മമ്മൂക്ക ചെയ്ത ആ കഥാപാത്രം വേറൊരു നടനും പുള്‍ ഓഫ് ചെയ്യാന്‍ പറ്റില്ല: വിനയ് ഫോര്‍ട്ട്
Entertainment
മമ്മൂക്ക ചെയ്ത ആ കഥാപാത്രം വേറൊരു നടനും പുള്‍ ഓഫ് ചെയ്യാന്‍ പറ്റില്ല: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th February 2024, 12:44 pm

പ്രേമത്തിലെ വിമല്‍ സാര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് വിനയ് ഫോര്‍ട്ട്. നായകനായും സഹനടനായും നിരവധി സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വിനയ്ക്ക് സാധിച്ചു. ഈ വര്‍ഷം ആദ്യം റിലീസായ ആട്ടം എന്ന സിനിമയിലും ഗംഭീര പ്രകടനമായിരുന്നു വിനയ്‌യുടേത്. ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ഫാമിലിയാണ് വിനയ് ഫോര്‍ട്ടിന്റെ പുതിയ ചിത്രം. കഴിഞ്ഞ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ. യില്‍ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി ടി.വി. ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കഥാപാത്രങ്ങളെപ്പറ്റി താരം സംസാരിച്ചു. വില്ലന്‍ കഥാപാത്രങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന രണ്ട് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘വില്ലന്‍ കഥാപാത്രത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് വിധേയനിലെ കഥാപാത്രമാണ്. ആ കഥാപാത്രം മൈന്‍ഡ് ബ്ലോയിങ്ങാണ്. മമ്മൂക്ക ചെയ്ത കഥാപാത്രങ്ങളില്‍ എന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണ് അത്. അവസാനം മമ്മൂക്കയെ കണ്ടപ്പോള്‍ പോലും ഞാന്‍ അതിനെപ്പറ്റി സംസാരിച്ചു. ആ മാനറിസവും, ഇരുത്തവും, ഡയലക്ടും എല്ലാം വേറെയാര്‍ക്കും പുള്‍ ഓഫ് ചെയ്യാന്‍ പറ്റില്ല. അതുപോലെ, രാജാവിന്റെ മകനിലെ വിന്‍സെന്റ് ഗോമസും ഇഷ്ടപ്പെട്ട കഥാപാത്രമാണ്. പറയാന്‍ നിന്നാല്‍ പത്തഞ്ഞൂറ് കഥാപാത്രങ്ങളെപ്പറ്റി പറയാം. പക്ഷേ പെട്ടെന്ന് മനസിലേക്ക് വന്നത് ഇതുരണ്ടുമാണ്,’ വിനയ് പറഞ്ഞു.

ന്യൂട്ടണ്‍ സിനിമാസാണ് ഫാമിലി നിര്‍മിക്കുന്നത്. ദിവ്യ പ്രഭ, ആര്‍ഷ ബൈജു, മാത്യു തോമസ്, ജോളി ചിറയത്ത്, സജിത മഠത്തില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഫെബ്രുവരി 23ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Vinay Fort saying that his favorite character is Bhaskara Pattelar