34 വര്‍ഷത്തെ കരിയറില്‍ ഇങ്ങനെയൊന്ന് ആദ്യം, ജന നായകന്‍ വൈകുന്നതിനിടെ വല്ലാത്തൊരു റെക്കോഡുമായി വിജയ്
Indian Cinema
34 വര്‍ഷത്തെ കരിയറില്‍ ഇങ്ങനെയൊന്ന് ആദ്യം, ജന നായകന്‍ വൈകുന്നതിനിടെ വല്ലാത്തൊരു റെക്കോഡുമായി വിജയ്
അമര്‍നാഥ് എം.
Tuesday, 24th February 2026, 10:48 am

കരിയറിന്റെ ഏറ്റവും പീക്ക് ഫോമില്‍ നില്‍ക്കുന്നതിനിടെ സിനിമാജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന് തമിഴ് താരം വിജയ് പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം രണ്ട് സിനിമകളാണ് വിജയ്‌യുടേതായി ഒരുങ്ങിയത്. ഇതില്‍ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം മാത്രമേ റിലീസ് ചെയ്തുള്ളൂ.

വിജയ്‌യുടെ അവസാനചിത്രമെന്ന നിലയില്‍ മാര്‍ക്കറ്റ് ചെയ്ത ജന നായകന്‍ ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല. സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടാണ് ചിത്രത്തെ തടഞ്ഞുവെച്ചിരിക്കുന്നത്. നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി ലഭിക്കാത്തതിനാല്‍ കേസ് പിന്‍വലിക്കുകയായിരുന്നു. ഈയടുത്തൊന്നും ജന നായകന്‍ തിയേറ്ററുകളിലെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ജന നായകന്‍ Photo: KVN Productions/ X.com

ഇതോടെ കരിയറിലെ വല്ലാത്തൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് തമിഴകത്തിന്റെ ദളപതി. താരത്തിന്റെ സിനിമകള്‍ക്കിടയില്‍ വലിയൊരു ഗ്യാപ്പാണ് ഗോട്ടിന് ശേഷം വന്നത്. വിജയ്‌യുടെ ഒരു ചിത്രം തിയേറ്ററുകളിലെത്തിയിട്ട് 530ലധികം ദിവസങ്ങളായിരിക്കുകയാണ്. 34 വര്‍ഷത്തെ കരിയറില്‍ ഇത്രയും വലിയൊരു ഇടവേള വിജയ്ക്ക് വന്നിട്ടില്ല.

2019ല്‍ റിലീസായ ബിഗിലിന് ശേഷം ഇത്തരമൊരു ഗ്യാപ് വിജയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ബിഗിലിന് ശേഷം അടുത്ത ചിത്രമായ മാസ്റ്റര്‍ തിയേറ്ററുകളിലെത്താന്‍ 446 ദിവസം കാത്തിരിക്കേണ്ടി വന്നിരുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ കാരണമാണ് ഇത്തരമൊരു ഗ്യാപ് വന്നത്. എന്നാല്‍ ഇപ്പോള്‍ നേരിടേണ്ടി വന്ന ഗ്യാപ് ആരാധകര്‍ പോലും ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.

ജന നായകന്‍ Photo: Screen grab/ KVN Productions

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പറഞ്ഞ സമയത്ത് റിലീസാകാന്‍ സാധിക്കാത്ത ഒരേയൊരു വിജയ് സിനിമയും കൂടിയാണ് ജന നായകന്‍. ഫസ്റ്റ് ലുക്ക് പുറത്തുവിടുമ്പോള്‍ തന്നെ റിലീസ് ഡേറ്റും അണിയറപ്രവര്‍ത്തകര്‍ അറിയിക്കാറുണ്ട്. ജന നായകനും അത്തരത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ റിലീസ് തിയതിയും അറിയിച്ചിരുന്നു. എന്നാല്‍ റിലീസിന് രണ്ട് ദിവസം ബാക്കിയുള്ളപ്പോഴായിരുന്നു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ റിലീസ് മാറ്റിവെക്കേണ്ടി വന്നത്.

ഈ വര്‍ഷം പൊങ്കലിന് എത്തിക്കാനായിരുന്നു നിര്‍മാതാക്കള്‍ ഉദ്ദേശിച്ചത്. കോടതിയില്‍ നിന്ന് കേസ് പിന്‍വലിച്ചതിന് ശേഷം ഈ മാസം ചിത്രം തിയേറ്ററുകളിലെത്തിക്കാനായിരുന്നു പിന്നീടുള്ള പ്ലാന്‍. എന്നാല്‍ റിവൈസിങ് കമ്മിറ്റി രൂപീകരിക്കാത്തതിനാല്‍ റിലീസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പെങ്കിലും ജന നായകനെ തിയേറ്ററുകളിലെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

Content Highlight: Vijay facing longest gap between two films in his career after delay of Jana Nayagan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം