കല്യാണം, കുട്ടികൾ, ലോൺ, ഇതാണോ ജീവിതം? : വിനയ് ഫോർട്ട്
Malayala cinema
കല്യാണം, കുട്ടികൾ, ലോൺ, ഇതാണോ ജീവിതം? : വിനയ് ഫോർട്ട്
നന്ദന. ടി
Sunday, 5th July 2026, 1:38 pm

മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് വിനയ് ഫോർട്ട്. ‘ഋതു’, ‘പ്രേമം’, ‘തമാശ’, ‘മാലിക്’, ‘ആട്ടം’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ച താരം, വിവാഹം, കുടുംബജീവിതം,  എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ്. മനോരമ മാക്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

വിനയ് ഫോർട്ട.photo.screen grab/youtube

‘ഈ മാര്യേജ് എന്ന് പറയുന്ന സിസ്റ്റത്തിനോട് വലിയ താത്പര്യമുണ്ടോ എന്ന് ചോദിച്ചാൽ, ശരിക്കും എനിക്കറിയില്ല. ഞാനും എന്റെ ഭാര്യയും തമ്മിൽ ഒരു പ്രശ്നവുമില്ല. ഭയങ്കര സമാധാനപരമായിട്ടാണ് ഞങ്ങൾ ജീവിക്കുന്നത്. എന്നാലും മാര്യേജ് എന്ന പറയുന്ന സിസ്റ്റം തന്നെയായിരുന്നോ വേണ്ടിയിരുന്നത് എന്നൊരു ചിന്ത എനിക്കുണ്ട്.

കാരണം നമ്മൾ ജനിക്കുന്നു, പിന്നെ വലുതാകുന്നു, സ്കൂളിൽ പോകുന്നു, കോളേജിൽ പോകുന്നു, ജോലി കിട്ടുന്നു, കല്യാണം കഴിക്കുന്നു, കുട്ടികളുണ്ടാകുന്നു, വീടിന് വേണ്ടി ലോൺ എടുക്കുന്നു, അത് അടച്ചുതീർക്കുന്നു, പിന്നെ മരിക്കുന്നു. ഇതാണല്ലോ ഒരു സിസ്റ്റം. അപ്പോൾ ഇങ്ങനെയാണോ ജീവിക്കേണ്ടത് എന്ന് എനിക്ക് ശരിക്കും അറിയില്ല. ഞാൻ കൺഫ്യൂസ്ഡ് ആണ്.

എന്റെ പാർട്ണറിൽ ഞാൻ ഹാപ്പിയാണ്. പക്ഷേ ആ സിസ്റ്റം നമ്മളെ എവിടെയോ റെസ്ട്രിക്ട് ചെയ്യുന്ന പോലെ എനിക്ക് എപ്പോഴും തോന്നാറുണ്ട്. മാറിനിന്ന് നോക്കുമ്പോൾ കുട്ടികളുണ്ടാകാനും അവരെ വളർത്താനുമാണ് ഈ സിസ്റ്റം എന്ന് എനിക്ക് തോന്നാറുണ്ട്.

പിന്നെ എന്റെ ഒരു ഭാഗ്യം എന്ന് പറയുന്നത്, ഒരു തരത്തിലും ബുദ്ധിമുട്ടിക്കാത്ത ഒരു പാർട്ണറെയാണ് എനിക്ക് കിട്ടിയത് എന്നതാണ്. അങ്ങനെയാണ് ഞാൻ എന്റെ കല്യാണത്തിലേക്ക് എത്തുന്നത്. സൗമ്യ എന്നാണ് എന്റെ ഭാര്യയുടെ പേര്. അവൾ ഒരു ഫോൺ പോലും ചെയ്ത് ഡിസ്റ്റർബ് ചെയ്യില്ല. ഒട്ടും ഡിമാൻഡിങ് അല്ല. അവൾ ഭയങ്കര ഇൻഡിപെൻഡന്റായ വ്യക്തിയാണ്. അവൾക്ക് അവളുടെ പേഴ്സണൽ സ്പേസ് ഉണ്ട്. റിസർച്ച് ചെയ്ത് പി.എച്ച്.ഡിയും നേടി. സൗമ്യയ്ക്ക് ഇഷ്ടമുള്ള രീതിയിൽ അവൾ ജീവിക്കുന്നു. ഞാൻ എനിക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കുന്നു. ഞങ്ങൾ ഒരുമിച്ച് പാരന്റിങ് ചെയ്യുന്നു.

പിന്നെ വർഷങ്ങൾ കഴിയും തോറും നമ്മുടെ പെർസ്പെക്റ്റീവ്സ് ഒരുപാട് മാറും. പാർട്ണറോട് കൂടുതൽ റെസ്പെക്ട്ഫുൾ ആകും. ഞങ്ങൾ പ്രണയിച്ച് പിന്നീട് വിവാഹം കഴിച്ചവരാണ്. പക്ഷേ സിനിമകളിൽ കാണുന്നതുപോലെയായിരുന്നില്ല ഞങ്ങളുടെ പ്രണയം. വളരെ ലളിതമായിരുന്നു.

പിന്നീട് ഒരു കുട്ടിയുടെ അമ്മ, അല്ലെങ്കിൽ എന്റെ മകന്റെ അമ്മ എന്ന സ്ഥാനം ഭയങ്കര ഇമ്പോർട്ടന്റാണ്. അത് പലപ്പോഴും ലൗവിനേക്കാൾ മുകളിലുള്ള ഒരു വികാരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതിൽ വലിയൊരു റെസ്പെക്ട് ഉണ്ട്. ലോകത്ത് നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരാളാണ് അമ്മ. അതുകൊണ്ടുതന്നെ ‘അമ്മ’ എന്ന സ്ഥാനം വളരെ സേക്രഡാണ്. ഒരുപക്ഷേ അത് അവർക്ക് അറിയാമോ എന്നെനിക്ക് അറിയില്ല,’ വിനയ് ഫോർട്ട് പറഞ്ഞു.

വിനയ് ഫോർട്ട.photo.X

Content Highlight: Vinay Forrt talks about marraige and family life

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം