ഇനി ഒരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനാവില്ല; ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ വിജയ് രൂപാനി
national news
ഇനി ഒരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനാവില്ല; ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ വിജയ് രൂപാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th April 2021, 6:56 pm

അഹമ്മദാബാദ്: കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന ഗുജറാത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി. സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം ദുരിതത്തിലാവുന്നതിനാലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താത്തതെന്നും രൂപാനി പറഞ്ഞു. സംസ്ഥാനത്ത് പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘പാവപ്പെട്ട ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനോട് സര്‍ക്കാരിന് വിയോജിപ്പാണ് ഉള്ളതെന്ന് അറിയിക്കുന്നു. ആളുകളുടെ അനാവശ്യ യാത്രകള്‍ തടയുന്നതിനായി ദിവസത്തില്‍ പത്ത് മണിക്കൂര്‍ നിലവില്‍ നമ്മള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്,’ രൂപാനി പറഞ്ഞു.

ഗുജറാത്തില്‍ പൊതുജനങ്ങള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നതിനായി ഏര്‍പ്പെടുത്തുന്ന ധന്വന്തരി എന്ന വാനുകളുടെ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശികമായി വിപണികളോ ഗ്രാമങ്ങളോ ലോക്ക് ഡൗണിന് ആഹ്വാനം ചെയ്യുന്നതിനെ വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ പല ഗ്രാമങ്ങളും വ്യാപാര കേന്ദ്രങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്.

ഗുജറാത്തില്‍ ഏപ്രില്‍ 30 വരെയാണ് രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയത്. രാത്രി എട്ടുമുതല്‍ രാവിലെ ആറ് മണി വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

4,541 പേര്‍ക്കാണ് പുതുതായി ഗുജറാത്തില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 3,37,015 പേര്‍ക്ക് കൊവിഡ് ബാധിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vijay Roopani says Gujarat govt is not in favour of a lock down anymore