'എഴുതിയത് കവിത'; വിനായകനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്
Kerala
'എഴുതിയത് കവിത'; വിനായകനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th August 2025, 6:45 pm

കൊച്ചി: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിന് പിന്നാലെ നടത്തിയ വിവാദ പ്രസ്താവനയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് പൊലീസ്.

ചോദ്യം ചെയ്യലിന് ശേഷം കൊച്ചി സൈബര്‍ പൊലീസ് വിനായകനെ വിട്ടയച്ചു. വിനായകനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അദ്ദേഹത്തെ വിട്ടയച്ചത്.

ഫേസ്ബുക്കില്‍ താന്‍ കുറിച്ചത് കവിതയാണെന്നാണ് വിനായകന്‍ പൊലീസിൽ മൊഴി നല്‍കിയത്. ‘തന്റെ തന്തയും ചത്തു, വി.എസും ചത്തു’ എന്ന വിനായകന്റെ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്.

‘എന്റെ തന്തയും ചത്തു. സഖാവ് വി.എസും ചത്തു. ഗാന്ധിയും ചത്തു. നെഹ്‌റുവും ചത്തു. ഇന്ദിരയും ചത്തു. രാജീവും ചത്തു. കരുണാകരനും ചത്തു. ഹൈബിയുടെ തന്ത ജോര്‍ജ് ഈഡനും ചത്തു. നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തു. ചത്തു ചത്തു,’ വിനായകന്റെ പോസ്റ്റ്.

ഇതിനുപിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് വിനായകനെതിരെ ഉയര്‍ന്നത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിനായകന്‍ മുമ്പ് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

‘ആരാണ് ഈ ഉമ്മന്‍ചാണ്ടി? ഉമ്മന്‍ചാണ്ടി ചത്തു, അതിന് ഞങ്ങള്‍ എന്തു ചെയ്യണം? എന്തിനാണ് മൂന്ന് ദിവസം അവധി? എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമുക്കറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്,’ ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകന്‍ നടത്തിയ വിവാദ പ്രസ്താവന.

ഇതിനുപിന്നാലെയും വിനായകന്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിന് വിനായകനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

അതേസമയം എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വെച്ച് വി.എസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് വിനായകനെതിരായ സൈബര്‍ ആക്രമണം ശക്തമായത്.

പരിപാടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഉമ്മന്‍ചാണ്ടിക്കെതിരായ വിനായകന്റെ പോസ്റ്റ് കോണ്‍ഗ്രസ് അനുകൂലികള്‍ കുത്തിപ്പൊക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിനായകന്‍ വി.എസും ചത്തു എന്ന നിലയില്‍ പോസ്റ്റ് പങ്കുവെച്ചത്.

Content Highlight: Police said have no sections to file a case against Vinayakan