വന്ന സമയം ശരിയല്ലെന്ന് ഞാൻ അവനോട് പറഞ്ഞു, പക്ഷെ മമ്മൂക്ക ഞങ്ങളെ പിറ്റേന്ന് തന്നെ വിളിച്ച് അത്ഭുതപ്പെടുത്തി: വിനയ് ഫോർട്ട്‌
Entertainment
വന്ന സമയം ശരിയല്ലെന്ന് ഞാൻ അവനോട് പറഞ്ഞു, പക്ഷെ മമ്മൂക്ക ഞങ്ങളെ പിറ്റേന്ന് തന്നെ വിളിച്ച് അത്ഭുതപ്പെടുത്തി: വിനയ് ഫോർട്ട്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 10:17 am

ഈയിടെ തിയേറ്ററിൽ എത്തി വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ആട്ടം.

നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോർട്ട്, സറിൻ ശിഹാബ് കലാഭവൻ ഷാജോൺ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ.

ആട്ടത്തിന്റെ കാര്യം മമ്മൂട്ടിയോട് പറയാനായി ടർബോ മൂവിയുടെ ലൊക്കേഷനിൽ പോയെന്നും അവിടെ മമ്മൂട്ടി തുടർച്ചയായി 25 ദിവസത്തോളം സീനുകളുടെ ഷൂട്ടിലായിരുന്നുവെന്നും വിനയ് ഫോർട്ട്‌ പറയുന്നു.

എന്നാൽ പിറ്റേന്ന് സിനിമയുടെ പ്രമോഷൻ പരിപാടി നടക്കുന്നതിനിടയിൽ മമ്മൂട്ടി തങ്ങളെ വിളിച്ച് സിനിമ കണ്ട കാര്യം പറഞ്ഞെന്നും വിനയ് ഫോർട്ട്‌ പറയുന്നു. ഫിലിംബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു വിനയ് ഫോർട്ട്‌.

‘അയച്ചിടു സമയം കിട്ടുന്ന പോലെ കാണമെന്ന് മമ്മൂക്ക പറഞ്ഞു. ചിലപ്പോൾ ഒരു ആഴ്ച്ചയെടുക്കും, ചിലപ്പോൾ പകുതി കാണും, കാരണം അറിയാമല്ലോ ഇവിടെ നല്ല തിരക്കാണ്. അതും പറഞ്ഞ് പുള്ളി പോയി. അദ്ദേഹം നല്ല സ്നേഹത്തോടെയാണ് ഞങ്ങളോട് പെരുമാറിയത്.

ഞാൻ ആനന്ദിനോട് പറഞ്ഞു, നമ്മൾ തെറ്റായ സമയത്താണ് വന്നതെന്ന്. കാരണം ഫൈറ്റ് ഷൂട്ട്‌ ചെയ്യുന്ന ദിവസം നമ്മളെ കാണാൻ വേറൊരാൾ വന്നാൽ നമുക്ക് വെറുപ്പാണ്. കാരണം രാവിലെ തുടങ്ങി ഇടിയാണ്. ഫിസിക്കലി നമ്മൾ നന്നായി ക്ഷീണിച്ചിട്ടുണ്ടാവും. ഞാൻ ആനന്ദിനോട്‌ പറഞ്ഞു, നമ്മൾ വന്ന സമയം തെറ്റിപ്പോയെന്ന്. മമ്മൂക്ക എപ്പോഴെങ്കിലും കാണുമായിരിക്കും എന്ന പ്രതീക്ഷയോടെ ഞങ്ങൾ പോയി.

കഴിഞ്ഞ ദിവസം ദുബായിൽ സിനിമയുടെ പ്രൊമോഷൻ നടക്കുമ്പോൾ മമ്മൂക്ക ഞങ്ങളെ വിളിച്ചു. മമ്മൂക്ക അന്നത്തെ ഫൈറ്റ് കഴിഞ്ഞ് പോയിട്ട് അന്ന് തന്നെ പടം മുഴുവൻ കണ്ടു. എന്നിട്ട് പിറ്റേ ദിവസം തന്നെ ഞങ്ങളെ ഫോൺ ചെയ്തു. ലേജൻഡ്സ് ഉണ്ടാവുന്നത് അങ്ങനെയാണ്. അവരും നമ്മളും തമ്മിലുള്ള വ്യത്യാസം അതാണ്.

നമ്മൾ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ വേറെയൊരു സിനിമ കാണുകയെയില്ല. നമ്മൾ ഇതിന് പിന്നാലെയുള്ള ഓട്ടമല്ലേ. മമ്മൂക്ക വിളിച്ചത് വലിയ സന്തോഷം തന്ന കാര്യമായിരുന്നു,’വിനയ് ഫോർട്ട്‌ പറയുന്നു.

Content Highlight: Vinay Forrt Talk About Mammootty