2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് വിന്‍സി അലോഷ്യസ്. നായികാ നായകന്‍ എന്ന ടാലന്റ്-ഹണ്ട് ടെലിവിഷന്‍ ഷോയുടെ ഫൈനലിസ്റ്റായിരുന്നു വിന്‍സി. രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും വിന്‍സിയെ തേടിയെത്തി.
സിനിമയില്‍ നിന്ന് നല്ല പ്രതിഫലം കിട്ടും. അതുകൊണ്ട് നല്ല വീട് വെക്കാം, നന്നായി ജീവിക്കാം എന്നൊക്കെയായിരുന്നു ചിന്ത – നടി വിന്‍സി അലോഷ്യസ്
സിനിമ എന്നത് തന്റെ സ്വപ്നമായിരുന്നെന്ന് പറയുകയാണ് വിന്‍സി അലോഷ്യസ്. തന്റേത് ഒരു സാധാരണ കുടുംബമായിരുന്നുവെന്നും സിനിമയില്‍ നിന്ന് നല്ല പ്രതിഫലം ലഭിക്കും എന്നതിനാല്‍ നന്നായി ജീവിക്കാം എന്നൊക്കെയായിരുന്നു ചിന്തിച്ചതെന്നും വിന്‍സി പറയുന്നു. നടി ആകണമെന്ന് അമ്മയോട് പറഞ്ഞാല്‍ നീയൊരു സാധാരണ ഡ്രൈവറുടെ മകളാണ്, ഐശ്വര്യ റായ് ഒന്നുമല്ലെന്ന് പറയുമെന്നും അത് തനിക്ക് വാശിയായെന്നും വിന്‍സി പറഞ്ഞു.
‘ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. അച്ഛന്‍ അലോഷ്യസ് ഡ്രൈവറായിരുന്നു. അമ്മ സോണി. ചേട്ടന്‍ വിപിന്‍. സിനിമയായിരുന്നു എന്റെ സ്വപ്നം. സിനിമയില്‍ നിന്ന് നല്ല പ്രതിഫലം കിട്ടും. അതുകൊണ്ട് നല്ല വീട് വെക്കാം, നന്നായി ജീവിക്കാം എന്നൊക്കെയായിരുന്നു ചിന്ത. ഇതൊക്കെ മനസില്‍ വെച്ച് സൗന്ദര്യം കൂട്ടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി.
നടിയാവാനാണ് പോരാട്ടമെന്ന് അബദ്ധത്തിലെങ്ങാനും അമ്മയോട് പറഞ്ഞാല്‍ തീര്‍ന്നു. ‘നീ ഒരു സാധാരണ ഡ്രൈവറുടെ മോളാണ്. ഐശ്വര്യ റായ് ഒന്നുമല്ല’ എന്ന് ഒരു ദയയുമില്ലാതെ പറയും. അതെനിക്ക് വാശിയായി. ‘ങാഹാ, ഡ്രൈവറുടെ മോള്‍ക്ക് നടിയായിക്കൂടേ’ എന്ന് തിരിച്ചു ചോദിക്കും.
സദാ സമയം ഈ സ്വപ്നവും ചുമന്നാണ് നടപ്പ്. അതിന്റെ ഭാഗമായി ചില്ലറ കള്ളത്തരങ്ങളുമുണ്ട്. വീട്ടിലെ ഇസ്തിരിപ്പെട്ടി ചൂടാക്കി മുടി നിവര്‍ത്തും. എന്നിട്ട് സ്‌കൂളിലേക്ക് വലിയ ഗമയില്‍ ഒരു പോക്കാണ്. ഞാന്‍ ഫോട്ടോഷൂട്ട് ഒക്കെ ചെയ്യുന്നുണ്ട്. ഇന്നലെ ഒരു ഷൂട്ട് ഉണ്ടായിരുന്നു. അതിന് വേണ്ടി മുടി സ്‌ട്രെയ്റ്റെന്‍ ചെയ്തതാണെന്ന് കൂട്ടുകാരോട് പറയും,’ വിന്‍സി അലോഷ്യസ് പറയുന്നു.
Content highlight: Vincy Aloshious says film was her dream