ആ സൂപ്പര്‍ഹിറ്റ് ചിത്രം അത്രയും വലിയ ഹിറ്റാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല: വിജയ് സേതുപതി
Entertainment
ആ സൂപ്പര്‍ഹിറ്റ് ചിത്രം അത്രയും വലിയ ഹിറ്റാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 10:17 am

തമിഴിലെ മികച്ച പ്രണയസിനിമകളിലൊന്നാണ് 2018ല്‍ റിലീസായ 96. റാമിന്റെയും ജാനുവിന്റെയും പറയാന്‍ പറ്റാതെ പോയ പ്രണയം ഇന്നും പലരുടെയും ഉള്ളില്‍ വിങ്ങല്‍ നല്‍കുന്ന ഒന്നാണ്. റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. പ്രണയത്തോടൊപ്പം സ്‌കൂള്‍ കാലഘട്ടത്തിലെ നൊസ്റ്റാള്‍ജിയയും ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കി.

96 എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. സംവിധായകന്‍ പ്രേം കുമാര്‍ എഴുതിയ സ്‌ക്രിപ്റ്റ് വായിച്ചാല്‍ തന്നെ 96 എത്ര ഭംഗിയുള്ളതാണെന്ന് മനസിലാകുമെന്നും അത്രയും ഡീറ്റെയില്‍ ആയാണ് അദ്ദേഹം എഴുതാറുള്ളതെന്നും വിജയ് സേതുപതി പറയുന്നു.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ സിനിമ ഓടുമോ ഇല്ലയോ എന്ന സംശയം ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.

‘മെയ്യഴകന്‍ മികച്ച ചിത്രമാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ. അതുപോലെതന്നെയാണ് 96 എന്ന സിനിമയും. പ്രേം കുമാര്‍ സാര്‍ എഴുതിയത് വായിച്ചാല്‍ ആ സിനിമകള്‍ എത്ര മനോഹരമാണെന്ന് എല്ലാവര്‍ക്കും മനസിലാകും.

എല്ലാം അത്രയും ഭംഗിയില്‍, മനസിലാകുന്ന രീതിയില്‍ എഴുതിയിട്ടുണ്ടാകും. വായിക്കുമ്പോള്‍ തന്നെ ഏതൊക്കെ സീന്‍ എങ്ങനെയാണ് പോകുന്നതെന്ന് വ്യക്തമായി നമുക്ക് കാണാന്‍ കഴിയും. ‘പിസ്സ’ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ എനിക്ക് ആ സിനിമ ഹിറ്റാകുമെന്ന് മനസിലായിരുന്നു.

അതുപോലത്തെന്നെയാണ് 96 എന്ന ചിത്രവും. ആ ചിത്രം ഓടുമോ ഇല്ലയോ എന്നൊരു സംശയം പോലും ഉണ്ടായിരുന്നില്ല. ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഇത്രയും വലിയ ഹിറ്റാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലായിരുന്നു,’ വിജയ് സേതുപതി പറയുന്നു.

Content Highlight: Vijay Sethupathi Talks About 96 Movie