ഫഹദ് ഫാസിലും മടിയില്ലാതെ പ്രൊമോട്ട് ചെയ്യാന്‍ വന്ന സിനിമയാണ് അത്: വിനയ് ഫോര്‍ട്ട്
Entertainment
ഫഹദ് ഫാസിലും മടിയില്ലാതെ പ്രൊമോട്ട് ചെയ്യാന്‍ വന്ന സിനിമയാണ് അത്: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th May 2025, 6:47 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനയ് ഫോര്‍ട്ട്. 2009ല്‍ ഋതു എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും മികച്ചതാക്കാന്‍ ശ്രമം നടത്തുന്ന നടന്‍ കൂടിയാണ് വിനയ്.

ഒരേ സമയം നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്. ഇപ്പോള്‍ വിനയ്‌യുടേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സംശയം.

ഈ സിനിമയുടെ പ്രൊമോഷന്‍ വീഡിയോകളെല്ലാം നേരത്തെ തന്നെ വൈറലായിരുന്നു. വിനയ് ഫോര്‍ട്ടും ഫഹദ് ഫാസിലും സംശയത്തോടെ പരസ്പരം നോക്കുന്നതും, വിനയ് ഫോര്‍ട്ടും ലിജോമോള്‍ ജോസും ഒരുമിച്ചുള്ള വീഡിയോയുമൊക്കെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒപ്പം നടന്‍ ജോമോന്‍ ജ്യോതിറിന്റെ ചിരിയും സംശയവും മിക്‌സ് ചെയ്ത് കൊണ്ടുള്ള വീഡിയോയും ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ പ്രൊമോഷന്‍ വീഡിയോകളെ കുറിച്ച് പറയുകയാണ് വിനയ് ഫോര്‍ട്ട്.

സംശയം സിനിമയുടെ പ്രൊമോഷന് വേണ്ടി ജോമോന്‍ ജ്യോതിര്‍ ഒരു വീഡിയോ ചെയ്തിരുന്നു. ഞാന്‍ ആയിരുന്നു അവനോട് ആ വീഡിയോ ചെയ്യാമെന്ന് പറയുന്നത്. എല്ലാ ഇമോഷന്റെ കൂടെയും ചേര്‍ക്കാന്‍ പറ്റുന്ന ഒന്നാണ് സംശയം.

നമ്മള്‍ മനസ് കൊണ്ട് അടുപ്പമുള്ള ആളുകളോട് എപ്പോഴും സിനിമ റിലീസാകുന്ന സമയത്തൊക്കെ സഹായം ചോദിക്കുമല്ലോ. അങ്ങനെ ഫഹദിനെ കണ്ടിരുന്നു. ഫഹദും മടിയില്ലാതെ പ്രൊമോട്ട് ചെയ്യാന്‍ വന്ന സിനിമയാണ് സംശയം. അത് വളരെ വലിയ കാര്യമാണ്.

ജോമോനോട് പറഞ്ഞപ്പോള്‍ അവന്‍ പെട്ടെന്ന് തന്നെ ഓക്കെയായി. അവന്റെ ഒറിജിനല്‍ പരിപാടിയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടത്. ആക്ടര്‍ എന്ന നിലയില്‍ അവന് സ്‌ട്രെങ്ങ്ത്തുള്ള ഒരു ഏരിയയുണ്ട്. ചിരിയുടെ ഇടയില്‍ സംശയം വരുന്ന ഒരു പരിപാടിയുണ്ട്.

അങ്ങനെയൊന്ന് ചെയ്യാമെന്ന് അവനോട് പറഞ്ഞത് ഞാനായിരുന്നു. അവന്‍ അത് വളരെ പെട്ടെന്ന് തന്നെ ചെയ്യുകയും ചെയ്തു. ഞാന്‍ അത് എന്നിട്ട് വെറുതെ എന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വളരെ രസമുള്ള പ്രൊമോഷന്‍ വീഡിയോ ആയിരുന്നു അത്,’ വിനയ് ഫോര്‍ട്ട് പറയുന്നു.

സംശയം:

നവാഗതനായ രാജേഷ് രവി കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് എത്തുന്ന ചിത്രമാണ് സംശയം. വിനയ് ഫോര്‍ട്ടിന് പുറമെ ഷറഫുദ്ദീന്‍, ലിജോമോള്‍ ജോസ്, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. 1895 സ്റ്റുഡിയോസിന്റെ ബാനറില്‍ സുരാജ് പി.എസ്, ഡിക്‌സണ്‍ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് സംശയം നിര്‍മിച്ചിരിക്കുന്നത്.


Content Highlight: Vinay Forrt Talks About Promotion Videos Of Samshayam Movie And Fahadh Faasil