ആ കാര്യത്തില്‍ എനിക്ക് ഫഹദിനോട് അസൂയ; സ്റ്റാറായാല്‍ ഞാനും അത് ഉപേക്ഷിക്കും: വിനയ് ഫോര്‍ട്ട്
Entertainment
ആ കാര്യത്തില്‍ എനിക്ക് ഫഹദിനോട് അസൂയ; സ്റ്റാറായാല്‍ ഞാനും അത് ഉപേക്ഷിക്കും: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th May 2025, 7:07 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനയ് ഫോര്‍ട്ട്. 2009ല്‍ ഋതു എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും മികച്ചതാക്കാന്‍ ശ്രമം നടത്തുന്ന നടന്‍ കൂടിയാണ് വിനയ്.

ഒരേ സമയം നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തെ കുറിച്ചും നടന്‍ ഫഹദ് ഫാസിലിനെ കുറിച്ചും പറയുകയാണ് വിനയ്.

‘എനിക്ക് എന്നോട് തന്നെ തോന്നുന്ന ഒരു സംശയം പറയട്ടെ. ഒരു കാര്യവും ഇല്ലാതെ ഞാനൊരു ഫോണ്‍ കൊണ്ടു നടക്കുന്നുണ്ട്. എന്റെ ഒരു ദിവസത്തെ ഏറ്റവും കൂടുതല്‍ സമയം അപഹരിക്കുന്നത് ആ ഫോണാണ്.

നടന്‍ ഫഹദ് ഫാസിലിന് സ്മാര്‍ട്ട് ഫോണില്ല. അദ്ദേഹം ചെറിയ ഫോണാണ് ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയൊന്നുമില്ല. ഇന്‍സ്റ്റഗ്രാമൊന്നും ഇല്ലാത്ത ആളാണ് ഫഹദ്. എനിക്ക് ആ കാര്യത്തില്‍ അദ്ദേഹത്തോട് അസൂയയുണ്ട്.

ഞാന്‍ സ്റ്റാറായി കഴിഞ്ഞാല്‍ ഈ സ്മാര്‍ട്ട് ഫോണൊക്കെ ഉപേക്ഷിച്ചിട്ട് ഞാനും അതുപോലെ ഇങ്ങോട്ട് വിളിക്കുന്നവരുടെ കോള്‍ മാത്രം എടുക്കുന്ന തരത്തിലാകും. അത് എനിക്ക് നിര്‍ബന്ധമാണ് കേട്ടോ. ആര് വിളിച്ചാലും ഞാന്‍ കോള്‍ എടുക്കും.

കാരണം ഞാന്‍ ആളുകളെ വിളിക്കുമ്പോള്‍ അവര്‍ കോള്‍ എടുക്കുമെന്നാണ് എന്റെ പ്രതീക്ഷ. അതുകൊണ്ട് ഞാന്‍ എല്ലാ കോളും എടുക്കുക തന്നെ ചെയ്യും. ഞാന്‍ ഈയിടെ നോക്കുമ്പോള്‍ ഇന്‍സ്റ്റയൊക്കെ എന്റെ ഒരുപാട് സമയം അപഹരിക്കുന്നുണ്ട്.

ഒട്ടും കാണേണ്ടതല്ലാത്ത കാര്യങ്ങളാണ് അതിലൊക്കെയുള്ളത്. ഒട്ടുമിക്ക കോണ്ടന്റുകളും നെഗറ്റീവായിരിക്കും. പാവപ്പെട്ട മനുഷ്യരെ കളിയാക്കി കൊണ്ടുള്ളവയൊക്കെ വരും.

ഒട്ടും ഡിസേര്‍വിങ്ങല്ലാത്ത ആളുകള്‍ സെലിബ്രേറ്റ് ചെയ്യുന്ന ഒരു സ്‌പേസാണ് സോഷ്യല്‍ മീഡിയ. അവിടെ ആര്‍ട്ടിനോ സത്യസന്ധതയ്‌ക്കോ ഒരു വാല്യുവുമില്ല.

ഓരോന്നും കണ്ട ശേഷം ഞാന്‍ എന്നോട് തന്നെ ‘എന്തിനാണ് ഞാന്‍ കണ്ടതെന്ന്’ ചോദിക്കാറുണ്ട്. സ്റ്റാറായിട്ട് ഞാന്‍ സ്മാര്‍ട്ട് ഫോണൊക്കെ ഉപേക്ഷിക്കാന്‍ നില്‍ക്കുകയാണ്. കാരണം അപ്പോള്‍ നമ്മള്‍ ഇത്രയും അപ്‌ഡേറ്റഡ് ആകേണ്ടല്ലോ,’ വിനയ് ഫോര്‍ട്ട് പറയുന്നു.


Content Highlight: Vinay Forrt Talks About Fahadh Faasil