ജൂനിയര്‍ ആര്‍ട്ടിസ്റ്റായും സഹനടനായും വേഷമിട്ട് ഇന്ന് തമിഴിലെ മുന്‍നിര നടന്മാരില്‍ ഒരാളായി മാറിയയാളാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെ നായകനായി അരങ്ങേറി. മികച്ച സിനിമകള്‍ തെരഞ്ഞടുത്ത് വളരെ വേഗത്തില്‍ തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയിലേക്ക് നടന്നുകയറാന്‍ വിജയ് സേതുപതിക്ക് സാധിച്ചു. സൂപ്പര്‍ ഡീലക്‌സിലൂടെ ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി.
വിജയ് സേതുപതി നായകനായെത്തിയ സിനിമകളില്‍ പലതും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. പ്രമേയം കൊണ്ടും അവതരണം കൊണ്ടും മികച്ചുനിന്ന പല സിനിമകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. താരം നിര്‍മിച്ച് 2022ല്‍ പുറത്തിറങ്ങിയ കടൈസി വിവസായി തിയേറ്ററില്‍ പരാജയമായിരുന്നു. മികച്ച തമിഴ് സിനിമക്കുള്ള ദേശീയ അവാര്‍ഡ് കടൈസി വിവസായി സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ഹിറ്റാകാതെ പോയ സിനിമകളില്‍ പലതും ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ തനിക്ക് ലഭിച്ച അനുഗ്രഹമാണെന്ന് പറയുകയാണ് വിജയ് സേതുപതി. കടൈസി വിവസായി ഒരു ക്ലാസിക്കാണെന്ന് താരം പറഞ്ഞു. സീതക്കാതി, സൂപ്പര്‍ ഡീലക്‌സ്, കടൈസി വിവസായി എന്നീ സിനിമകള്‍ തനിക്ക് കിട്ടിയ അനുഗ്രഹമാണെന്നും വിജയ് സേതുപതി പറയുന്നു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘കടൈസി വിവസായി എന്റെ കരിയറിലെ ഒരു ക്ലാസിക് സിനിമയായാണ് ഞാന്‍ കാണുന്നത്. തിയേറ്ററില്‍ അത് വലിയ ചലനമുണ്ടാക്കിയില്ലെന്നറിയാം. പക്ഷേ, അത് നല്ലൊരു സിനിമയാണ്. കടൈസി വിവസായി, സീതക്കാതി, സൂപ്പര്‍ ഡീലക്‌സ് എന്നീ സിനിമകള്‍ എനിക്ക് കിട്ടിയ അനുഗ്രഹമായാണ് കണക്കാക്കുന്നത്. ഞാന്‍ വളരെയധികം ആഗ്രഹിച്ച് ചെയ്ത സിനിമകളാണ് ഇതൊക്കെ.
എല്ലാ സിനിമകളും ഇഷ്ടപ്പെട്ട് തന്നെയാണ് ചെയ്തത്. പക്ഷേ, ഈ മൂന്ന് സിനിമകളോട് കുറച്ചധികം ഇഷ്ടമുണ്ട്. കാരണം, ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് ഒരുപാട് അറ്റാച്ച്‌മെന്റുണ്ട്. ഇതിന്റെ സംവിധായകര്‍ എന്നെ ഈ സിനിമകള്‍ക്കായി തെരഞ്ഞെടുത്തതില്‍ അവരോട് നന്ദിയുണ്ട്. വളരെ സ്‌പെഷ്യലായി കാണുന്ന സിനിമകളാണിത്’ വിജയ് സേതുപതി പറയുന്നു.
കാക്ക മുട്ടൈക്ക് ശേഷം മണികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രമാണ് കടൈസി വിവസായി. പുതുമുഖമായ നല്ലാണ്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 20 മിനിറ്റ് മാത്രമുള്ള വേഷമാണെങ്കിലും മികച്ച പ്രകടനമായിരുന്നു വിജയ് സേതുപതി കാഴ്ചവെച്ചത്. ചിത്രത്തിന്റെ നിര്‍മാതാവും വിജയ് സേതുപതി തന്നെയായിരുന്നു.
Content Highlight: Vijay Sethupathi saying Kadaisi Vivasayi Super Deluxe Seethakathi movies are blessings for him