കൊവിഡ് നിയന്ത്രണങ്ങളിലും കളക്ഷന്‍ റെക്കോര്‍ഡുമായി മാസ്റ്റര്‍; തമിഴ്‌നാട്ടില്‍ മാത്രം ആദ്യ ദിനം സ്വന്തമാക്കിയത് 26 കോടി
Entertainment news
കൊവിഡ് നിയന്ത്രണങ്ങളിലും കളക്ഷന്‍ റെക്കോര്‍ഡുമായി മാസ്റ്റര്‍; തമിഴ്‌നാട്ടില്‍ മാത്രം ആദ്യ ദിനം സ്വന്തമാക്കിയത് 26 കോടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th January 2021, 6:35 pm

ചെന്നൈ: കഴിഞ്ഞ ദിവസമാണ് വിജയ് നായകനായി ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ റിലീസ് ചെയ്തത്. കൊവിഡ് നിയന്ത്രണത്തോടെ അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമായിരുന്നു കാണികളെ തിയേറ്ററുകളില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ ആദ്യ ദിനത്തില്‍ തന്നെ കളക്ഷന്‍ റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് മാസ്റ്റര്‍. തമിഴ്‌നാട്ടില്‍ മാത്രം ആദ്യദിനം 26 കോടിരൂപയാണ് ചിത്രം നേടിയത്.

ആദ്യ 5 സ്ഥാനങ്ങളില്‍ നാലും വിജയ് ചിത്രങ്ങള്‍ ആണ് എന്ന പ്രത്യേകതയും ഉണ്ട്. 31.5 കോടിയുമായി വിജയ് നായകനായ സര്‍ക്കാരാണ് തമിഴ്നാട്ടില്‍ ആദ്യദിന കളക്ഷനില്‍ ഒന്നാമത് നില്‍ക്കുന്നത്. മെര്‍സല്‍ 4.5 കോടി, ബിഗില്‍ 25.6 കോടി, കബാലി 21.5 കോടി, യന്തിരന്‍ 2.0 18 കോടി എന്നീ ചിത്രങ്ങളാണ് യഥാക്രമം കളക്ഷന്‍ നേടിയ ചിത്രങ്ങള്‍.

ആദ്യ ദിനം ഇന്ത്യയൊട്ടാകെ ചിത്രം വാരിക്കൂട്ടിയത് 42.50 കോടി രൂപയാണ്. കേരളത്തിലെ ആദ്യ ദിന കലക്ഷന്‍ 2.2 കോടിയാണ്. ആന്ധ്രപ്രദേശ്/നിസാം – 9 കോടി, കര്‍ണാടക – 4.5 കോടി, കേരള 2.2 കോടി, നോര്‍ത്ത് ഇന്ത്യ-0.8 കോടി എന്നിങ്ങനെയാണ് കളക്ഷന്‍.

ഇതില്‍ മാസ്റ്ററിന്റെ ഹിന്ദി പതിപ്പ് ജനുവരി 14 നാണ് റിലീസ് ചെയ്യുന്നത്. ‘മാസ്റ്ററി’ന്റെ കേരളത്തിലെ വിതരണാവകാശം ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.

ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights:  Vijay’s Master make collection records ; In Tamil Nadu alone, 26 crore was acquired on the first day