ആ മലയാള നടന്റെ നമ്പര്‍ ചോദിച്ച് ബോളിവുഡില്‍ നിന്ന് കോളുകള്‍ വരാറുണ്ട്; ഞാന്‍ ആര്‍ക്കും കൊടുക്കില്ല: വിനയ് ഫോര്‍ട്ട്
Entertainment
ആ മലയാള നടന്റെ നമ്പര്‍ ചോദിച്ച് ബോളിവുഡില്‍ നിന്ന് കോളുകള്‍ വരാറുണ്ട്; ഞാന്‍ ആര്‍ക്കും കൊടുക്കില്ല: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th May 2025, 9:17 am

2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് വിനയ് ഫോര്‍ട്ട്. ഒരേ സമയം നര്‍മം നിറഞ്ഞ കഥാപാത്രങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമാണ്.

അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ എത്തിയ പ്രേമം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട വിനയ് ഫോര്‍ട്ട് പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായിരുന്നു. നടന്‍ ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കാനും ഫഹദുമായി സൗഹൃദം സൂക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസിലിനെ കുറിച്ച് പറയുകയാണ് വിനയ്. അദ്ദേഹത്തിന് സ്മാര്‍ട്ട് ഫോണില്ലെന്നും എന്തുകൊണ്ടാണ് അത് ഒഴിവാക്കിയതെന്ന് താന്‍ ചോദിച്ചിട്ടില്ലെന്നുമാണ് നടന്‍ പറയുന്നത്.

ഒപ്പം ബോളിവുഡില്‍ നിന്ന് പോലും പലരും തന്നെ വിളിച്ച് ഫഹദിന്റെ നമ്പര്‍ ചോദിക്കാറുണ്ടെന്നും എന്നാല്‍ താന്‍ അവര്‍ക്കൊന്നും നമ്പര്‍ കൊടുക്കാറില്ലെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

‘ഫഹദ് ഫാസിലിന് സ്മാര്‍ട്ട് ഫോണില്ല. എന്തുകൊണ്ടാണ് സ്മാര്‍ട്ട് ഫോണ്‍ ഒഴിവാക്കിയതെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. അത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കാര്യമാണ്. പിന്നെ ഇപ്പോള്‍ ഫഹദിന് പിന്നാലെ ആളുകള്‍ നടക്കുന്ന സമയമാണ്.

അദ്ദേഹം എവിടെയുണ്ടെന്ന് തപ്പി ആളുകള്‍ വരുന്നുണ്ട്. ഫഹദ് ഒരു പ്രൈവസിക്ക് വേണ്ടി തന്നെയാണ് ചെയ്യുന്നത്. ഞാന്‍ ബോംബൈ ഫിലിം സ്‌കൂളിലാണല്ലോ പഠിച്ചത്. അവിടുന്ന് ബോളിവുഡില്‍ നിന്നൊക്കെ ആളുകള്‍ എന്നെ വിളിച്ചിട്ട് അദ്ദേഹത്തെ കുറിച്ച് ചോദിക്കാറുണ്ട്.

ഫഹദിന്റെ നമ്പര്‍ കിട്ടുമോ എന്നാണ് ചോദിക്കാറുള്ളത്. പിന്നെ അദ്ദേഹത്തെ കാണാന്‍ പറ്റുമോയെന്ന് ചോദിക്കുന്നവരുമുണ്ട്. ആ തരത്തിലാണ് ഇപ്പോള്‍ ഫഹദ് ഫാസില്‍ എന്ന നടന്‍ ഇന്‍ഡസ്ട്രിയില്‍ പ്ലേസ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഞാന്‍ എല്ലാവരോടും അദ്ദേഹത്തിന്റെ നമ്പര്‍ എന്നോട് ചോദിക്കരുത് എന്നാണ് പറയാറുള്ളത്. എന്റെ കയ്യില്‍ ഫഹദിന്റെ പേഴ്‌സണല്‍ നമ്പറുണ്ട്. പക്ഷെ ഞാന്‍ അത് ആര്‍ക്കും കൊടുക്കില്ല. കാരണം അദ്ദേഹം എനിക്ക് പേഴ്‌സണല്‍ നമ്പര്‍ തന്നത് എന്നോടുള്ള വിശ്വാസം കൊണ്ടാണല്ലോ. അപ്പോള്‍ ഞാന്‍ ആര്‍ക്കും അത് ഷെയര്‍ ചെയ്യാന്‍ പാടില്ലല്ലോ,’ വിനയ് ഫോര്‍ട്ട് പറയുന്നു.


Content Highlight: Vinay Forrt Says He Got Calls From Bollywood Asking For Fahadh Faasil’s Mobile Number