ജിയോ ഹോട്‌സ്റ്റാര്‍ സംഘടിപ്പിച്ച സൗത്ത് അണ്‍ബൗണ്‍ഡ് ഇവന്റാണ് സിനിമാലോകത്തെ ചര്‍ച്ച. സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ മികച്ച കണ്ടന്റുകള്‍ തെരഞ്ഞെടുത്ത് പ്രേക്ഷകരിലേക്കെത്തിക്കാന്‍ വേണ്ടി 4000 കോടിയുടെ നിക്ഷേപമാണ് ഒ.ടി.ടി ഭീമന്മാര്‍ നടത്തിയത്. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകരായ മോഹന്‍ലാല്‍, നാഗാര്‍ജുന, വിജയ് സേതുപതി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ നാഗാര്‍ജുനയും വിജയ് സേതുപതിയും ചേര്‍ന്ന് ആദരിക്കുകയും ചെയ്തു. നാഗാര്‍ജുനയെക്കുറിച്ച് വിജയ് സേതുപതി പറഞ്ഞ വാക്കുകള്‍ ഇതിനോടകം ശ്രദ്ധേയമായി.
‘തെലുങ്കില്‍ വര്‍ക്ക് ചെയ്ത സമയത്ത് നാഗാര്‍ജുന സാറിന് ആ നാട്ടിലുള്ള ഫാന്‍ ഫോളോയിങ് നേരിട്ട് കണ്ടിട്ടുള്ളതാണ്. ഇദ്ദേഹത്തെ ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്. എനിക്ക് ഇപ്പോഴും അത്ഭുതം തോന്നുന്ന കാര്യം എന്താണെന്ന് വെച്ചാല്‍, ഈ പുള്ളിക്ക് മാത്രം ഇത്ര കാലമായിട്ടും പ്രായം തോന്നിക്കുന്നില്ല. അതിന്റെ കാരണം ഇതുവരെ പിടികിട്ടിയിട്ടില്ല.
ആന്റി ഏജിങ്ങിനെക്കുറിച്ച് റിസര്‍ച്ച് നടത്തുന്നവര്‍ ഇദ്ദേഹത്തെ ഒരു സാമ്പിളായി എടുക്കണം. എന്തുകൊണ്ട് ഇത്ര കാലമായിട്ടും പ്രായം തോന്നിക്കുന്നില്ല എന്ന് കണ്ടുപിടിച്ച് പറഞ്ഞുതരണം. തലമുടി മുതല്‍ കാല്‍പാദം വരെ ഇത്രയും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന നടന്‍ വേറെ കാണില്ല. വല്ലാത്തൊരു ഓറയാണ് ഇദ്ദേഹത്തിന്’ വിജയ് സേതുപതി പറയുന്നു.
എന്നാല്‍ ലുക്കില്‍ മാത്രമല്ല ഈ ചെറുപ്പമെന്നും എവിടെ പോയാലും പോസിറ്റീവ് വൈബുമായി നടക്കുന്ന മനുഷ്യനാണ് നാഗാര്‍ജുനയെന്നും താരം പറഞ്ഞു. ചെറുപ്പം മുതല്‍ നാഗാര്‍ജുനയുടെ സിനിമകളാണ് കണ്ട് വളര്‍ന്നതെന്നും തനിക്ക് പ്രായമായപ്പോഴും അദ്ദേഹം ചെറുപ്പമായി നിലനില്ക്കുന്നുണ്ടെന്നും വിജയ് സേതുപതി പറയുന്നു. മോഹന്‍ലാലിന് പൊന്നാട അണിയിച്ചതിന്റെ അനുഭവവും അദ്ദേഹം പങ്കുവെച്ചു.
‘ഞാന്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടനാണ് ലാല്‍ സാര്‍. ലാല്‍ സാറിന്റെ അഭിനയം കണ്ട് അന്തം വിട്ട് നിന്നിട്ടുണ്ട്. അദ്ദേഹത്തിനെ പൊന്നാട അണിയിക്കാനും ആദരിക്കാനുമുള്ള വലിയൊരു അവസരമാണ് എനിക്ക് കിട്ടിയത്. ജീവിതത്തിലൊരിക്കലും ഞാന്‍ ഈ മൊമന്റ് മറക്കില്ല. എനിക്ക് ഈ അവസരം തന്നതിന് സംഘാടകരോടും നന്ദി പറയുന്നു,’ വിജയ് സേതുപതി പറഞ്ഞു.
Content Highlight: Vijay Sethupathi praising Mohanlal and Nagarjuna