65 ലക്ഷം മാത്രമാണ് ഞാന്‍ നിര്‍മിച്ച ആ സിനിമക്ക് തിയേറ്ററില്‍ നിന്ന് കിട്ടിയത്, എന്നാല്‍ ഇപ്പോഴാണ് ആളുകള്‍ ആ സിനിമ ഏറ്റെടുത്തത്: വിജയ് സേതുപതി
Entertainment
65 ലക്ഷം മാത്രമാണ് ഞാന്‍ നിര്‍മിച്ച ആ സിനിമക്ക് തിയേറ്ററില്‍ നിന്ന് കിട്ടിയത്, എന്നാല്‍ ഇപ്പോഴാണ് ആളുകള്‍ ആ സിനിമ ഏറ്റെടുത്തത്: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st May 2025, 11:41 am

തമിഴിലെ മികച്ച നടന്മാരിലൊരാളാണ് വിജയ് സേതുപതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ചെറിയ വേഷങ്ങളിലൂടെയും തമിഴില്‍ മുഖം കാണിച്ച വിജയ് സേതുപതി 2012ല്‍ പുറത്തിറങ്ങിയ പിസ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തമിഴില്‍ തന്റേതായ ഇടം നേടാന്‍ വിജയ് സേതുപതിക്ക് സാധിച്ചു. സൂപ്പര്‍ ഡീലക്‌സിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരം ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു.

നല്ല സിനിമകളില്‍ അഭിനയിക്കുന്നതിനോടൊപ്പം മികച്ച പ്രൊജക്ടുകള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്ന നിര്‍മാതാവ് കൂടിയാണ് വിജയ് സേതുപതി. മണികണ്ഠന്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ കടൈസി വിവസായി എന്ന ചിത്രം നിര്‍മിച്ചത് വിജയ് സേതുപതിയായിരുന്നു. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കടൈസി വിവസായി സ്വന്തമാക്കിയെങ്കിലും തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. വെറും 65 ലക്ഷമാണ് കടൈസി വിവസായിക്ക് തിയേറ്ററില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചതെന്ന് വിജയ് സേതുപതി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആ സിനിമയെക്കുറിച്ച് പലരും സംസാരിക്കുന്നത് താന്‍ കാണാറുണ്ടെന്നും പലര്‍ക്കും ആ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടെന്ന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എന്നാല്‍ അതില്‍ തനിക്ക് സങ്കടമില്ലെന്നും ആ സിനിമയിലൂടെ പറയാന്‍ ഉദ്ദേശിച്ചത് നടന്നെന്നും വിജയ് സേതുപതി പറയുന്നു. ചില സമയത്ത് വലിയ ബജറ്റിലെത്തുന്ന സിനിമകള്‍ക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലെന്നും ഈ കൊച്ചു സിനിമ ആളുകള്‍ക്ക് ഇഷ്ടമായത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ടാ എക്‌സ്‌ക്ലൂസീവിനോട് സംസാരിക്കുകയായിരുന്നു താരം.

‘കടൈസി വിവസായി എന്ന സിനിമ നോക്കൂ, ആ പടത്തിന് തിയേറ്ററില്‍ നിന്ന് ആകെ കിട്ടിയ കളക്ഷന്‍ 65 ലക്ഷമാണ്. എനിക്ക് അതില്‍ വിഷമമില്ല. എന്താണെന്ന് വെച്ചാല്‍ ഇപ്പോള്‍ ആ സിനിമയെക്കുറിച്ച് ആളുകള്‍ പ്രശംസിക്കുന്നുണ്ട്. അവരിലേക്ക് ഇപ്പോഴാണ് ആ പടമെത്തിയത്. അതെല്ലാം എനിക്ക് സന്തോഷം തരുന്ന കാര്യമാണ്.

ചില സമയത്ത് നമ്മള്‍ ഒരുപാട് ബജറ്റൊക്കെ ചെലവാക്കി ഉണ്ടാക്കുന്ന ചില സിനിമകളുണ്ടാകുമല്ലോ. ആ സിനിമകള്‍ക്ക് പോലും ചിലപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ പറ്റിയെന്ന് വരില്ല. അതുകൊണ്ട് പ്രേക്ഷകര്‍ക്ക് നല്ല സിനിമകള്‍ സമ്മാനിക്കുക, നല്ല സിനിമകളുടെ ഭാഗമാവുക എന്ന് മാത്രമേ ഞാന്‍ നോക്കാറുള്ളൂ,’ വിജയ് സേതുപതി പറഞ്ഞു.

Content Highlight: Vijay Sethupathi saying Kadaisi Vivasayi movie only collected 65 lakhs from theaters