ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
എയ്ഡ്‌സ് ബാധിതയായ യുവതി തടാകത്തില്‍ ആത്മഹത്യ ചെയ്തു; ഹുബ്ബള്ളിയില്‍ 36 ഏക്കര്‍ തടാകം വറ്റിക്കുന്നു
ന്യൂസ് ഡെസ്‌ക്
5 days ago
Thursday 6th December 2018 9:35am

ബെംഗളൂരു: എയ്ഡ്‌സ് ബാധിതയായ യുവതിയെ തടാകത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 36 ഏക്കര്‍ തടാകം വറ്റിക്കുന്നു. കര്‍ണാടകയിലെ ഹുബ്ബള്ളി നാവല്‍ഗുണ്ടിലെ മൊറാബയിലാണ് സംഭവം. കാര്‍ഷിക മേഖലകൂടിയാണ് ഈ പ്രദേശം.

ഒരാഴ്ച മുമ്പ് എയ്ഡ്‌സ് ബാധിച്ച യുവതി തടാകത്തില്‍ ആത്മഹത്യ ചെയ്തതോടെ ഭീതിയിലായ നാട്ടുകാര്‍ തടാകം വറ്റിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ 29നാണ് യുവതിയെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


നാവല്‍ഗുണ്ട് താലൂക്കിലെ ഏറ്റവും വലിയ തടാകമാണ് മൊറാബ. പ്രദേശത്തിന്റെ ഏക കുടിവെള്ള ആശ്രയവും മൊറാബയാണ്. വലിയ മേട്ടാറുകള്‍ ഉപയോഗിച്ച് അഞ്ചുദിവസമായി തടാകത്തിലെ വെള്ളം വറ്റിക്കുകയാണ്. ഇതോടെ, ഗ്രാമവാസികള്‍ മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച് മാലപ്രഭ കനാലില്‍ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.

എയ്ഡ്‌സ് ജലത്തിലൂടെ പകരില്ലെന്ന് ബോധവത്കരണം നല്‍കിയെങ്കിലും ഭീതിയിലാണ് നാട്ടുകാരെന്ന് ധാര്‍വാഡ് ജില്ലാ ആരോഗ്യ ഓഫിസര്‍ ഡോ. രാജേന്ദ്ര ദൊഡ്ഡാമണി പറഞ്ഞു.


ഹുബ്ബള്ളി-ധാര്‍വാഡ്, ഹാവേരി, ഗദക്, ബാഗല്‍കോട്ട് ജില്ലകളിലെ രൂക്ഷ കുടിവെള്ള പ്രശ്‌നത്തിനും കാര്‍ഷിക പ്രതിസന്ധിക്കും പരിഹാരമായി മഹാദായി നദിയില്‍ കലസ-ബണ്ഡൂരി അണക്കെട്ട് നിര്‍മിച്ച് ജലം മാലപ്രഭ നദിയിലൂടെ തിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ഈ മേഖലകളില്‍ സമരം നടക്കുകയാണ്. സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നുകൂടിയാണ് നാവല്‍ഗുണ്ട്.

Advertisement