നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് സംശയം. ചിത്രത്തില്‍ ഷറഫുദീന്‍, വിനയ് ഫോര്‍ട്ട്, ലിജോ മോള്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഇപ്പോള്‍ സിനിമയെ പ്രൊമോട്ട് ചെയ്യാനായി ഫഹദ് ഫാസില്‍ ആണ് ആദ്യം തന്റെ കൂടെ നിന്നതെന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്.
താനു ഫഹദും കുറച്ചായി ഒരു സിനിമയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഓടും കുതിര ചാടും കുതിര എന്ന ആ സിനിമ അത്യാവശ്യം വലിയ സിനിമയാണെന്നും വിനയ് പറയുന്നു. തന്റെ സംശയം എന്ന സിനിമ റിലീസിനോട് അടുത്ത സമയമായിരുന്നു അപ്പോഴെന്നും താന്‍ ഫഹദിന്റെ അടുത്ത് തന്റെ കൂടെ ഒരു പ്രൊമോഷന്‍ വീഡിയോ പോലെ ചെയ്യുമോ എന്ന് ചോദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മറിച്ചൊന്നും പറയാതെ ഫഹദ് അപ്പോള്‍ തന്റെ കൂടെ വീഡിയോ ചെയ്തുവെന്നും വിനയ് പറഞ്ഞു. താനും ഫഹദും തമ്മില്‍ നല്ലൊരു സൗഹൃദമുണ്ടെന്നും തനിക്ക് അദ്ദേഹത്തെ കളിയാക്കാനുള്ള ഫ്രീഡം ഉണ്ടെന്നും അദ്ദേഹം പറയുന്നു. അത്രയും വലിയ ഒരു ആക്ടര്‍ എന്റെ ഈ ചെറിയ സിനിമയെ സപ്പോര്‍ട്ട് ചെയ്യാനായി നിന്നുവെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. റെഡ്. എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുറച്ച് അധികം നാളുകളായിട്ട് ഞാനും ഫഹദ് ഫാസിലും ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഓടും കുതിര ചാടും കുതിര. അത് കുറച്ച് വലിയ സിനിമയാണ്. ഫഹദും ഞാനും കൂടെ ഇരുന്നപ്പോള്‍ ഞാന്‍ ഫഹദിന്റെ അടുത്തു പറഞ്ഞിരുന്നു, എനിക്ക് വളരെ പ്രിയപ്പെട്ട ഒരു സിനിമ (സംശയം) റിലീസാകുന്നുണ്ട്. എങ്ങനെ ആളുകളിലേക്ക് എത്തും എന്നൊക്കെ ഒരു ചിന്തയുണ്ടായിരുന്നു. കാരണം ഞങ്ങള്‍ ഫസ്റ്റ് ലുക്കൊക്കെ ഇറക്കിയത് കുറച്ച് സര്‍ട്ടില്‍ പരിപാടിയായിട്ടാണ്. ഇത് ആളുകളിലേക്ക് എത്താന്‍ എന്തെങ്കിലും ചെയ്യണം ‘താന്‍ എന്റെ കൂടെ ഒരു വീഡിയോ ചെയ്യാമോ’ എന്ന് ചോദിച്ചു.
ഒരു സെക്കറ്റ് പോലും എടുത്തില്ല, ഞാനൊന്ന് ആലോചിക്കട്ടേ എന്ന് പോലും ഫഹദ് പറഞ്ഞില്ല. ‘ താന്‍ പറഞ്ഞാല്‍ മതി ഞാന്‍ ചെയ്യാം’ എന്ന് പറഞ്ഞു. ഞങ്ങള് അഞ്ചാറ് സിനിമയായി ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത്. ഞങ്ങളുടെ ഉള്ളിലെയൊരു കണക്ഷന്‍ അതാണ്. എനിക്ക് ഫഹദിനെ കളിയാക്കാനൊക്കെ ഫ്രീഡം ഉണ്ട്. ഫഹദായിരുന്നു ഈ സിനിമയുടെ കൂടെ ആദ്യമായിട്ട് നിന്നത്. ഞങ്ങള്‍ ആ വീഡിയോ എടുക്കാന്‍ ഒരു മിനിറ്റ് എടുത്തില്ല. ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യയിലെ തന്നെ ഫൈനസ്റ്റായിട്ടുള്ള ആക്ടറാണ് അദ്ദേഹം. അയാള്‍ നമ്മളുടെ ചെറിയ സിനിമക്ക് വേണ്ടി നമ്മുടെ കൂടെ നില്‍ക്കുകയാണ്. ഒരു മിനിറ്റ് പരിപാടി തീര്‍ത്ത് അദ്ദേഹത്തെ ഞാന്‍ ഫ്രീയാക്കി,’ വിനയ് ഫോര്‍ട്ട് പറയുന്നു.
Content highlight: Vinay forrt talks about Fahadh faasil