പ്രൊമോഷന്‍ ഇല്ലെന്നോ, അയാള്‍ കോളേജില്‍ പോയി ഡാന്‍സ് വരെ കളിക്കുന്നത് കണ്ടല്ലോ: വിനയ് ഫോര്‍ട്ട്
Entertainment
പ്രൊമോഷന്‍ ഇല്ലെന്നോ, അയാള്‍ കോളേജില്‍ പോയി ഡാന്‍സ് വരെ കളിക്കുന്നത് കണ്ടല്ലോ: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th May 2024, 1:30 pm

ആവേശം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഓടി നടന്ന് പ്രൊമോഷൻ ചെയ്യുന്ന ഫഹദ് ഫാസിലിനെ പ്രേക്ഷകർ കണ്ടതാണ്.

ഫഹദ് സ്വന്തം പ്രൊഡക്ഷനിലുള്ള സിനിമകൾ മാത്രമേ പ്രൊമോട്ട് ചെയ്യുന്നുള്ളൂ എന്ന തരത്തിൽ ചില അഭിപ്രായങ്ങളും ഉയർന്ന് വന്നിരിന്നു. ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് നടൻ വിനയ് ഫോർട്ട്‌.

ഫഹദ് ഫാസിലിനെ പോലൊരു നടന് പ്രമോഷൻ ഇല്ലെങ്കിലും കുഴപ്പമില്ലെന്നാണ് താരം പറയുന്നത്. മഹേഷിന്റെ പ്രതികാരത്തിനും ആവേശത്തിനുമെല്ലാം ഫഹദ് ഓടിനടന്ന് പ്രമോഷൻ ചെയ്യുന്നത് നമ്മൾ കണ്ടതാണെന്നും ഫഹദ് ഒരു കോളേജിൽ ഡാൻസ് വരെ കളിച്ചെന്നും അതുകൊണ്ട് അയാൾ പ്രമോഷൻ ചെയ്യുന്നില്ല എന്ന് പറയുന്നത് തെറ്റാണെന്നും വിനയ് ഫോർട്ട് പറഞ്ഞു. മീഡിയ വണിനോട്‌ സംസാരിക്കുകയായിരുന്നു താരം.

ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്ടർ ആണെന്നും അതുകൊണ്ട് പ്രമോഷൻ ഇല്ലെങ്കിലും കുഴപ്പമില്ലെന്നും താരം കൂട്ടിച്ചേർത്തു.

‘ആത്യന്തികമായി സിനിമ നന്നാവുക എന്നതാണ് പ്രധാനം. ഫഹദ് ഫാസിലിനൊക്കെ ഈ സമയത്തും പ്രൊമോഷൻ ഇല്ലെങ്കിലും ഓക്കെയാണ്. എന്നിട്ടും അയാൾ ഓടി നടന്ന് ആവേശത്തിന്റെ പ്രൊമോഷൻ ചെയ്തു. അയാൾ കോളേജിൽ പോവുന്നതും ഡാൻസ് കളിക്കുന്നതുമൊക്കെ ഞാൻ കണ്ടു.

അപ്പോൾ പ്രൊമോഷൻ ഇല്ലായെന്ന് പറയുന്നത് തെറ്റാണ്. ഒന്ന് ആലോചിച്ച് നോക്കിയാൽ മനസിലാവും, മഹേഷിന്റെ പ്രതികാരത്തിന്റെ ടൈമിലൊക്കെ ഒരുപാട് പ്രൊമോഷന് പോവുകയും ടി.വി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ആളാണ് ഫഹദ്.

പിന്നെ ഒരു കാര്യമുണ്ട്. ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്ടറാണ്. അതിനപ്പുറത്തേക്ക് അയാൾക്ക് വലിയ ക്രെഡിബിലിറ്റിയുണ്ട്. അതുകൊണ്ട് പ്രൊമോഷൻ അത്ര ഇല്ലെങ്കിലും അയാൾക്ക് ഓക്കെയാണ്.

എന്നാലും പ്രൊമോഷൻ ചെയ്യും. അയാൾ ഏതോ കോളേജിൽ പോയി ഡാൻസ് കളിക്കുന്നത് വരെ ഞാൻ കണ്ടു. അയാൾ പ്രൊഡ്യൂസ് ചെയ്ത പടമായത് കൊണ്ട് മലയൻ കുഞ്ഞിനും നല്ല പ്രൊമോഷൻ ഉണ്ടായിരുന്നു.

പക്ഷെ മഹേഷിന്റെ പ്രതികാരമൊക്കെ പ്രൊമോഷൻ ചെയ്ത പോലെ ഇപ്പോൾ ഒരു പടം പ്രൊമോഷൻ ചെയ്യേണ്ട ആവശ്യമില്ല. കാരണം ഫഹദിനെ പോലെ പാൻ ഇന്ത്യൻ റീച്ചുള്ള ഒരു ആക്ടർ എന്തായാലും കേരളത്തിലില്ല. അയാളുടെ സിനിമയുടെ ബിസിനസ് ഓൾറെഡി സേഫാണ്. നമ്മളൊക്കെ ചെയ്യുന്ന കുഞ്ഞ് സിനിമകൾ നല്ലതാണെന്ന് ആളുകൾ അറിഞ്ഞാൽ മാത്രമേ തിയേറ്ററിൽ വരുകയുള്ളൂ,’വിനയ് ഫോർട്ട്‌ പറയുന്നു.

Content Highlight:  Vinay Fortt Talk About Movie Promotions Of  Fahad Fazil