Administrator
Administrator
വിളപ്പില്‍ ശാല: ഒരു ജനതക്കുമേല്‍ സര്‍ക്കാര്‍ ചൊരിയുന്ന മാലിന്യം
Administrator
Saturday 24th December 2011 1:00pm

vilappil-sala

വിളപ്പില്‍ ശാലയില്‍ നിന്നും മാധ്യമപ്രവര്‍ത്തകന്‍ മുബാറക്ക് റാവുത്തര്‍ എഴുതുന്നു…

ചിത്രങ്ങള്‍: രാംകുമാര്‍

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാല ഗ്രാമപഞ്ചായത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചത് മാലിന്യ പ്രശ്‌നത്തിന്റെ പേരില്‍ അവിടെ നടക്കുന്ന ജനകീയ സമരങ്ങളുടെ പേരിലാണ്. കേരളത്തിന്റെ വിവിധ നഗരസഭാ പ്രദേശങ്ങള്‍ ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികളില്‍ ഏറ്റവും വലുതാണ് മാലിന്യ നിര്‍മാര്‍ജനവും അതിനായുള്ള സ്ഥലം കണ്ടെത്തലും.

വിളപ്പില്‍ശാല എന്ന പ്രകൃതി രമണീയമായ ഗ്രമം ഇന്ന് ചീഞ്ഞ് നാറുകയാണ്. ഇവിടേക്ക് പ്രവേശിക്കുന്നതിന്ന് അരകിലോമീറ്റര്‍ മുമ്പേ ദുര്‍ഗന്ധത്തിന്റെ വാസന നമ്മിലേക്കെത്തും. മാലിന്യ കേന്ദ്രത്തിന്റെ പരിസരത്തോട് അടുക്കുമ്പോള്‍ വല്ലാത്ത ശ്വാസം മുട്ടലും അസ്വസ്ഥതയുമാണ് അനുഭവിക്കേണ്ടി വരിക. ഇവിടെയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു ജനത ഇതൊക്കെ സഹിച്ച് കഴിഞ്ഞ് കൂടുന്നത്. ഇന്ന് അവര്‍ക്ക് ശ്വസിക്കുവാനുള്ള വായുവും, കുടിക്കുവാനുള്ള വെള്ളവും ആരുടെയൊക്കെയോ സ്വാര്‍ഥ താത്പര്യത്തിന്റെ പേരില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു. അവരില്‍ പലരും ഇന്ന് രോഗികളാണ്. പെണ്‍കുട്ടികള്‍ക്കാകട്ടെ വിവാഹാലോചനകള്‍ വരാറുമില്ല. ദുരിതങ്ങളുടെ നടുവില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോയ ജനത ശരിക്കും അള മുട്ടിയ ശേഷമാണ് സമര രംഗത്തേക്ക് വരുന്നത്. അതിന് നാട്ടിലെ ചില ചുറുചുറുക്കുള്ള യുവാക്കള്‍ നേതൃത്വം കൊടുത്തപ്പോള്‍ സമരം കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ മാധ്യമശ്രദ്ധ നേടി.

burhan

സമരസമിതി നേതാവ് ബുര്‍ഹാന്‍(മധ്യത്തില്‍)

നിലവില്‍ നേമം എം.എല്‍.എ യായ വി ശിവന്‍കുട്ടി തിരുവനന്തപുരം മേയറായിരിക്കുമ്പോഴാണ് മാലിന്യ പ്ലാന്റിന് വിളപ്പില്‍ശാല പഞ്ചായത്തിലെ ചൊവ്വള്ളൂര്‍ വാര്‍ഡില്‍ സ്ഥലം കണ്ടെത്തുന്നത്. ആദ്യ കാലത്ത് ചവര്‍ സംസ്‌കരണം സ്വകാര്യ കമ്പനിയായ പോബ്‌സണ്‍ ആയിരുന്നു നടത്തിയിരുന്നത്. പിന്നീട് അവര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി.ഇ.ഡി(സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റല്‍ ഡെവലപ്‌മെന്റ്) ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇവരുടെ നിയന്ത്രണത്തിലാണ് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പൂന്തോട്ടം നിര്‍മിക്കാനായാണ് സ്ഥലമെടുക്കുന്നതെന്ന് പ്രദേശ വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് നഗരസഭ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിളപ്പില്‍ ശാലയിലെ കണികാണും കുന്നെന്ന മനോഹരമായ കുന്നുകളുടെ മധ്യത്തിലുള്ള താഴ്‌വര ഏറ്റെടുക്കുന്നത്. അന്ന് ചില ചെറിയ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും അതിനെയൊക്കെയും കുപ്രചാരണങ്ങള്‍ കൊണ്ടാണ് അധികാരികള്‍ നേരിട്ടതെന്ന് സമരസമിതി അംഗമായ ബുര്‍ഹാന്‍ പറയുന്നു. പിന്നീട് ഇവിടേക്ക് രാത്രി കാലങ്ങളില്‍ നഗരത്തിലെ മാലിന്യവുമായി ചവര്‍ ലോറികള്‍ വരാന്‍ തുടങ്ങി. ആദ്യം കുറച്ച് വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങള്‍ ഒന്നും പ്രത്യക്ഷത്തില്‍ കണ്ടില്ലെങ്കിലും പിന്നീട് പലവിധ രോഗങ്ങളാല്‍ പ്രദേശ വാസികള്‍ ബുദ്ധിമുട്ടാന്‍ തുടങ്ങിയതോടെയാണ് ചവര്‍ ഫാക്ടറി തങ്ങളുടെ സ്വസ്ഥ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ പറ്റി അവര്‍ ബോധമാന്‍മാരായത്.

vilappil-sala

ലളിതാമ്മയും നെല്‍സണലും മാലിന്യച്ചാലിനരികെ

പശുവിനെ വളര്‍ത്തുന്ന ലളിതാമ്മ തന്റെ ദേഹത്തൊട്ടാകെയുള്ള പാടുകള്‍ നമുക്ക് കാട്ടിത്തരും. ആദ്യം അവര്‍ കരുതിയിരുന്നത് അത് പശുവളര്‍ത്തലുമായി ബന്ധപ്പെട്ട് സാധാരണ കാണാറുള്ള ചൊറിച്ചിലാണെന്നാണ്. എന്നാല്‍ പിന്നീട് തൊട്ടടുത്ത് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സമീപിച്ചപ്പോഴാണ് തന്റെ ദേഹത്ത് സംഭവിക്കുന്നത് മാലിന്യം കാരണമായുള്ള രോഗമാണെന്ന് തിരിച്ചറിയുന്നത്. തന്റെ തൊട്ടടുത്ത് വീട്ടില്‍ താമസിച്ചിരുന്ന ഗംഗാധരനും മക്കളും താമസം മാറിപ്പോയതിനേ പറ്റിയും അവര്‍ ഓര്‍ത്തെടുക്കുന്നു.

മൂന്നു പെണ്‍മക്കള്‍ക്കും വിവാഹം സാധ്യമാകാതെ വരുകയും മൂത്ത കുട്ടിക്ക് ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്തതോടെയാണ് ഗംഗാധരന്‍ ചൊവ്വള്ളൂരില്‍ നിന്നും കിട്ടിയ വിലക്ക് വസ്തുവും വീടും വിറ്റ് മാറിപ്പോകുന്നത്. സ്ഥലവാസിയായ നെല്‍സണ് പറയാനുള്ളത് മറ്റൊരു കഥയാണ്. തെങ്ങു കയറ്റ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ ഒരു കാലിന് ഇന്ന് സ്വാധീനമില്ലാത്ത അവസ്ഥയിലാണുള്ളത്. സമരസമിതി നേതാവായ അനിലിന്റെ മൂന്നര വയസ്സുള്ള മകനാകട്ടെ ഛര്‍ദിയും ശ്വാസം മുട്ടലും ഒഴിഞ്ഞ ഒരു നേരം പോലും ഇല്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

പ്രദേശ വാസികളുടെ ജല സ്രോതസ്സായിരുന്ന മീനമ്പള്ളി തോട് ഇന്ന് വിഷത്തോടായി മാറിയിരിക്കുന്നു. ഫാക്ടറിയില്‍ കൂട്ടിയിട്ടിരിക്കുന്ന ചവറുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന കറുത്തു കൊഴുത്ത ലായനി ദുര്‍ഗന്ധം പരത്തി ഒഴുകിയെത്തുന്നത് ഈ തോട്ടിലേക്കാണ്. വിളപ്പില്‍ശാലക്കാര്‍ക്ക് വിവിധയിനം രോഗങ്ങള്‍ സമ്മാനിച്ച് ഏലാകള്‍ക്ക് നടുവിലൂടെ, മീനമ്പള്ളി തോട്ടിലൂടെ, കരമന ആറിലേക്കൊഴുകിയെത്തുന്ന മാലിന്യം അധികാരികളുടെ ക്രൂരമായ പ്രവര്‍ത്തനത്തിന്റെ പര്യായമായി ഒരു നാടിന്റെ ശാപമായി തീര്‍ന്നിരിക്കുന്നു.

vilappilsala

വിളപ്പില്‍ ശാലയില്‍ ഇപ്പോഴുള്ള മാലിന്യ ട്രീറ്റ് മെന്റ് സംവിധാനം

കഷ്ടപ്പാടുകളുടെ നടുവില്‍ വസിക്കുന്ന ഈ ജനതക്ക് ഇന്ന് ഒരു രാഷ്ട്രീയ കക്ഷിയേയും വിശ്വാസമില്ല. കാരണം പല കാലങ്ങളില്‍ അവര്‍ നടത്തിയിരുന്ന സമരങ്ങളെ പൊളിച്ചിട്ടുള്ളത് അവരുടെ ഇടയിലേക്ക് നുഴഞ്ഞ് കയറിയ രാഷ്ട്രീയക്കാരായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ പുറത്ത് നിന്നെത്തുന്നവരേയും, സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുന്ന രാഷ്ട്രീയക്കാരെയും ഒരു പരിധിക്കപ്പുറം അടുപ്പിക്കാറില്ല. മാധ്യമ പ്രവര്‍ത്തകരെ പോലും സംശയത്തിന്റെ ദൃഷ്ടിയില്‍ മാത്രമേ അവര്‍ക്ക് കാണുവാന്‍ കഴിയുന്നുള്ളു. മാലിന്യ കേന്ദ്രമെന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭീകരത അവരെ അത്രമേല്‍ അരക്ഷിതമാക്കിയിരിക്കുന്നു.

ചവര്‍ ഫാക്ടറി വിരുദ്ധ സമരം 350 ദിവസം പിന്നിട്ടപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ ഫാക്ടറി താഴിട്ട് പൂട്ടി പ്രവര്‍ത്തനം തടഞ്ഞതോടെ തങ്ങള്‍ വിജയത്തിന്റെ പാതി വഴിയിലെത്തിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. ഇപ്പോള്‍ ദുര്‍ഗന്ധവും പേറി  വരുന്ന ലോറികളെ തടയാനായി ഉറക്കമുപേക്ഷിച്ചാണ് നടു റോഡില്‍ രാവ് വെളുപ്പിക്കുകയാണിവര്‍.

എണ്‍പത് കഴിഞ്ഞ ലളിതാമ്മയും, നെല്‍സണും, മുതല്‍ സമരസമിതി നേതാവായ അനിലിന്റെ മൂന്നരവയസ്സുകാരന്‍ മകന്‍ വരെയുണ്ടിവര്‍ക്കൊപ്പം. ഇന്ന് വിളപ്പില്‍ശാല മാലിന്യ പ്ലാന്റിനെതിരെയുള്ള സമരം അക്ഷരാര്‍ഥത്തില്‍ നാടിന്റെ സമരമായി തീര്‍ന്നിരിക്കുന്നു. ഓരോ പകലും വിളപ്പില്‍ ശാലയില്‍ ശ്മശാന മൂകതയാണ്. എന്നാല്‍ രാത്രിയില്‍ പ്രിതിഷേധത്തിന്റെ ആളിക്കത്തലുണ്ടാവും.

Malayalam news

Kerala news in English

Advertisement