വിളപ്പില്‍ ശാല മാലിന്യ പ്രശ്‌നം
Video News story
വിളപ്പില്‍ ശാല മാലിന്യ പ്രശ്‌നം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th December 2011, 8:32 pm

കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു ജനത വിളപ്പില്‍ ശാല ചവര്‍ ഫാക്ടറി മൂലം ദുരിതം അനുഭവിക്കുകയാണ്. പൂന്തോട്ടം നിര്‍മിക്കാനായാണ് സ്ഥലമെടുക്കുന്നതെന്ന് പ്രദേശ വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് നഗരസഭ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിളപ്പില്‍ ശാലയിലെ കണികാണും കുന്നെന്ന മനോഹരമായ താഴ്‌വര ഏറ്റെടുക്കുന്നത്.

പിന്നീട് ഇവിടേക്ക് രാത്രി കാലങ്ങളില്‍ നഗരത്തിലെ മാലിന്യവുമായി ചവര്‍ ലോറികള്‍ വരാന്‍ തുടങ്ങി. ആദ്യം കുറച്ച് വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങള്‍ ഒന്നും പ്രത്യക്ഷത്തില്‍ കണ്ടില്ലെങ്കിലും പിന്നീട് പലവിധ രോഗങ്ങളാല്‍ പ്രദേശ വാസികള്‍ ബുദ്ധിമുട്ടാന്‍ തുടങ്ങിയതോടെയാണ് ചവര്‍ ഫാക്ടറി തങ്ങളുടെ സ്വസ്ഥ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ പറ്റി അവര്‍ ബോധമാന്‍മാരായത്.

വായുവും വെള്ളവുമെല്ലാം മലിനമാക്കിയ ഫാക്ടറിക്കെതിരെ അവര്‍ സമരം ആരംഭിച്ചു. പുറത്ത് നിന്നെത്തുന്നവരേയും, സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുന്ന രാഷ്ട്രീയക്കാരെയും ഒരു പരിധിക്കപ്പുറം നാട്ടുകാര്‍ അടുപ്പിക്കാറില്ല. മാധ്യമ പ്രവര്‍ത്തകരെ പോലും സംശയത്തിന്റെ ദൃഷ്ടിയില്‍ മാത്രമേ അവര്‍ക്ക് കാണുവാന്‍ കഴിയുന്നുള്ളു. മാലിന്യ കേന്ദ്രമെന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭീകരത അവരെ അത്രമേല്‍ അരക്ഷിതമാക്കിയിരിക്കുന്നു.

വളരെ തന്ത്രപരമായ നേതൃത്വം സമരത്തിന് കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ മാധ്യമശ്രദ്ധ നേടിക്കൊടുത്തു. പഞ്ചായത്ത് സമരസമിതിക്കൊപ്പമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഫാക്ടറി അടച്ചുപൂട്ടാന്‍ പഞ്ചായത്ത് തീരുമാനിച്ചു. ലൈസന്‍സില്ലാതെയാണ് കമ്പനി പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പഞ്ചായത്തിന്റെ നടപടി. ഇതോടെ തിരുവനന്തപുരം നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചു.

കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവാക്കി നടത്തിയ വിളപ്പില്‍ശാല മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് പൂട്ടാന്‍ കഴിയില്ലെന്ന് തിരുവനന്തപ്പുരം നഗരസഭ നിലപാടെടുത്തു. വിളപ്പില്‍ശാല ചവര്‍ ഫാക്ടറി അടച്ചുപൂട്ടിയ പഞ്ചായത്ത് നടപടി സര്‍ക്കാര്‍ പിന്നീട് സ്‌റ്റേ ചെയ്തു. എന്നാല്‍ ചവര്‍ ലോറികള്‍ വിളപ്പില്‍ശാലയിലേക്ക് കടന്നാല്‍ ക്രമസമാധാനം തകരുമെന്നതിനാല്‍ ഫാക്ടറി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കില്ല എന്നാണ് കരുതപ്പെടുന്നത്. അതേസമയം, വാര്‍ഡുകള്‍ തോറും പ്ലാസ്റ്റിക്കുകള്‍ കുഴിച്ചു മൂടുന്ന കോര്‍പറേഷന്റെ പുതിയ മാലിന്യസംസ്‌കരണ രീതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. മൂന്നു മാസത്തേക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കേണ്ടതില്ലെന്ന കോര്‍പറേഷന്റെ തീരുമാനം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴി വെച്ചേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വിളപ്പില്‍ ശാല: ഒരു ജനതക്കുമേല്‍ സര്‍ക്കാര്‍ ചൊരിയുന്ന മാലിന്യം

Malayalam News
Kerala News in English