മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് വിനയ് ഫോർട്ട്. ‘ഋതു’, ‘പ്രേമം’, ‘തമാശ’, ‘മാലിക്’, ‘ആട്ടം’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ച താരം കരിയറിലെ പാഷനും കഴിവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് . മനോരമ മാക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
‘പാഷൻ ഉള്ളതുകൊണ്ട് മാത്രം നമ്മൾ വിജയിക്കണമെന്നില്ല. അവിടെ ‘സ്മാർട്ട് വർക്ക്’ എന്ന് പറയുന്ന പരിപാടിയും വളരെ പ്രധാനമാണ്. ഞാൻ വിശ്വസിക്കുന്നത്, ഏത് മേഖലയിലുമായിക്കൊള്ളട്ടെ, നിങ്ങൾ അത്രയധികം പാഷനേറ്റ് ആണെങ്കിൽ നിങ്ങൾക്ക് അതിൽ നിന്നും ഒരു ജീവിതമാർഗ്ഗം കണ്ടെത്താൻ കഴിയും. ചിലപ്പോൾ നമുക്ക് ലംബോർഗിനിയോ റോൾസ് റോയ്സോ പോലെയുള്ള വലിയ കാര്യങ്ങളൊന്നും നേടാൻ കഴിഞ്ഞെന്ന് വരില്ല, പക്ഷേ അത് നടക്കാതിരിക്കുകയുമില്ല.
ഒരാൾക്ക് ഫോട്ടോ എടുക്കാനാണ് ഇഷ്ടം, അല്ലെങ്കിൽ എഴുതാനാണ് ഇഷ്ടം, അതുമല്ലെങ്കിൽ അഭിനയിക്കാനാണ് ഇഷ്ടമെങ്കിൽ അവർക്ക് ഒരു തിരിച്ചറിവ് ഉണ്ടാകേണ്ട ആവശ്യകതയുണ്ട്. ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ആയും അല്ലാതെയും ഒക്കെ ആളുകൾ എന്നോട് എപ്പോഴും ചോദിക്കുന്ന ഒന്നാണ്, ‘എനിക്ക് അഭിനയിക്കാൻ താത്പര്യമുണ്ട്, എങ്ങനെയാണ് അവസരം ലഭിക്കുക’ എന്നൊക്കെ. പക്ഷേ ഇവർക്കൊക്കെ ഉണ്ടാകേണ്ട തിരിച്ചറിവ് എന്തെന്നാൽ, പാഷൻ ഉള്ളതുകൊണ്ട് മാത്രം കാര്യമായില്ല, അത് ചെയ്യാനുള്ള പൊട്ടൻഷ്യൽ നമുക്കുണ്ടോ എന്ന് സ്വയം നോക്കേണ്ടതുണ്ട്.
ചിലപ്പോൾ ആളുകൾക്ക് കേവലം ആഗ്രഹം മാത്രമായിരിക്കും ഉണ്ടാവുക. സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹിക്കുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ അത് ചെയ്യാനുള്ള കഴിവ് നമുക്കുണ്ടോ, നമ്മൾ അതിന് യോഗ്യരാണോ , അതോ സിനിമയിലെ പ്രശസ്തിയും പൈസയും മാത്രമാണോ നമ്മൾ ലക്ഷ്യം വെക്കുന്നത് എന്നൊക്കെയുള്ള തിരിച്ചറിവുണ്ടല്ലോ, അത് ഭയങ്കര പ്രധാനമാണ്.
ഉദാഹരണത്തിന്, നാളെ സിനിമ ഇത്ര പോപ്പുലറായ ഒരു മാധ്യമമല്ല എന്ന് പറഞ്ഞാൽ പോലും എനിക്ക് ജീവിക്കാൻ സിനിമയോ അതിനോട് അനുബന്ധിച്ചുള്ള മറ്റ് കലകളോ തന്നെയായിരിക്കും ഞാൻ തെരഞ്ഞെടുക്കുക, അതിൽ നിന്നും ജീവിക്കാൻ പറ്റിയാൽ മതി. ഞാൻ നാടകം കളിക്കും, സിനിമയിൽ അഭിനയിക്കും, സിനിമയുണ്ടാക്കും, അല്ലെങ്കിൽ ആരുടെയെങ്കിലും കൂടെച്ചേർന്ന് സിനിമക്ക് വേണ്ടി എഴുതും. കാരണം എന്റെ ജീവിതവും കർമ്മമേഖലയും ഇതാണ്. അപ്പോൾ ഈ തിരിച്ചറിവുകൾ പ്രധാനമാണ്. ഭയങ്കര ടാലന്റൊന്നും വേണ്ട, പക്ഷേ അത്യാവശ്യം നല്ല കോമൺ സെൻസും ഒരു നടന് വേണ്ട ചില അടിസ്ഥാനപരമായ കാര്യങ്ങളും ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്,’ വിനയ് ഫോർട്ട് പറഞ്ഞു.