75.2 അല്ല, ബാറ്റിങ് ശരാശരി 752.00!! ഇനിയെങ്കിലും സെലക്ടര്‍മാര്‍ക്ക് ബോധം വരുമോ?
Sports News
75.2 അല്ല, ബാറ്റിങ് ശരാശരി 752.00!! ഇനിയെങ്കിലും സെലക്ടര്‍മാര്‍ക്ക് ബോധം വരുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th January 2025, 6:21 pm

വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും എതിരാളികള്‍ക്ക് അന്തകനായി വിദര്‍ഭ നായകന്‍ കരുണ്‍ നായര്‍. ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ മഹാരാഷ്ട്രയ്‌ക്കെതിരെയാണ് താരം തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്.

ഇത്തവണയും എതിരാളികള്‍ക്ക് വിദര്‍ഭ നായകന്റെ വിക്കറ്റ് നേടാന്‍ സാധിക്കാതെ വന്നതോടെ താരത്തിന്റെ ബാറ്റിങ് ശരാശരി ഉയര്‍ന്നത് 752.00ലേക്കാണ്. വഡോദര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 44 പന്ത് നേരിട്ട് പുറത്താകാതെ 88 റണ്‍സാണ് താരം സ്വന്തമാക്കിയത്. അഞ്ച് സിക്‌സറും ഒമ്പത് ഫോറും അടക്കം 200.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

 

ടൂര്‍ണമെന്റില്‍ ഇത് ഏഴാം ഇന്നിങ്‌സിനാണ് വിദര്‍ഭ നായകന്‍ ക്രീസിലെത്തിയത്. ഇതില്‍ ആറ് തവണയും കരുണ്‍ നായരെ പുറത്താക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചില്ല. അഞ്ച് സെഞ്ച്വറിയടക്കം ഏഴ് ഇന്നിങ്‌സില്‍ നിന്നും 752 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഉത്തര്‍പ്രദേശിന് മാത്രമാണ് ഇത്തവണ വിദര്‍ഭ നായകന്റെ വിക്കറ്റ് നേടാന്‍ സാധിച്ചത്. എന്നാല്‍ പുറത്താകും മുമ്പേ സെഞ്ച്വറി നേടി ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ കരുണ്‍ ശ്രദ്ധിച്ചിരുന്നു.

തമിഴ്നാടിനെതിരെ തൊട്ടുമുമ്പ് നടന്ന മത്സരത്തില്‍ പുറത്താകാതെ 111 റണ്‍സ് താരം അടിച്ചെടുത്തു. ചണ്ഡിഗഡിനെതിരെ പുറത്താകാതെ 163 റണ്‍സ് നേടിയ താരം ഛത്തീസ്ഗഡിനെതിരെ 44* റണ്‍സും ജമ്മു കശ്മീരീനെതിരെ 112* റണ്‍സും സ്വന്തമാക്കി. രാജസ്ഥാനെതിരെ ഒടുവില്‍ കളിച്ച മത്സരത്തില്‍ 88 പന്ത് നേരിട്ട താരം പുറത്താകാതെ 122 റണ്‍സാണ് കരുണ്‍ നായര്‍ സ്വന്തമാക്കിയത്.

വിരേന്ദര്‍ സേവാഗിന് ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടം സ്വന്തമാക്കിയിട്ടും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതെ കരുണ്‍ നായര്‍ വിസ്മൃതിയിലേക്ക് ആണ്ടുപോവുകയായിരുന്നു.

എന്നാല്‍ ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം ഓരോ തവണയും ആരാധകര്‍ക്ക് വേണ്ടത് നല്‍കി. എന്നാല്‍ സെലക്ടര്‍മാര്‍ക്ക് കരുണ്‍ നായരിന് മുമ്പില്‍ വാതില്‍ കൊട്ടിയടയ്ക്കുകയായിരുന്നു.

ഫോം വീണ്ടെടുക്കാന്‍ സൂപ്പര്‍ താരങ്ങളെ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ നിയോഗിക്കുന്ന മാനേജ്‌മെന്റ്, ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം നടത്തുന്ന കരുണ്‍ നായര്‍ അടക്കമുള്ള താരങ്ങളോട് മുഖം തിരിക്കുന്ന സമീപനത്തെ കുറിച്ചുള്ള ഹര്‍ഭജന്‍ സിങ്ങിന്റെ വാക്കുകള്‍ ഇവിടെ വീണ്ടും പ്രസക്തമാവുകയാണ്.

അതേസമയം, സെമി ഫൈനലില്‍ പടുകൂറ്റന്‍ ടോട്ടലാണ് വിദര്‍ഭ മഹാരാഷ്ട്രയ്ക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍മാര്‍ രണ്ട് പേരും സെഞ്ച്വറി നേടിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സാണ് അടിച്ചെടുത്തത്.

ആദ്യ വിക്കറ്റില്‍ ധ്രുവ് ഷൂരെയും യാഷ് റാത്തോഡും ചേര്‍ന്ന് 224 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. മികച്ച രീതിയില്‍ മുമ്പോട്ട് കുതിച്ച കൂട്ടുകെട്ട് തകര്‍ത്ത് സത്യജീത് ബച്ചാവാണ് മഹാരാഷ്ട്രയ്ക്ക് ശ്വാസമെടുക്കാനുള്ള അവസരം നല്‍കിയത്.

ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ട് തകര്‍ന്നതോടെ ക്യാപ്റ്റന്‍ കരുണ്‍ നായര്‍ ബാറ്റിങ്ങിനിറങ്ങി. ക്രീസില്‍ നിലയുറപ്പിച്ച ധ്രുവ് ഷൂരേയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനൊരുങ്ങിയെങ്കിലും 21 റണ്‍സ് മാത്രമാണ് രണ്ടാം വിക്കറ്റില്‍ പിറന്നത്.

രാജസ്ഥാനെതിരെ സെഞ്ച്വറി നേടിയ ധ്രുവ് ഷൂരെ ഇത്തവണയും ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടു. 120 പന്ത് നേരിട്ട താരം 114 റണ്‍സ് നേടിയാണ് പുറത്തായത്. 14 ഫോറും ഒരു സിക്‌സറുമടക്കം മികച്ച രീതിയില്‍ ബാറ്റിങ് തുടരവെ മുകേഷ് ചൗധരിയുടെ പന്തില്‍ അങ്കിത് ഭാവ്‌നെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

ക്യാപ്റ്റന് കൂട്ടായി ജിതേഷ് ശര്‍മയാണ് നാലാമതായി ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് മഹാരാഷ്ട്രയെ മാറി മാറി പ്രഹരിച്ചു. 49ാം ഓവറിലെ ആദ്യ പന്തില്‍ ജിതേഷിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. 33 പന്ത് നേരിട്ട താരം 51 റണ്‍സാണ് സ്വന്തമാക്കിയത്.

ശേഷമെത്തിയ ശുഭം ദുബെയെ കാഴ്ചക്കാരനാക്കി ക്യാപ്റ്റന്‍ വെടിക്കെട്ട് നടത്തിയതോടെ വിദര്‍ഭ മൂന്ന് വിക്കറ്റിന് 380ലെത്തി. പുറത്താകാതെ 88 റണ്‍സ് നേടിയ ക്യാപ്റ്റനൊപ്പം രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായി ദുബെയും പുറത്താകതെ നിന്നു.

മഹാരാഷ്ട്രയ്ക്കായി മുകേഷ് ചൗധരി രണ്ട് വിക്കറ്റെടുത്തപ്പോള്‍ സത്യജീത് ബച്ചാവ് ഒരു വിക്കറ്റും നേടി.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ജനുവരി 18ന് നടക്കുന്ന ഫൈനലില്‍ കര്‍ണാടകയെ നേരിടും. വഡേദരയാണ് കലാശപ്പോരാട്ടത്തിന് വേദിയാകുന്നത്.

 

Content Highlight: Karun Nair continues his explosive batting performance in Vijay Hazare Trophy