പ്രശസ്ത മലയാളചലച്ചിത്ര നടനും നടകാചാര്യനുമായിരുന്ന എന്‍.എന്‍.പിള്ളയുടെ മകനും നടനുമാണ് വിജയരാഘവന്‍. ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്ത കാപാലിക എന്ന സിനിമയിലൂടെയാണ് വിജയരാഘവന്‍ സിനിമയിലേക് കടന്നുവന്നത്. എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത് എന്നാൽ ചിത്രം വിജയിച്ചില്ല. പിന്നീട് നാടകങ്ങളിലും സിനിമകളിലും സജീവമായി.
ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് പുറത്തിറങ്ങിയ ദി കിങ് , ദി ക്രൈം ഫയല്‍ എന്നിവ നടന്റെ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. നായകനായും സഹനടനായും വില്ലനായും മലയാള സിനിമയില്‍ സജീവമാണ് നടന്‍. പല ഴോണറിലുള്ള ചിത്രങ്ങളിലായി വേറിട്ട അഭിനയത്തിലൂടെ ശ്രദ്ധേയമാണ് അദ്ദേഹം.
ഇപ്പോൾ നായകവേഷത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവൻ. നായകവേഷം പലപ്പോഴും ഭാരമായിരുന്നെന്നും പൂർണ മനസോടെയല്ല പല കഥാപാത്രങ്ങളും അവതരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
അന്ന് പൈസ വാങ്ങി അഭിനയിച്ചിട്ട് ഇപ്പോഴിങ്ങനെ പറയണോയെന്ന് തോന്നിയേക്കാമെന്നും എന്നാൽ സത്യം എന്നായാലും പറയണ്ടെയെന്നും വിജയരാഘവൻ പറഞ്ഞു.
നായകൻമാർക്കെല്ലാം ഒരേ മുഖമായിരുന്നെന്നും കുറച്ചുകഴിഞ്ഞപ്പോൾ തനിക്ക് മടുത്ത് തുടങ്ങിയെന്നും നടൻ കൂട്ടിച്ചേർത്തു. പിന്നീട് അത്തരം വേഷങ്ങൾ ചെയ്യാതെ ആയെന്നും കുറച്ചുകാലത്തേക്ക് സിനിമ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് ചെറിയ വേഷങ്ങൾ ചെയ്തിട്ടാണ് തിരിച്ചുവന്നതെന്നും എന്നാൽ താൻ സിനിമയിൽ നിന്നും മാറിനിന്നത് ആരും അറിഞ്ഞിട്ടില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നായകവേഷം പലപ്പോഴും ഭാരമായിരുന്നു. പൂർണ മനസോടെയല്ല പലരെയും അവതരിപ്പിച്ചത്. അന്ന് പൈസ വാങ്ങി അഭിനയിച്ചിട്ട് ഇപ്പോഴിങ്ങനെ പറയണോയെന്ന് ചോദിച്ചേക്കാം. സത്യം എന്നായാലും പറയേണ്ടേ?
നായകൻമാർക്കെല്ലാം ഒരേ മുഖമായിരുന്നു. ഒരു പ്രണയം ഉണ്ടാകും. എന്തു കണ്ടാലും പ്രതികരിക്കും. ചുരുങ്ങിയത് എട്ട് ഇടിയുണ്ടാകും.കുറച്ചു കഴിഞ്ഞപ്പോൾ മടുത്തു തുടങ്ങി. രണ്ടായിരം ആയപ്പോൾ ഇത്തരം വേഷങ്ങൾ ചെയ്യില്ലെന്ന് തീരുമാനിച്ചു.
മറ്റേതെങ്കിലും സിനിമയുടെ തിരക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. കുറച്ചു കാലത്തേക്ക് സിനിമയില്ലാതായി. വീണ്ടും ചെറിയ വേഷങ്ങൾ ചെയ്തു തിരിച്ചു വന്നു. പക്ഷേ, ഞാൻ സിനിമയിൽ നിന്നും മാറി നിന്നത് ആരും അറിഞ്ഞിട്ടില്ല,’ വിജയരാഘവൻ പറയുന്നു.
Content Highlight: Vijayaraghavan saying he doesn’t like to act lead role in Malayalam Cinema