മലയാള സിനിമയിലെ അതുല്യ കലാകാരന്മാരില്‍ ഒരാളാണ് വിജയരാഘവന്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് നായകനായും വില്ലനായും ഹാസ്യതാരമായും സ്വഭാവ നടനായും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വിജയരാഘവന് കഴിഞ്ഞു.
പ്രണയം തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമല്ലാത്ത കാര്യമാണെന്ന് വിജയരാഘവന്‍ പറയുന്നു. പ്രേംനസീര്‍ ചെയ്ത മരംചുറ്റി പ്രണയം പോലുള്ളത് തന്നെ കൊണ്ട് പറ്റില്ലെന്നും അത് ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നും വിജയരാഘവന്‍ പറയുന്നു.
പ്രണയം പോലെത്തന്നെയാണ് ഡാന്‍സുമെന്നും ആദ്യമെല്ലാം നൃത്തം പുരുഷന്മാര്‍ക്ക് ചേരുന്നതല്ല അതൊക്കെ സ്ത്രീകള്‍ക്കുള്ളതാണെന്നാണ് കരുതിയിരുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.
പ്രണയം എനിക്ക് അഭിനയിക്കാന്‍ ഇഷ്ടമില്ലാത്ത കാര്യമാണ്
തന്റെ അച്ഛന്‍ പെങ്ങളെ ഡാന്‍സിന് അയച്ചെന്നും എന്നാല്‍ തന്നെ അയക്കാത്തതുകൊണ്ട് ഡാന്‍സ് സ്ത്രീകള്‍ക്കുള്ളതാണെന്ന ചിന്ത വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
‘പ്രണയം എനിക്ക് അഭിനയിക്കാന്‍ ഇഷ്ടമില്ലാത്ത കാര്യമാണ്. പ്രണയം എന്റെ അല്ല. സിനിമയില്‍ ജഗതി പറയില്ലേ ‘എന്റെ ഗര്‍ഭം ഇങ്ങനല്ല’ എന്ന്. അതുപോലെയാണ് എനിക്ക് സിനിമയില്‍ പ്രണയം അഭിനയിക്കുന്നത്. ഞാന്‍ കുട്ടിക്കാലം മുതല്‍ സിനിമ കാണുമ്പോള്‍ പ്രേം നസീര്‍ സാറിന്റെയെല്ലാം റൊമാന്‍സ് ഉണ്ടായിരുന്നു. മരംചുറ്റി പ്രണയമെല്ലാം. അത്തരം കാര്യങ്ങളൊന്നും എന്നെകൊണ്ട് പറ്റില്ല, എനിക്കത് ഇഷ്ടമേ അല്ല.
എന്റെ കുട്ടിക്കാലം മുതല്‍ ഡാന്‍സ് പുരുഷന്മാര്‍ക്കുള്ളതല്ല, അതൊക്കെ പെണ്ണുങ്ങള്‍ക്ക് ഉള്ളതാണെന്ന ചിന്തയാണ്
അതുപോലെ ഡാന്‍സും. എന്റെ കുട്ടിക്കാലം മുതല്‍ ഡാന്‍സ് പുരുഷന്മാര്‍ക്കുള്ളതല്ല, അതൊക്കെ പെണ്ണുങ്ങള്‍ക്ക് ഉള്ളതാണെന്ന ചിന്തയാണ്. എന്റെ പെങ്ങളെ അച്ഛന്‍ ഡാന്‍സ് പഠിക്കാന്‍ കൊണ്ടുചെന്നാക്കി, എന്നാല്‍ എന്നെ അയച്ചില്ല. ഞാന്‍ അനിയന്മാരുടെ കൂടെ കളിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ എന്റെ വിചാരം ഡാന്‍സ് പെണ്ണുങ്ങളുടേതാണ്. ആണുങ്ങള്‍ക്ക് പറ്റിയ പണിയല്ല എന്നാണ്. അതൊരു തോന്നലായിരിക്കാം,’ വിജയരാഘവന്‍ പറയുന്നു.