ബെംഗളൂരു: കർണാടകയിൽ പശുക്കടത്ത് തടയാനെന്ന വ്യാജേനെ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച ശ്രീറാം സേന പ്രവർത്തകരെ കെട്ടിയിട്ട് മർദിച്ച് ഗ്രാമവാസികൾ. കർണാടക ബെൽഗാവിയിലാണ് സംഭവം. പശുക്കടത്ത് നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് സുൽത്താനപൂർ ഗ്രാമവാസിയായ ശിവപുത്ര ബസവണ്ണി സനദി ബെലഗാവിയുടെ കൈയിൽ നിന്നും ശ്രീരാമ സേനയിലെ അംഗങ്ങൾ പണം തട്ടാൻ ശ്രമിച്ചെന്നാണ് ആരോപണം.
കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനം ശ്രീരാമ സേന പ്രവർത്തകർ തടഞ്ഞുനിർത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് പിന്നാലെ നാട്ടുകാർ ഇവരെ ആക്രമിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ ഗോ രക്ഷാപ്രവർത്തകർക്കെതിരെയും അവരെ മർദിച്ചവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കന്നുകാലികളുമായി പോകുന്ന ശിവപുത്ര ബസവണ്ണി സനദി ബെലഗാവി എന്ന വ്യക്തിയുടെ വാഹനം തടഞ്ഞുനിർത്തി ശ്രീരാമ സേവനക്കാർ ആക്രമിച്ചിരുന്നു.
പിന്നാലെ കശാപ്പിനായി കന്നുകാലികളെ കൊണ്ടുപോയി എന്ന് ആരോപിച്ച് അഞ്ച് ശ്രീരാമ സേന പ്രവർത്തകർ തന്റെ വാഹനം തടഞ്ഞുനിർത്തി മർദിച്ചതായി ആരോപിച്ച് അദ്ദേഹം ജില്ലയിലെ യമകൻമാർഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ, ശ്രീരാമ സേനയിലെ അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. അതിൽ സ്ഥലത്തെ പ്രധാന ഗുണ്ടയായ മഹാവീർ സൊല്ലാപുരെ ഉൾപ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 189(2) (നിയമവിരുദ്ധമായ സംഘം ചേരൽ), 191(2) (കലാപമുണ്ടാക്കൽ), 115(2) ( പരിക്കേൽപ്പിക്കൽ), 352 ( മനപൂർവ്വം അപമാനിക്കൽ), 126(2) (തെറ്റായ നിയന്ത്രണം), 190 (നിയമവിരുദ്ധമായ സംഘം ചേരൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
അതേസമയം കന്നുകാലികളെ ഹുക്കേരി പൊലീസ് ഗോശാലയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
കശാപ്പിനായി കൊണ്ടുപോയെന്ന് ആരോപിക്കാപ്പെടുന്ന കന്നുകാലികൾ ക്ഷീരകൃഷിക്കായി കൊണ്ടുപോകുന്നവയായിരുന്നെന്ന് കന്നുകാലികളുടെ ഉടമയായ ബാബുസാബ് രാംജൻസാബ് മുൾട്ടാനി പൊലീസിനോട് പറഞ്ഞു. അദ്ദേഹം സാധുവായ രേഖകൾ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് കന്നുകാലികളെ വിട്ടു നൽകി. കന്നുകാലികളുമായി ഡ്രൈവറായ ശിവപുത്ര ബസവണ്ണി തിരികെ പോകവേ അദ്ദേഹത്തെ ശ്രീരാമ സേനക്കാർ വീണ്ടും തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു.
ഭയന്ന അദ്ദേഹം ഇംഗലി ഗ്രാമത്തിലുള്ള ബാബുസാബിന്റെ വീട്ടിലേക്ക് വണ്ടിയോടിച്ചു. പിന്നാലെയെത്തിയ ശ്രീരാമ സേന അംഗങ്ങൾ ബാബുസാബിന്റെ വീട്ടിൽ അതിക്രമിച്ചു കയറി. ആ സമയത്ത് വീട്ടിൽ സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗോസംരക്ഷണത്തിന്റെ മറവിൽ യുവാവ് സ്ത്രീകളോട് മോശമായി പെരുമാറിയെന്നും അതിക്രമിച്ചു കയറിയെന്നും ഗ്രാമവാസികൾ പറഞ്ഞു. സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിൽ രോഷാകുലരായ ഗ്രാമവാസികൾ അഞ്ച് പുരുഷന്മാരെയും മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് അടിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ശിവപുത്ര, ബാബുസാബ് എന്നിവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്.പി ഭീമശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: Villagers beat up Sri Ram Sene workers over cattle transport