ജൂനിയര്‍ ആര്‍ട്ടിസ്റ്റായും സഹനടനായും വേഷമിട്ട് ഇന്ന് തമിഴിലെ മുന്‍നിര നടന്മാരില്‍ ഒരാളായി മാറിയയാളാണ് വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെ നായകനായി അരങ്ങേറി. മികച്ച സിനിമകള്‍ തെരഞ്ഞടുത്ത് വളരെ വേഗത്തില്‍ തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയിലേക്ക് നടന്നുകയറാന്‍ വിജയ് സേതുപതിക്ക് സാധിച്ചു. സൂപ്പര്‍ ഡീലക്സിലൂടെ ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി.
വിജയ് സേതുപതിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് 2018ല്‍ പുറത്തിറങ്ങിയ 96. നവാഗതനായ പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. തൃഷ, വിജയ് സേതുപതി ജോഡിയെ സിനിമാപ്രേമികള്‍ ആഘോഷിച്ചു.ചിത്രത്തിന് ഇന്നും വലിയ ഫാന്‍ ബേസുണ്ട്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി.
96 എന്ന സിനിമ നന്നാകുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്ന് വിജയ് സേതുപതി പറഞ്ഞു. എന്നാല്‍ ഇത്ര വലിയ ഹിറ്റാകുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറയുന്നു. ആ സിനിമയിലെ റാം എന്ന കഥാപാത്രത്തിന്റെ പേരിലാണ് താന്‍ പലയിടത്തും അറിയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.
’96 എന്ന സിനിമ നന്നായി തന്നെ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം, പ്രേം എന്ന സംവിധായകനില്‍ എനിക്കുള്ള വിശ്വാസമായിരുന്നു. എന്നാല്‍ അതിനെയെല്ലാം താണ്ടി ആ സിനിമ ഇത്ര വലിയ ഹിറ്റാകുമെന്ന് ഒരിക്കലും കരുതിയില്ല. അതുപോലെ തന്നെ എന്റെയും തൃഷയുടെയും കഥാപാത്രങ്ങളെ ആളുകള്‍ ഏറ്റെടുത്തു. ഇന്നും പലര്‍ക്കും ഞാന്‍ റാം ആണ്.
ആ സിനിമക്ക് വേണ്ടി ഒരുപാട് യാത്രകള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. തുടക്കത്തില്‍ കാണിക്കുന്ന പാട്ടിന് വേണ്ടി ആറോ ഏഴോ സ്ഥലങ്ങളിലേക്ക് പോകേണ്ടി വന്നു. പ്രേമിനോട് ആ കാര്യത്തില്‍ മാത്രമേ എനിക്ക് ചെറിയൊരു ദേഷ്യം വന്നുള്ളൂ. യാത്രകള്‍ പോകാന്‍ ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. പക്ഷേ, അത് എന്റെ വണ്ടിയില്‍ പോകണമെന്നാണ് ആഗ്രഹം.
തമിഴ്‌നാട്ടില്‍ തന്നെയാണ് ഷൂട്ടെങ്കില്‍ ഞാന്‍ ഡ്രൈവ് ചെയ്താണ് ലൊക്കേഷനിലേക്ക് പോകുന്നത്. അത്തരം യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. ഹൈവേയിലൂടെയൊക്കെ വണ്ടിയോടിച്ച് പോകുന്നത് എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. അല്ലാതെയുള്ള യാത്രകളോട് എനിക്ക് അത്രക്ക് താത്പര്യമില്ലെന്ന് പറയാം,’ വിജയ് സേതുപതി പറയുന്നു.
Content Highlight: Vijay Sethupathi saying he surprised after saw the acceptance of 96 movie