തൻ്റെ പേര് മാറ്റിയതിനെക്കുറിച്ചും മമ്മൂട്ടിക്ക് മെസ്സേജ് അയച്ചതിനെപ്പറ്റിയും സംസാരിക്കുകയാണ് വിൻ സി. അവാര്‍ഡ് കിട്ടിക്കഴിഞ്ഞപ്പോൾ തനിക്ക് അറിയുന്ന ഒരാൾ മമ്മൂട്ടിയുടെ നമ്പർ എന്നുപറഞ്ഞ് ഒരു നമ്പർ തന്നെന്നും താൻ ആ നമ്പറിലേക്ക് മെസ്സേജ് അയച്ചെന്നും വിൻ സി പറയുന്നു.
വിന്‍ സി എന്നുപറഞ്ഞ് തനിക്ക് മറുപടി കിട്ടിയെന്നും താൻ ആരാധിക്കുന്ന കൂടെ അഭിനയിക്കണം എന്ന് ആഗ്രഹമുള്ള നടന്‍ അങ്ങനെ വിളിച്ചപ്പോൾ അങ്ങനെ പേരിടാം എന്നുവിചാരിച്ചെന്നും വിൻ സി പറയുന്നു.
തനിക്കും അങ്ങനെ വിളിച്ച് കേൾക്കാനാണ് ഇഷ്ടമെന്നും അങ്ങനെയാണ് ആ പേര് ഇടുന്നതെന്നും നടി പറഞ്ഞു. പിന്നീട് ഫിലിം ഫെയറിന്റെ സമയത്താണ് മമ്മൂട്ടിയെ നേരിട്ട് കാണുന്നതെന്നും സംസാരിക്കുന്നതിനിടെ മെസ്സേജ് അയച്ച കാര്യം പറഞ്ഞെന്നും അവർ വ്യക്തമാക്കി.
എന്നാൽ അതിനെപ്പറ്റി ചോദിച്ചപ്പോൾ മമ്മൂട്ടിക്ക് അക്കാര്യത്തെക്കുറിച്ച് അറിവില്ലായിരുന്നെന്നും ഇത്രയും നാൾ താൻ മെസ്സേജ് അയച്ചത് മമ്മൂട്ടിക്ക് അല്ലെന്ന് തനിക്ക് അപ്പോൾ മനസിലായെന്നും നടി കൂട്ടിച്ചേർത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു വിൻ സി.
‘എനിക്ക് അവാര്‍ഡ് കിട്ടിക്കഴിഞ്ഞപ്പോഴാണ് എനിക്കറിയുന്ന ഒരാള്‍ മമ്മൂക്കയുടെ നമ്പര്‍ എന്നുപറഞ്ഞത് എനിക്കൊരു നമ്പര്‍ തന്നിരുന്നു. എനിക്ക് വിളിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അപ്പോള്‍ മെസ്സേജ് അയച്ചു. അപ്പോള്‍ വിന്‍ സി എന്നുപറഞ്ഞ് പുള്ളി എഴുതി. ഞാന്‍ ആരാധിക്കുന്ന കൂടെ അഭിനയിക്കണം എന്ന് ആഗ്രഹമുള്ള നടന്‍ അങ്ങനെ വിളിക്കുമ്പോള്‍ വൈ നോട്ട്.
എനിക്ക് അങ്ങനെ വിളിച്ച് കേള്‍ക്കാനാണ് താത്പര്യം. എന്നാല്‍ പിന്നെ അങ്ങനെയാക്കാലോ എന്ന് വിചാരിച്ചിട്ടാണ് അങ്ങനെ പേര് ഇടുന്നത്. പിന്നെ ഒരുപാട് കാലത്തിന് ശേഷം ഫിലിം ഫെയറിന്റെ സമയത്താണ് മമ്മൂക്കയെ ഞാന്‍ നേരിട്ട് കാണുന്നത്. അപ്പോള്‍ സ്റ്റേജില്‍ സംസാരിക്കുന്നതിനിടെ ഞാന്‍ മെസ്സേജ് ഒക്കെ അയച്ചിട്ടുണ്ടായിരുന്നു എന്ന്.
അപ്പോള്‍ പുള്ളിക്ക് അതിനെപ്പറ്റി ഒരു ഐഡിയയും ഇല്ല. അപ്പോള്‍ പുള്ളി പറഞ്ഞു ‘എന്റെ നമ്പര്‍ വേണമെങ്കില്‍ ജോര്‍ജ് ചേട്ടനോട് ചോദിച്ചാല്‍ മതി തരും’ എന്ന്. അപ്പോഴാണ് എനിക്ക് മനസിലായത് ഇത്രയും നാളും ഞാന്‍ മെസേജ് അയച്ചുകൊണ്ടിരുന്നത് മമ്മൂക്കക്ക് അല്ല. അങ്ങനെയൊരു സംഭവം ഉണ്ടായി,’ വിൻ സി പറയുന്നു.
Content Highlight: Vincy Aloshious talking about her Name Change and Mammootty’s message