വിജയ് ഹസാരെ ട്രോഫി 2024-25 ഫൈനലിന് യോഗ്യത നേടി വിദര്‍ഭ. വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് വിദര്‍ഭ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 69 റണ്‍സിനായിരുന്നു വിദര്‍ഭയുടെ വിജയം.
ജനുവരി 18നാണ് ഫൈനല്‍ മത്സരം. കര്‍ണാടകയാണ് വിദര്‍ഭയുടെ എതിരാളികള്‍. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ഹരിയാനയെ പരാജയപ്പെടുത്തിയാണ് കര്‍ണാടക ഫൈനലിന് യോഗ്യത നേടിയത്.
𝗩𝗶𝗱𝗮𝗿𝗯𝗵𝗮 𝗠𝗮𝗸𝗲 𝗜𝘁 𝗧𝗼 𝗧𝗵𝗲 𝗙𝗶𝗻𝗮𝗹! 👍 👍
The Karun Nair-led unit beat Maharashtra by 69 runs in the Semi Final 2 to set up the #VijayHazareTrophy Final showdown against Karnataka 👌 👌
കര്‍ണാടക ആരാധകരെ സംബന്ധിച്ച് ഈ മത്സരം ഒരേ സമയം സ്‌പെഷ്യലും നിരാശയുണര്‍ത്തുന്നതുമാണ്. വിദര്‍ഭയുടെ നായകന്‍ തങ്ങളുടെ സ്വന്തം കരുണ്‍ നായര്‍ ആണെന്നതാണ് ആരാധകരെ അലട്ടുന്ന വിഷയം.
കര്‍ണാടകയുടെ കളിത്തട്ടകത്തില്‍ കളിച്ചാണ് കരുണ്‍ നായര്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് രംഗത്തേക്ക് കാലെടുത്ത് വെച്ചത്. കര്‍ണാടക അണ്ടര്‍ 16 ടീമിലും അണ്ടര്‍ 19 ടീമിലും കളിച്ച കരുണ്‍ നായര്‍ ആഭ്യന്തര തലത്തില്‍ സ്റ്റേറ്റ് ടീമിനായും കളിച്ചിട്ടുണ്ട്. കര്‍ണാടക പ്രീമിയര്‍ ലീഗിലും കരുണ്‍ നായര്‍ സാന്നിധ്യമായിരുന്നു.
നേരത്തെ കര്‍ണാടകയ്‌ക്കൊപ്പം വിജയ് ഹസാരെ കിരീടവും കരുണ്‍ നായര്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ 2022ല്‍ താരം കര്‍ണാടക ടീമില്‍ നിന്നും പുറത്താവുകയായിരുന്നു.
കര്‍ണാടക ജേഴ്‌സിയില്‍ വിജയ് ഹസാരെ ട്രോഫിയുമായി കരുണ്‍ നായര്‍
സീസണില്‍ കരിയര്‍ ബെസ്റ്റ് ബാറ്റിങ് പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഏഴ് ഇന്നിങ്‌സില്‍ നിന്നും അഞ്ച് സെഞ്ച്വറിയടക്കം 752 റണ്‍സാണ് താരം സ്വന്തമാക്കിയത്. 120+ സ്‌ട്രൈക്ക് റേറ്റില്‍ റണ്ണടിച്ചുകൂട്ടുന്ന താരത്തിന്റെ ഈ സീസണിലെ ബാറ്റിങ് ശരാശരി 752.00 ആണ്!
അതേസമയം, സീസണില്‍ അപരാജിതരായാണ് വിദര്‍ഭ ഫൈനലിന് ടിക്കറ്റെടുത്തിരിക്കുന്നത്.
സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് നേടി. ഓപ്പണര്‍മാരായ യഷ് റാത്തോഡിന്റെയും ധ്രുവ് ഷൂരേയുടെയും സെഞ്ച്വറി കരുത്തിലാണ് വിദര്‍ഭ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.