സ്റ്റേറ്റ് അവാര്‍ഡ് തനിക്ക് ലഭിച്ച വലിയ അംഗീകാരമെന്ന് അഭിനേത്രി വിന്‍സി അലോഷ്യസ്. എവിടെയും എത്തിയില്ലല്ലോ, ഇനി എവിടെ എത്താനാണെന്ന് പലരും ചോദിച്ചിരുന്നെന്നും വിന്‍സി പറഞ്ഞു. അപ്പോഴാണ് അവാര്‍ഡ് ലഭിച്ചതെന്നും അത് വലിയ അംഗീകാരമായെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.
അതൊരു വലിയ ഫൈറ്റ് ആയിരുന്നെന്നും തന്നെ എല്ലാവരും സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വിന്‍സി പറഞ്ഞു. സിനിമാ മേഖലയിലുള്ള പലരും തന്നോടൊപ്പം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും വിന്‍സി വ്യക്തമാക്കി. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
‘സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയത് വലിയൊരു അംഗീകാരമായിരുന്നു. അതിന് മുമ്പൊക്കെ പലരും ചോദിക്കുമായിരുന്നു, ‘എവിടെയും എത്തിയില്ലല്ലോ, ഇനി എവിടെ എത്താനാ’ എന്നൊക്കെ. അപ്പോഴാണ് രേഖയിലൂടെ അവാര്‍ഡ് കിട്ടിയത്. അത് വലിയൊരു അംഗീകാരമായി മാറി. അതിന് മുമ്പ് വലിയൊരു ഫൈറ്റായിരുന്നു. പലരും കൂടെയുണ്ടായിരുന്നു,’ വിന്‍സി പറയുന്നു.
രേഖ എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് വിന്‍സി അലോഷ്യസിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചത്. ടെലിവിഷന്‍ ഷോയില്‍ നിന്നുമാണ് വിന്‍സി സിനിമാ രംഗത്തേക്ക് കടന്നുവന്നത്. 2018ല്‍ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത നായികാ നായകന്‍ എന്ന ഷോയില്‍ നിന്നുമാണ് സിനിമയിലേക്ക് എത്തിപ്പെട്ടത്.
2019ല്‍ പുറത്തിറങ്ങിയ വികൃതിയാണ് ആദ്യ സിനിമ. പിന്നീട് കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, എന്നിങ്ങനെ സിനിമകള്‍ ചെയ്തു. എന്നാല്‍ അഭിനയത്തില്‍ മികച്ച അഭിപ്രായവുമായി മുന്നോട്ട് പോയ നടിക്ക് പിന്നീട് അത് തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിച്ചില്ല.
രേഖ കഴിയുന്നത് വരെ വളരെ ഗ്രേറ്റ്ഫുള്‍ ആയിരുവെന്നാണ് വിന്‍സി പറയുന്നത്. പല ക്യാരക്ടേഴ്‌സ് കിട്ടിയെന്നും, എന്നാല്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഗ്രേറ്റ്ഫുള്‍ മാറി അത് തന്റെ ടാലന്റ് എന്ന ചിന്ത വന്നു, അത് കാരണം തനിക്ക് വലിയ നഷ്ടം വന്നുവെന്നും വിന്‍സി വ്യക്തമാക്കി.
‘വീഴ്ച വന്നപ്പോഴാണ് പോകുന്ന റൂട്ട് ശരിയല്ല എന്ന് മനസിലായത്’ എന്നാണ് വിന്‍സി പറഞ്ഞത്. ആരേയും കുറ്റം പറയാനില്ലെന്നും അത് തന്റെ തെറ്റാണെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.
Content Highlight: Vincy Aloshious about the ups and downs in her career