ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങി ഇന്ന് മക്കള്‍ സെല്‍വന്‍ എന്ന ബ്രാന്‍ഡായി മാറിയ നടനാണ് വിജയ് സേതുപതി. കമല്‍ ഹാസന്‍, രജിനി തുടങ്ങി ബോളിവുഡിലെ കിങ് ഖാന്റെയടക്കം വില്ലനായി അഭിനയിച്ച താരമാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ പിസ്സ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. വിക്രം വേദയെന്ന ചിത്രത്തിലൂടെ വലിയ ആരാധകരെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. താന്‍ തന്റെ കരിയറില്‍ ചെയ്ത ക്ലാസ്സിക് സിനിമയാണ് കടൈസി വ്യവസായിയെന്ന് വിജയ് സേതുപതി പറയുന്നു. സൂപ്പര്‍ ഡീലക്‌സ്, കടൈസി വ്യവസായി, സീതാകാതി തുടങ്ങിയ സിനിമകള്‍ തനിക്ക് ലഭിച്ച അനുഗ്രഹമാണെന്നും ചെയ്ത എല്ലാ സിനിമകളും ഇഷ്ടമാണെങ്കിലും ഈ ചിത്രങ്ങള്‍ തനിക്ക് വളരെ സ്പെഷ്യല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പര്‍ ഡീലക്‌സ്, കടൈസി വ്യവസായി, സീതാകാതി തുടങ്ങിയ സിനിമകളുടെ സംവിധായകര്‍ തന്നെ തെരഞ്ഞെടുത്തതും തനിക്ക് അനുഗ്രഹമായാണ് തോന്നുന്നതെന്നും വിജയ് സേതുപതി പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.
‘ഞാന്‍ എന്റെ കരിയറില്‍ ചെയ്ത ക്ലാസ്സിക് സിനിമകളില്‍ ഒന്നാണ് കടൈസി വ്യവസായി. ചില സിനിമകള്‍ എനിക്ക് ലഭിച്ചത് വളരെ വലിയ അനുഗ്രഹമായിട്ടാണ് ഞാന്‍ കണക്കാക്കാറുള്ളത്. അവയാണ് സൂപ്പര്‍ ഡീലക്‌സ്, കടൈസി വ്യവസായി, സീതാകാതി തുടങ്ങിയവ.
എല്ലാ സിനിമയും ഇഷ്ടപ്പെട്ട് തന്നെയാണ് ചെയ്തത്. എന്നാല്‍ ഈ മൂന്ന് സിനിമകള്‍ എനിക്ക് വളരെ സ്പെഷ്യല്‍ ആണ്. ഈ മൂന്ന് സിനിമകളുടെയും സംവിധായകന്‍ എന്നെ തെരഞ്ഞെടുത്തു എന്ന് പറയുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. എനിക്കതൊരു അനുഗ്രഹമായാണ് തോന്നിയിട്ടുള്ളത്,’ വിജയ് സേതുപതി പറയുന്നു.