളുമൊക്കെയായി വളരെ ഒതുങ്ങിയതുപോലെ ആയി.
നമ്മള്‍ ചെയ്യുമ്പോള്‍ അത്രക്ക് വേണ്ട കുറച്ച് കുറയ്ക്ക് എന്നൊക്കെ പറയും. അപ്പോള്‍ ഞാന്‍ പഠിച്ചതല്ല ഇവിടെ അപ്ലൈ ചെയ്യേണ്ടതെന്ന് മനസിലായി. ഇവിടെ കുറച്ച് കൂടി ബേസ് കുറച്ച് കൊണ്ടുള്ള അഭിനയമാണ് വേണ്ടതെന്ന് മനസിലായി.
അവിടെ പിന്നെ പേടിയില്ലായിരുന്നു. എല്ലാവരും നമുക്ക് അറിയുന്ന ആളുകളായിരുന്നു. നമ്മള്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. ലാല്‍ ജോസ് സാര്‍ ആയിരുന്നെങ്കിലും ആദ്യം പേടി ഉണ്ടായിരുന്നെങ്കിലും പോകെ പോകെ നല്ല കമ്പനി ആയിരുന്നു.
എന്നാല്‍ പരസ്യം ഷൂട്ട് ചെയ്യാന്‍ വേണ്ടി പോയപ്പോള്‍ വല്ലാത്ത ഒരു ഭയമായിരുന്നു. തെറ്റിപോകുമോ ശരിയാകുമോ കളിയാക്കുമോ എന്നെല്ലാം ഉള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. പയ്യെ ഓരോ സിനിമയും കഴിയുന്നതിനനുസരിച്ചായിരുന്നു ആ പേടിയെല്ലാം മാറ്റിയെടുത്തത്.
ഭീമന്റെ വഴി ചെയ്യുമ്പോള്‍ ചെമ്പന്‍ ചേട്ടന്‍ (ചെമ്പന്‍ വിനോദ് ജോസ്) എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട് ‘വിന്‍സി നീ നൂറിലാണ് പിടിക്കുന്നത്, അത്ര വേണ്ട ഒരു അമ്പതിലൊക്കെ പിടിച്ചാല്‍ മതി’ എന്ന്. അന്നാണ് അഭിനയത്തിലും മീറ്ററുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നത്,’ വിന്‍സി അലോഷ്യസ് പറയുന്നു.