ആ സിനിമയിലെ കഥാപാത്രം ഒരിക്കലും മനസിൽ നിന്ന് പോകില്ല; നായകനാവുക എന്നതല്ല പ്രധാനം: വിനയ് ഫോർട്ട്
Entertainment
ആ സിനിമയിലെ കഥാപാത്രം ഒരിക്കലും മനസിൽ നിന്ന് പോകില്ല; നായകനാവുക എന്നതല്ല പ്രധാനം: വിനയ് ഫോർട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 3:46 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിനയ് ഫോര്‍ട്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഓരോന്നും മികച്ചതാക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ ആട്ടത്തില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ചു നടൻ. ഈ വര്‍ഷം പുറത്തിറങ്ങിയ സംശയം എന്ന ചിത്രത്തിലെ അഭിനയത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ തമാശ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ.

തമാശ എന്ന സിനിമയിലെ ശ്രീനിവാസൻ മാഷ് ഒരിക്കലും മനസില്‍ നിന്നും പോകില്ലെന്നും ആ സിനിമയോട് ആത്മബന്ധമുണ്ടെന്നും വിനയ് ഫോര്‍ട്ട് പറയുന്നു. സന്തോഷം നല്‍കുന്ന മറ്റൊരു കഥാപാത്രം മാലിക്കിലേത് ആണെന്നും അദ്ദേഹം പറഞ്ഞു.

ആ ചിത്രത്തിലെ കഥാപാത്രം പലതരത്തില്‍ പരീക്ഷിച്ചിട്ടുണ്ടെന്നും കൂടുതല്‍ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ താന്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും വിനയ് പറയുന്നു. നായകനാകുന്നത് മാത്രമല്ല സിനിമ കണ്ടുകഴിയുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനമെന്നും വിനയ് കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമാശ എന്ന സിനിമയിലെ ശ്രീനിവാസന്‍ മാഷ് ഒരിക്കലും മനസില്‍ നിന്ന് പോകില്ല. ആ സിനിമയോട് എന്റെ കുഞ്ഞിനോടെന്നപോലെ ആത്മബന്ധമുണ്ട്. സന്തോഷം നല്‍കുന്ന മറ്റൊരു കഥാപാത്രം മാലിക്കിലേതാണ്. ഡേവിഡ് ക്രിസ്തുദാസിന്റെ ഇമോഷണല്‍ ജേര്‍ണി എന്നിലെ നടനിലെ വികാരപ്രകടനങ്ങളെ പലതരത്തില്‍ പരീക്ഷിച്ചു.

ഏറ്റവും വെല്ലുവിളി നല്‍കുന്ന, എക്‌സൈറ്റ്‌മെന്റ് നല്‍കുന്ന, കൗതുകം ജനിപ്പിക്കുന്ന കഥാപാത്രങ്ങളെ ഞാന്‍ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ, കൂടുതല്‍ വെല്ലുവിളികളുള്ള കഥാപാത്രങ്ങള്‍ എന്നെത്തേടി വരാനിരിക്കുന്നതേയുള്ളു. നായകനാവുക എന്നതല്ല, സിനിമ കണ്ടുകഴിയുമ്പോള്‍ നമ്മള്‍ പ്രേക്ഷകരുടെ മനസില്‍ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം’ വിനയ് ഫോര്‍ട്ട് പറയുന്നു.

Content Highlight: Vinay Fort Talking about Thamasha Movie