നടന്‍ എന്ന നിലയില്‍ യാതൊരു വളര്‍ച്ചയും തരാത്തതുകൊണ്ട് അത്തരം കഥാപാത്രങ്ങള്‍ ഞാന്‍ വേണ്ടെന്നു വെച്ചു: വിജയരാഘവന്‍
Entertainment
നടന്‍ എന്ന നിലയില്‍ യാതൊരു വളര്‍ച്ചയും തരാത്തതുകൊണ്ട് അത്തരം കഥാപാത്രങ്ങള്‍ ഞാന്‍ വേണ്ടെന്നു വെച്ചു: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd January 2025, 1:25 pm

52 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് വിജയരാഘവന്‍. കാപാലിക എന്ന ചിത്രത്തിലൂടെയാണ് വിജയരാഘവന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് സഹനടനായും വില്ലനായും നായകനായും മലയാളസിനിമയില്‍ വിജയരാഘവന്‍ വേഷമിട്ടു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്യാരക്ടര്‍ റോളുകളിലൂടെ ഓരോ സിനിമയിലും വിസ്മയിപ്പിക്കുന്ന വിജയരാഘവനെയാണ് കാണാന്‍ സാധിക്കുന്നത്.

1990കളുടെ പകുതിയില്‍ നിരവധി ചിത്രങ്ങളില്‍ വിജയരാഘവന്‍ നായകനായി വേഷമിട്ടിരുന്നു. എന്നാല്‍ പിന്നീട് നായകവേഷം ഉപേക്ഷിച്ച് വില്ലന്‍ വേഷങ്ങളിലേക്കും ക്യാരക്ടര്‍ റോളുകളിലേക്കും വിജയരാഘവന്‍ ശ്രദ്ധ കൊടുത്തു. എന്തുകൊണ്ട് നായകവേഷം ചെയ്യുന്നില്ലെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് വിജയരാഘവന്‍.

നായകനായ മിക്ക സിനിമകളും ഒരേ തരത്തിലുള്ള കഥപറച്ചിലായിരുന്നെന്ന് വിജയരാഘവന്‍ പറഞ്ഞു. നാലഞ്ച് ഫൈറ്റും കുറച്ച് പാട്ടും മാത്രമായിരുന്നു എല്ലാ സിനിമകളിലും നായകകഥാപാത്രത്തിന് ഉണ്ടായിരുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ സിനിമയിലും ഒരേ കാര്യം തന്നെ ചെയ്യുന്നതുകൊണ്ട് തന്നിലെ നടന് വളര്‍ച്ചയുണ്ടാക്കുന്നില്ലെന്ന് മനസിലായെന്നും വിജയരാഘവന്‍ പറഞ്ഞു.

നായകനായി അഭിനയിച്ച സമയത്ത് പൈസ കൂടുതല്‍ കിട്ടുമായിരുന്നെന്നും വളരെ കുറഞ്ഞ പൈസക്ക് താന്‍ നായകനാകുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാമായിരുന്നെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതില്‍ നിന്ന് തനിക്ക് വലിയ തൃപ്തി കിട്ടിയിരുന്നില്ലെന്നും ആ കാരണം കൊണ്ട് നായകവേഷം ചെയ്യുന്നില്ലെന്ന് തീരുമാനിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു.

‘ഇടയ്ക്ക് ഒരു കാലത്ത് ഒരുപാട് പടത്തില്‍ നായകനായി വേഷമിട്ടിരുന്നു. പടനായകന്‍, ബ്രിട്ടീഷ് മാര്‍ക്കറ്റ് അങ്ങനെ കുറേ സിനിമകള്‍. എല്ലാ സിനിമകളിലും ഒരേ ടൈപ്പ് കഥയായിരുന്നു. നാലഞ്ച് ഫൈറ്റും രണ്ട് പാട്ടും ഒക്കെ എല്ലാ പടത്തിലും എന്റെ ക്യാരക്ടറിന് ഉണ്ടായിരുന്നു. ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ അത്തരം റോളുകള്‍ എന്റെ കരിയറിന്റെ വളര്‍ച്ചക്ക് ഒട്ടും ഗുണം ചെയ്യില്ലെന്ന് മനസിലായി.

നായകനായി അഭിനയിച്ചാല്‍ പൈസ കൂടുതല്‍ കിട്ടും. മാത്രമല്ല, എന്നെ നായകനാക്കി ചെയ്യുന്ന സിനിമകള്‍ക്ക് അധികം ചെലവ് വരാറില്ല. വളരെ കുറഞ്ഞ പൈസക്ക് ആ സിനിമകളൊക്കെ ചെയ്ത് തീര്‍ക്കാന്‍ പറ്റും. പക്ഷേ, എല്ലാത്തിലുമുപരി ഓരോ സിനിമ ചെയ്യുമ്പോഴും നമുക്ക് ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടണമല്ലോ. അത് കിട്ടാത്തതുകൊണ്ട് നായകവേഷങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചു,’ വിജയരാഘവന്‍ പറയുന്നു.

Content Highlight: Vijayaraghavan explains why he don’t do hero roles