ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് മലയാളം ഒരക്ഷരം അറിയില്ലായിരുന്നു; അദ്ദേഹം അരമണിക്കൂറില്‍ എല്ലാം പറഞ്ഞു തന്നു: വിനയ പ്രസാദ്
Entertainment
ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് മലയാളം ഒരക്ഷരം അറിയില്ലായിരുന്നു; അദ്ദേഹം അരമണിക്കൂറില്‍ എല്ലാം പറഞ്ഞു തന്നു: വിനയ പ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 2:59 pm

എം.ടി. വാസുദേവന്‍ നായര്‍ രചന നിര്‍വഹിച്ച് അജയന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പെരുന്തച്ചന്‍. തിലകന്‍ നെടുമുടി വേണു എന്നിവര്‍ക്ക് പുറമെ വിനയ പ്രസാദും സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. അവരുടെ ആദ്യം ചിത്രം കൂടിയായിരുന്നു പെരുന്തച്ചന്‍.

ഇപ്പോള്‍ സിനിമയിലേക്ക് തന്നെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് വിനയ പ്രസാദ്.

vinaya prasad

പെരുന്തച്ചനില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ തനിക്ക് മലയാളം ഒരക്ഷരം പോലും അറിയില്ലായിരുന്നുവെന്നും ഒരു മലയാളി ലുക്കുണ്ടെന്ന് പറഞ്ഞാണ് തന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്നും വിനയ പ്രസാദ് പറയുന്നു. തമ്പുരാട്ടിയുടെ വേഷമാണ് താന്‍ ചെയ്യേണ്ടിയിരുന്നതെന്നും ഷോട്ട് എടുക്കുമ്പോള്‍ തനിക്ക് എത്ര ശ്രമിച്ചിട്ടും ഡയലോഗുകള്‍ പറയാന്‍ കിട്ടിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഒരു ദിവസം അനുവദിച്ചാല്‍ മുഴുവന്‍ താന്‍ കാണാതെ പഠിക്കാമെന്ന് പറഞ്ഞുവെന്നും സെറ്റില്‍ അന്ന് എം.ടി വാസുദേവന്‍ നായര്‍ ഉണ്ടായിരുന്നുവെന്നും വിനയ പ്രസാദ് പറഞ്ഞു. അദ്ദേഹത്തോട് ചോദിച്ച് താന്‍ എല്ലാം മനസിലാക്കിയെന്നും അദ്ദേഹം വളരെ കൃത്യമായി പറഞ്ഞുതന്നുവെന്നും നടി പറഞ്ഞു. എം.ടി വാസുദേവന്‍ നായരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണെന്നും അവര്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു വിനയ പ്രസാദ്.

പെരുന്തച്ചനില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ എനിക്ക് മലയാളം ഒരക്ഷരം പോലും അറിയില്ലായിരുന്നു. ഒന്നും അറിയില്ലായിരുന്നു. എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തത് തന്നെ കാണാന്‍ മലയാളിയെ പോലെയാണ് എന്ന് പറഞ്ഞാണ്. ഒരു ചുരുണ്ട മുടിയുമൊക്കെ ഉണ്ടെന്ന് പറഞ്ഞ്. സിനിമയില്‍ തമ്പുരാട്ടിയുടെ കോസ്റ്റിയൂമാണ് ഇടേണ്ടിയിരുന്നത്. തമ്പുരാട്ടിയുടെ റോളാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു. ഞാന്‍ ആ ഡ്രസ് ഒക്കെ ഇട്ട് വന്നപ്പോള്‍ തമ്പുരാട്ടി പെര്‍ഫെക്റ്റ് ആയി എന്നൊക്കെ എല്ലാവരും പറഞ്ഞു.

MT Vasudevan Nair is in critical condition

ഫസ്റ്റ് ഷോട്ട് എടുക്കാനായി എല്ലാരും റെഡിയായി നിന്നു. അപ്പോള്‍ ഞാന്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് ഡയലോഗുകള്‍ പറയാന്‍ കിട്ടുന്നില്ല. ആദ്യത്തെ ദിവസം ഇത്രയൊക്കെ തന്നാല്‍ എനിക്ക് പറയാന്‍ പറ്റില്ല എന്നൊക്കെ ഞാന്‍ പറഞ്ഞു. ‘ഒരു ദിവസം കൂടെ സമയം തരുമോ ഞാന്‍ ഇത് കാണാതെ പഠിച്ചിട്ട് എങ്ങനെയെങ്കിലും പറയാം’എന്ന് പറഞ്ഞു. അന്ന് സെറ്റില്‍ എം.ടി. വാസുദേവന്‍ സാര്‍ വന്നിരുന്നു.

അദ്ദേഹം വന്നപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി ഇതിന്റെ പങ്‌ച്വേഷനും ഡയലോഗുകളൊക്കെ എങ്ങനെയാണ് പറയേണ്ടതെന്നാണ് ഞാന്‍ ചോദിച്ചത്. സാര്‍ എനിക്ക് ഒരു അര മണിക്കൂറില്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞു തന്നു. എവിടെ ഭാവം വരണം, എവിടെ സെന്റന്‍സ് നിര്‍ത്തണം എന്നൊക്കെ പറഞ്ഞ് തന്നു. എന്റെയൊരു ഭാഗ്യം നോക്കിക്കേ. അടുത്ത ദിവസം ഒറ്റ ഷോട്ടിലാണ് അത് ഞാന്‍ ഓക്കെയാക്കിയത്,’ വിനയ പ്രസാദ് പറയുന്നു.

Content Highlight:  Vinaya prasad talks about Perumthachan movie